Connect with us

National

അരുണാചലില്‍ സംഘര്‍ഷം രൂക്ഷം; ഉപ മുഖ്യമന്ത്രിയുടെ വീട് കത്തിച്ചു, നിരോധനാജ്ഞ

Published

|

Last Updated

ഇറ്റാനനഗര്‍: അരുണാചല്‍ പ്രദേശില്‍ സമരക്കാര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം രൂക്ഷമാകുന്നു. ഞായറാഴ്ച ഉപ മുഖ്യമന്ത്രി ചൗന മെയ്‌ന്റെ ബംഗ്ലാവ് പ്രതിഷേധക്കാര്‍ കത്തിച്ചു. സംഭവ സമയത്ത് ചൗന വീട്ടിലുണ്ടായിരുന്നില്ല. ജില്ലാ പോലീസ് കമ്മീഷണറുടെ വസതിയും പ്രതിഷേധക്കാര്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് പരുക്കേറ്റു.

സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ഇറ്റാനഗറില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു.

പെര്‍മനന്റ് റസിഡന്റ് സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ശിപാര്‍ശകള്‍ക്കെതിരെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ശിപാര്‍ശ പ്രകാരം പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന ചില വിഭാഗങ്ങള്‍ക്കു പ്രദേശത്തു താമസം തുടരുക സാധ്യമല്ലാതെ വരും. ഇതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.

കഴിഞ്ഞ ദിവസം വൈകീട്ട് സമരാനുകൂലികള്‍ 50 കാറുകള്‍ തീവച്ച് നശിപ്പിക്കുകയും നൂറിലേറെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പുറമെ അഞ്ചു തിയേറ്ററുകള്‍ കത്തിക്കുകയും ചലച്ചിത്ര മേളക്കു നാഗാലന്‍ഡില്‍ നിന്നെത്തിയ സംഗീത ഗ്രൂപ്പിനെ അക്രമിക്കുകയും ചെയ്തു.

Latest