Connect with us

Gulf

സ്തനാര്‍ബുദ ബോധവത്കരണവുമായി പിങ്ക് കാരവന്‍ യാത്രക്ക് തുടക്കം

Published

|

Last Updated

ഷാര്‍ജ: ഫ്രണ്ട്‌സ് ഓഫ് ക്യാന്‍സര്‍ പേഷ്യന്റ്‌സി (എഫ് ഒ സി പി)ന്റെ ആഭിമുഖ്യത്തില്‍ സ്താനാര്‍ബുദ ബോധവത്കരണ ക്യാമ്പയിന് പിങ്ക് കാരവന് ഷാര്‍ജ ഇക്യുസ്ട്രിയന്‍ ആന്‍ഡ് റേസിംഗ് ക്ലബ്ബില്‍ നിന്ന് തുടക്കമായി.

സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെയും പത്‌നിയും എഫ് ഒ സി പി സ്ഥാപകയുമായ ശൈഖ ജവഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെയും സാന്നിധ്യത്തിലായിരുന്നു ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ബോധവത്കരണ പ്രയാണത്തിന്റെ തുടക്കം.
150ലധികം കുതിരകളും യാത്രയിലുണ്ട്. ഏഴ് എമിറേറ്റുകളിലായി 154 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന യാത്രയില്‍ മെഡിക്കല്‍, കമ്മ്യൂണിറ്റി സന്നദ്ധ സേവകരും പങ്കെടുക്കുന്നുണ്ട്. സ്തനാര്‍ബുദം മുന്‍കൂട്ടി തടയേണ്ടതിന്റെ ആവശ്യകതയും ചികിത്സാ രീതിയേയും കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയാണ് യാത്രയുടെ ലക്ഷ്യം.
ഉദ്ഘാടന ചടങ്ങില്‍ ഷാര്‍ജ ഇക്യുസ്ട്രിയന്‍ ആന്‍ഡ് റേസിംഗ് ക്ലബ്ബ് ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ മാജിദ് അല്‍ ഖാസിമി, ക്ലബ്ബ് ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ ഖലീഫ അല്‍ യഹ്‌യി, ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി, ഷാര്‍ജ പോലീസ് മേധാവി മേജര്‍ ജനറല്‍ സൈഫ് അല്‍ സരി അല്‍ ശംസി, ഷാര്‍ജ എയര്‍പോര്‍ട് അതോറിറ്റി ചെയര്‍മാന്‍ അലി സലാലിം അല്‍ മദ്ഫ, ഷാര്‍ജ ഗവണ്‍മെന്റ് മീഡിയ ബ്യൂറോ ഡയറക്ടര്‍ താരീഖ് സഈദ് അലായ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് “സ്തനാര്‍ബുദ നിയന്ത്രണം” എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. എഫ് ഒ സി പി ഡയറക്ടര്‍ ജനറല്‍ ഡോ. സ്വാസന്‍ അല്‍ മദ്ബി മോഡറേറ്ററായിരുന്നു. യു എ ഇ ആരോഗ്യ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ റാന്‍ദ്, ഈസ്റ്റേണ്‍ മെഡിറ്ററേനിയന്‍ എന്‍ സി ഡി അലയന്‍സ് അധ്യക്ഷന്‍ ഡോ. ഇബ്തിഹാല്‍ ഫാദില്‍, സ്തനാര്‍ബുദത്തെ അതിജീവിച്ച യു എ ഇ പൗര നവാല്‍ മുഹമ്മദ് എന്നിവരും സെമിനാറില്‍ സംസാരിച്ചു.

Latest