കാട്ടുതീ; സമൂഹ മാധ്യമങ്ങളുടെ സേവനം ഉപയോഗിച്ച് വനം വകുപ്പ്

Posted on: February 28, 2019 11:44 am | Last updated: February 28, 2019 at 11:46 am

നിലമ്പൂര്‍: കാട്ടുതീ നിയന്ത്രണത്തിനായി വാട്‌സാപ്പ് ഗ്രൂപ്പുകളുടെ സേവനം ഉപയോഗിച്ച് വനം വകുപ്പ്. പെരിന്തല്‍മണ്ണ, അരീക്കോട് ഭാഗങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകരുടെ ഗ്രൂപ്പുകള്‍ സജീവമാണെന്ന് നിലമ്പൂര്‍ സൗത്ത് ഡി എഫ് ഒ വി സജികുമാര്‍ പറഞ്ഞു. സൗത്ത് ഡി എഫ് ഒ പരിധിയിലുള്ള അരീക്കോട് ‘കാട്ടുതീ സന്നദ്ധ ടീം’ എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ബന്ദിപ്പൂര്‍ മേഖലകളിലടക്കം തീ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

കാട്ടുതീ നിയന്ത്രണത്തിനായി കൂടുതല്‍ വാച്ചര്‍മാരെയും ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും 55 ഓളം പേരെ ഇത്തരത്തില്‍ കൂടുതലായി നിയമിച്ചതായി ഡി എഫ് ഒ പറഞ്ഞു. ആദിവാസി ഊരുകള്‍, വന സംരക്ഷണ സമിതികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് നിയമനം. സൗത്ത് ഡിവിഷനില്‍ ഇതുവരെ വലിയ അപകടങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ സാമൂഹികവിരുദ്ധരുടെ പ്രവര്‍ത്തനങ്ങളിലടക്കം മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ഡി എഫ് ഒ പറഞ്ഞു. കടുത്ത ചൂടിനെ തുടര്‍ന്ന് സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്തിയ നെടുങ്കയം, കൊടികുത്തിമല എന്നിവിടങ്ങളില്‍ ഇനി മഴക്കാലമായാല്‍ മാത്രമേ സന്ദര്‍ശകരെ അനുവദിക്കുകയുള്ളൂവെന്നും ഡി എഫ് ഒ പറഞ്ഞു.