ലക്ഷങ്ങളുടെ മോഷണം നടത്തി മുംബൈയില്‍നിന്നും മുങ്ങിയ യുവതി മൂന്നാറില്‍ പിടിയിലായി

Posted on: March 1, 2019 11:36 am | Last updated: March 1, 2019 at 12:42 pm

ഇടുക്കി: മോഷണം നടത്തി മുംബൈയില്‍ നിന്നും മുങ്ങിയ ഹോം നഴ്‌സിനെ മുന്നാറില്‍നിന്നും മുംബൈ പോലീസ് പിടികൂടി. കണ്ണന്‍ ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ ഉമാമഹേശ്വരി(24)യെയാണ് മൂന്നാര്‍ പോലീസിന്റെ സഹായത്തോടെ മുംബൈ പോലീസ് പിടികൂടിയത്.

ഉമാ മഹേശ്വരി ജോലി ചെയ്യുന്ന വീട്ടില്‍നിന്നും പലപ്പോഴായി സ്വര്‍ണാഭരണങ്ങളും ഡയമന്റുകളും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ആദ്യം പരാതി നല്‍കാന്‍ വീട്ടുടമ തയ്യാറായിരുന്നില്ല. ഉമാ മഹേശ്വരി പെട്ടന്ന് ജോലി ഉപേക്ഷിച്ച് മുബൈയില്‍നിന്നും മുങ്ങിയതോടെയാണ് വീട്ടുടമക്ക് സംശയം തോന്നിയത്. തുടര്‍ന്ന് വീട്ടുടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മുംബൈയില്‍നിന്നും പരിചയപ്പെട്ട് വിവാഹം കഴിച്ച ഹിരണ്‍ സിന്റയെന്ന യുവാവുമായി ചേര്‍ന്നാണ് ഹോട്ടലുടമയുടെ വീട്ടില്‍നിന്നും സ്വര്‍ണാഭരണങ്ങളും ഡയമന്റുകളും മോഷ്ടിച്ചത്. ഏകദേശം 20 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്. മൂന്നാറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചിരുന്ന ഏഴ് ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു. പ്രതിയെ ഇന്ന് മുംബൈയിലേക്ക് കൊണ്ടുപോകും.