Gulf
ജി സി സി രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു
ദുബൈ: ജി സി സി രാജ്യങ്ങളുടെ സംയുക്ത സേനയായ പെനിന്‍സുല ഷീല്‍ഡിന്റെ പത്താമത് സൈനിക അഭ്യാസപ്രകടനങ്ങള്‍ സഊദിയിലെ കിഴക്കന്‍ പ്രവിശ്യയായ ദമാമില്‍ ആരംഭിച്ചു. യു എ ഇ, സഊദി, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് സേനകള്‍ക്ക് പുറമെ സൈനികാഭ്യാസപരിപാടികളില്‍ ഖത്വറും പങ്കെടുക്കുന്നുണ്ട്.
ജി സി സി കൗണ്‍സിലിന്റെ സഹകരണത്തോടെ സഊദി പ്രതിരോധ മന്ത്രാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സൈനിക പരിശീലന അഭ്യാസമാണിത്.
സൈനികമേഖലയിലെ തന്ത്രപ്രധാന പദ്ധതികള്‍, ആശയങ്ങള്‍ എന്നിവയുടെ ഏകീകരണം, ജി സി സി രാജ്യങ്ങളില്‍ നിന്നും പങ്കെടുക്കുന്ന സേനകള്‍ക്കിടയിലെ യോജിപ്പ്, പരസ്പര ഏകോപനവും സഹകരണവും വര്‍ധിപ്പിക്കല്‍ എന്നിവയാണ് മാര്‍ച്ച് 12 വരെ നടക്കുന്ന സൈനിക അഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത്. ജി സി സി രാജ്യങ്ങളിലെ കര-നാവിക-വ്യോമ സേനകളാണ് സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്.




