ഏതു സാഹചര്യവും നേരിടാന്‍ സൈന്യം സുസജ്ജം: സൈനിക മേധാവികള്‍

Posted on: February 28, 2019 8:18 pm | Last updated: February 28, 2019 at 11:48 pm

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യ സുസജ്ജമാണെന്ന് സൈനിക മേധാവികള്‍. കര-നാവിക-വ്യോമ സേനാ മേധാവികളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കും.

അതിര്‍ത്തി ലംഘിച്ച് ഇന്ത്യയുടെ ഭാഗത്തേക്കു പ്രവേശിച്ച പാക് വിമാനങ്ങളെ തുരത്താന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പാക് വ്യോമസേന എഫ് -16 പോര്‍വിമാനം ഉപയോഗിച്ച് ആക്രമണങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കിഴക്കന്‍ രജൗരിയില്‍ പാക് സേന പ്രയോഗിച്ച മിസൈലിന്റെയും മറ്റും അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ സൈനിക മേധാവികള്‍ പ്രദര്‍ശിപ്പിച്ചു.

മിസൈലാക്രമണം നടത്തിയ എഫ്-16 വിമാനത്തെ ഇന്ത്യയുടെ മിഗ് 21 ബിസോണ്‍ ഉപയോഗിച്ചു വെടിവച്ചിട്ടു. രണ്ടു ദിവസത്തിനകം 35 തവണയാണ് അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചത്. ഭീകരവാദികള്‍ക്കു പിന്തുണയും പ്രചോദനവും പാക്കിസ്ഥാന്‍ അവസാനിപ്പിക്കാന്‍ തയാറാകണമെന്ന് മേജര്‍ ജനറല്‍ സുരേന്ദ്ര സിംഗ് മഹാല്‍ ആവശ്യപ്പെട്ടു.

ലക്ഷ്യം നേടുന്നതില്‍ ഇന്ത്യ വിജയിച്ചതായി എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ ജി കെ കപൂര്‍ പറഞ്ഞു. ഭീകരത്താവളങ്ങള്‍ പലതും തകര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കൊലപ്പെടുത്തിയ ഭീകരരുടെ എണ്ണം ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പ്രതികരിച്ചു. വിംഗ് കമാന്‍ഡര്‍ അഭിനന്ദനനെ മോചിപ്പിക്കുമെന്ന പാക്കിസ്ഥാന്റെ പ്രഖ്യാപനം സന്തോഷം നല്‍കുന്നതാണെന്നും എയര്‍ വൈസ് മാര്‍ഷല്‍ വ്യക്തമാക്കി.

തങ്ങളുടെ കസ്റ്റഡിയിലുള്ള അഭിനന്ദനനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചതിനു പിന്നാലെയാണ് വൈകിട്ട് സൈനിക മേധാവികള്‍ മാധ്യമങ്ങളെ കണ്ടത്.