Connect with us

Kozhikode

ഗ്രാൻഡ് മുഫ്തി പദവി അർഹിക്കുന്ന അംഗീകാരം: നേതാക്കൾ

Published

|

Last Updated

കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായി തിരഞ്ഞടുക്കപ്പെട്ട കാന്തപുരത്തെ പ്രകീർത്തിച്ച് നേതാക്കൾ. മുതലക്കുളത്ത് ഇന്നലെ നടന്ന സ്വീകരണസമ്മേളനത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ കാന്തപുരത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചത്.

നിയമസഭാ സ്പീക്കറും മന്ത്രിമാരും ഉൾപ്പെടെയുള്ള നേതാക്കൾ കാന്തപുരത്തിന്റെ സാമൂഹിക പരിഷ്‌കരണ മുന്നേറ്റങ്ങൾ എടുത്തുപറഞ്ഞു.
ഗ്രാൻഡ് മുഫ്തി പദം കാന്തപുരത്തിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണെന്ന് ഉദ്ഘാടനം ചെയ്ത സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. സുന്നി സമൂഹവും കാന്തപുരവും മുന്നോട്ടുവെക്കുന്ന വൈജ്ഞാനിക, സാമൂഹിക മുന്നേറ്റങ്ങളും സവിശേഷമായ നിലപാടുകളും സ്ഥാനലബ്ധിക്ക് നിമിത്തമായെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കാന്തപുരത്തെ ഷാളണിയിച്ചു.
കേരളത്തിൽ നിന്നുള്ള പണ്ഡിതന് പദവി ലഭിച്ചത് സംസ്ഥാനത്തിനാകെ ആഹ്ലാദം പകരുന്നതാണെന്ന് മുഖ്യാതിഥി മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.

മലയാളികൾക്ക് അഭിമാന നിമിഷമാണിതെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ ചൂണ്ടിക്കാട്ടി. ജീവിതം സുന്നി പ്രസ്ഥാനത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച നേതാവാണ് കാന്തപുരമെന്നും അദ്ദേഹത്തിന് അർഹതപ്പെട്ട സ്ഥാനമാണിതെന്നും മേയർ പറഞ്ഞു. അതുല്യനായ സംഘാടകനും ധൈഷണിക ഔന്നത്യമുള്ളയാളുമാണ് കാന്തപുരമെന്ന് പ്രദീപ് കുമാർ എം എൽ എ പറഞ്ഞു. ജനങ്ങളല്ല, അല്ലാഹുവാണ് കാന്തപുരത്തെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കോഴിക്കോട് ബിഷപ്പ് തോമസ് പനക്കൽ പറഞ്ഞു. ജനങ്ങളെ രക്ഷിക്കാനാണ് കാന്തപുരത്തെ അല്ലാഹു മുഫ്തിയായി തിരഞ്ഞെടുത്തിരിക്കുന്നത്. കാന്തപുരത്തിന്റെ വിദ്യാഭ്യാസ മേഖലയിലെയും സാമൂഹിക മേഖലയിലെയും പ്രവർത്തനങ്ങൾ പ്രശംസിച്ച ബിഷപ്പ്, പദവികൾ സമൂഹത്തിന്റെ സേവനത്തിന് വേണ്ടിയുള്ളതാണെന്ന് പറഞ്ഞു. സേവനങ്ങൾ ചെയ്യുമ്പോൾ വേദനകൾ അനുഭവിക്കുക സ്വാഭാവികമാണ്.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ട കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാര്‍ക്ക് മുതലക്കുളത്ത് പൗരാവലി നല്‍കിയ സ്വീകരണത്തില്‍ പ്രദീപ് കുമാര്‍ എം എല്‍ എയും കോഴിക്കോട് ബിഷപ്പ് റവ : ഡോക്ടര്‍ തോമസ് പനക്കലും ചേര്‍ന്ന് ഹാരമണിയിക്കുന്നു

വേദനയില്ലാതെ സേവനമില്ല. വിമർശിക്കുന്നവരെ വിമർശിക്കാത്ത കാന്തപുരത്തിന്റെ സ്വഭാവം വലിയ അനുഗ്രഹമാണെന്നും ബിഷപ്പ് പറഞ്ഞു. സാമൂഹിക പ്രവർത്തനങ്ങൾ തുടർന്നുപോകാൻ കാന്തപുരത്തിന് കഴിയട്ടെയെന്ന് ചരിത്രകാരൻ ഡോ. എം ജി എസ് നാരായണൻ ആശംസിച്ചു. കാന്തപുരത്തിന്റെ പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളും അംഗീകരിച്ചതാണെന്നും തന്റെ പ്രവർത്തനങ്ങളിലൂടെ മുസ്‌ലിം സമൂഹത്തെ അദ്ദേഹം ബഹുദൂരം മുന്നിലെത്തിച്ചിരിക്കുകയാണെന്നും കർണാടക നഗര വികസന മന്ത്രി യു ടി ഖാദർ പറഞ്ഞു. കാന്തപുരത്തിന്റെ സ്ഥാനലബ്ധി ദക്ഷണിന്ത്യക്ക് അഭിമാനമാണെന്ന് കർണാടക നഗര വികസന മന്ത്രി റഹീം ഖാൻ പറഞ്ഞു.
കേരളത്തിലെന്നല്ല, എല്ലാ സംസ്ഥാനങ്ങളിലും കാന്തപുരത്തിന്റെ പ്രസ്ഥാനം പടർന്ന് പന്തലിച്ചിരിക്കുകയാണെന്ന് സി പി കുഞ്ഞുമുഹമ്മദ് പറഞ്ഞു. എം എ ഉസ്താദ് രചിച്ച സമ്‌സ്തയുടെ ചരിത്രം എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശനം സ്പീക്കർ, മദ്‌റസാധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ അബ്ദുൽ ഗഫൂർ സൂര്യക്ക് നൽകി പ്രകാശനം ചെയ്തു.

ഗ്രാന്‍ഡ് മുഫ്തിക്ക് സ്വീകരണം