ഒ ഐ സി സമ്മേളനത്തിലേക്കു ഇന്ത്യക്കു ക്ഷണം; പങ്കെടുക്കുന്നതില്‍ അതിയായ സന്തോഷമെന്ന് വിദേശകാര്യ മന്ത്രാലയം

Posted on: February 24, 2019 12:15 pm | Last updated: February 24, 2019 at 2:03 pm

ന്യൂഡല്‍ഹി: ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്റെ (ഒ ഐ സി) സമ്മേളനത്തിലേക്ക് ചരിത്രത്തിലാദ്യമായി ഇന്ത്യക്കു ക്ഷണം. മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ അബൂദബിയില്‍ നടക്കുന്ന 46ാം സമ്മേളനത്തിലേക്ക് നിരീക്ഷക രാജ്യമായാണ് ഇന്ത്യയെ ക്ഷണിച്ചിട്ടുള്ളത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ത്യയെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ പങ്കെടുക്കും.

‘ഇന്ത്യയുമായി ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള യു എ ഇ നേതൃത്വത്തിന്റെ താത്പര്യത്തിന്റെ ഭാഗമായാണ് ക്ഷണത്തെ കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയും യു എ ഇയും തമ്മിലുള്ള തന്ത്രപരവും വിശാലവുമായ സഹകരണത്തിലെ നാഴികക്കല്ലാണ് സമ്മേളനത്തിലേക്കുള്ള ക്ഷണം. ഇന്ത്യയിലെ 18.5 കോടി മുസ്‌ലിങ്ങള്‍ക്കും അവര്‍ നല്‍കിയ സംഭാവനകള്‍ക്കും ലഭിക്കുന്ന അംഗീകാരം കൂടിയാണിത്. ഒ ഐ സി സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. യു എ ഇ സര്‍ക്കാരിന് നന്ദി പറയുന്നു.’- വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്‌ലാമിക സഹകരണത്തിന്റെ അമ്പതു വര്‍ഷം: അഭിവൃദ്ധിക്കും വികസനത്തിനുമായുള്ള ദിശാവലംബം’ എന്നതാണ് ഇത്തവണത്തെ സമ്മേളന വിഷയം. 56 അംഗരാഷ്ട്രങ്ങളും അഞ്ച് നിരീക്ഷക രാഷ്ട്രങ്ങളുമാണ് സമ്മേളനത്തില്‍ സംബന്ധിക്കുക.