സർക്കാർ ബ്ലോക്‌ചെയിൻ പരിശീലനം നേടിയവർക്ക് ഐടി കമ്പനികളിൽ നിയമനം

Posted on: February 25, 2019 8:11 pm | Last updated: February 25, 2019 at 8:11 pm

തിരുവനന്തപുരം: ഏറെ തൊഴിൽ സാധ്യതകളുള്ള ആധുനിക വിവരസാങ്കേതിക മേഖലയായ ബ്ലോക്‌ചെയിനിൽ പരിശീലനം നേടിയവർക്ക് ഐ ടി കമ്പനികളിൽ നിയമനം ലഭിക്കും. സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡിവലപ്‌മെന്റ് ആൻഡ് ഇനവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിസ്‌ക്) നടത്തുന്ന പരിശീലന പദ്ധതി പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് നിയമനം നൽകാൻ പ്രമുഖ ഐടി കമ്പനികൾ തയ്യാറായിട്ടുണ്ട്.

ആക്‌സിലറേറ്റഡ് ബ്ലോക്‌ചെയിൻ കോംപീറ്റൻസി ഡിവലപ്‌മെന്റ് (എ ബി സി ഡി) എന്ന പേരിൽ ഇന്ത്യയിലാദ്യമായി നടപ്പാക്കിയ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് നിയമനം നൽകാൻ ഐ ബി എസ്, സൺ ടെക്, യു എസ് ടി ഗ്ലോബൽ, ഏണസ്റ്റ് ആൻഡ് യംഗ് തുടങ്ങിയ കമ്പനികളാണ് മുന്നോട്ട് വന്നിട്ടുള്ളത്. ഇതിന് പുറമെ ഫയ ഇനവേഷൻസ്, യുവിയോണിക്‌സ് ടെക്, മൊസാൻറാ ടെക്‌നോളജീസ്, ലോഗിഡോട്‌സ് ടെക്‌നോളജീസ്, ട്രിയാസിക് സൊല്യൂഷൻസ്, നെറ്റ് ഓബ്ജക്ട്‌സ്, ന്യുവെൻറോ ടെക്‌നോളജീസ്, എസ് എൻ വൈ എം ടെക്‌നോളജീസ്, ഡയഗ്‌നൽ ടെക്‌നോളജീസ് എന്നിവയും ഇവരെ നിയമിക്കാൻ തയാറായിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂലൈയിലാണ് എ ബി സി ഡി പ്രോഗ്രാമിന് തുടക്കമിട്ടത്. കൂടുതൽ കമ്പനികൾ ഭാവി ബാച്ചുകളിൽ താത്പര്യം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കോഴ്‌സിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. എൻജിനീയറിംഗ് ഡിപ്ലോമക്കാർക്കും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും അപേക്ഷിക്കാം. ജോലിയുള്ളവർക്ക് വാരാന്ത്യ പരിശീലനം ലഭ്യമാക്കും.
രണ്ട് ഭാഗമായുള്ള സർട്ടിഫിക്കേഷനാണ് പരിശീലനത്തിലൂടെ നൽകുന്നത്. സ്‌കിൽ സർട്ടിഫിക്കറ്റും ഇൻറർമീഡിയറ്റ് തലത്തിൽ ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യാ സർട്ടിഫിക്കറ്റും. ഫുൾസ്റ്റാക്കിന് 124 മണിക്കൂർ ദൈർഘ്യമുണ്ടായിരിക്കും. സർക്കാറിന് കീഴിലുള്ള ഐ സി ടി അക്കാദമിയാണ് ഈ കോഴ്‌സ് വികസിപ്പിച്ച് പരിശീലിപ്പിക്കുന്നത്. ബ്ലോക്‌ചെയിൻ പരീശീലന പരിപാടി മൂന്ന് മൊഡ്യൂളുകളിലാണ് തയാറാക്കിയിരിക്കുന്നത്. ഐ ഐ ഐ ടി എം കെയിലെ ഗവേഷണ, വികസന വിഭാഗമായ കേരള ബ്ലോക്‌ചെയിൻ അക്കാദമിയാണ് ഇത് വികസിപ്പിച്ച് പരിശീലിപ്പിക്കുന്നത്.