സ്ഥിരീകരിച്ച് ഇന്ത്യ: ബാലാകോട്ടിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്തതായി വിദേശകാര്യ മന്ത്രാലയം

Posted on: February 26, 2019 11:49 am | Last updated: February 26, 2019 at 7:23 pm

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. ജനവാസമില്ലാത്ത വനത്തിലെ മലമുകളിലെ ഭീകര ക്യാമ്പുകളിലാണ് ആക്രമണം നടത്തിയതെന്നും സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ഗോഖലെ പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ ജയ്‌ഷെ മുഹമ്മദിന്റെ ഭീകരരും പരിശീലനം ലഭിച്ച ഭീകരരും ഉണ്ട്. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ ഭാര്യ സഹോദരനും ജയ്‌ഷെ കമാന്‍ഡറുമായ യുസഫ് അസറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ഫിയാദീന്‍ തീവ്രവാദികളെ പരിശീലിപ്പിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാനില്‍നിന്നുള്ള വിവരങ്ങള്‍തന്നെ ഉപയോഗിച്ച് ജയ്‌ഷെയുടെ ഏറ്റവും വലിയ ക്യാമ്പ് ആക്രമിച്ച് ഇല്ലാതാക്കുകയായിരുന്നു. ആക്രമണം അനിവാര്യമായിരുന്നുവെന്നു. എന്നാല്‍ ഇത് പാക്കിസ്ഥാനെതിരായ സൈനിക നീക്കമല്ല. മറിച്ച് പ്രതിരോധ നീക്കമാണെന്നും ഗോഖലെ വ്യക്തമാക്കി. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടൊന്നും പ്രതികരിക്കാന്‍ ഗോഖലെ തയ്യാറായില്ല.