Connect with us

Gulf

കാത്തിരിപ്പിന് വിരാമം : കരിപ്പൂരില്‍ പുതിയ ടെര്‍മിനല്‍ യാത്രക്കാര്‍ക്കായി തുറന്ന് കൊടുത്തു

Published

|

Last Updated

ദമ്മാം :രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കരിപ്പൂരില്‍ പുതിയ ടെര്‍മിനല്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു .
രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 120 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്കായി തുറന്ന് കൊടുത്തത്. ടെര്‍മിനല്‍ തുറന്നതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ ടെര്‍മിനല്‍ എന്ന പദവി കൂടി കരിപ്പൂരിന് സ്വന്തമാകുകയാണ്.

1988 ഏപ്രില്‍ 13ന് ആഭ്യന്തര വിമാന സര്‍വീസോടെ പ്രവര്‍ത്തനം ആരംഭിച്ച കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും 1992 ലാണ് ആദ്യമായി അന്താരാഷ്ട്ര വിമാന സര്‍വീസ് ഷാര്‍ജയിലേക്ക് ആരംഭിക്കുന്നത്. 2006 ല്‍ കരിപ്പൂരിന് അന്താരാഷ്ട്ര പദവി നല്‍കി ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലെ വിമാന കമ്പനികളായ സൗദി എയര്‍ലൈന്‍സ്, ഇത്തിഹാദ് എയര്‍, എമിറേറ്റ്‌സ്, എയര്‍ അറേബ്യ , ഖത്തര്‍ എയര്‍വേസ്, തുടങ്ങിയ വിമാന കമ്പനികള്‍ സര്‍വ്വീസ് ആരംഭിച്ചു.

2015 മേയ് ഒന്നിന് റണ്‍വേ ഭാഗികമായി അടച്ചിട്ടതോടെ വലിയ വിമാന സര്‍വ്വീസ് നടത്തിയിരുന്ന സഊദി എയര്‍ലൈന്‍സും, എമിറേറ്റ്‌സും കരിപ്പൂരില്‍ നിന്നും പിന്‍വാങ്ങി. എസ്.വൈ.എസ് ,ഐ.സി.എഫ് ഗള്‍ഫ് കൗണ്‍സില്‍ , മലബാര്‍ ഡെവലപ്‌മെന്റ് ഫോറം തുടങ്ങിയ സംഘടനകളുടെ പ്രക്ഷോഭങ്ങളുടെ ഭാഗമായി 2018 ഡിസംബറിലാണ് സഊദി അടക്കമുള്ള വിമാനങ്ങള്‍ കരിപ്പൂരിലേക്ക് വീണ്ടും സര്‍വ്വീസ് ആരംഭിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയത് .ആധുനിക സംവിധാനങ്ങളാണ് പുതിയ ടെര്‍മിനലില്‍ യാത്രികര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത് . 20 കസ്റ്റംസ് കൗണ്ടറുകള്‍ , 38 എമിഗ്രേഷന്‍ കൗണ്ടറുകള്‍ എന്നിവ സജ്ജീകരിച്ചതോടെ ഇനിമുതല്‍ യാത്രക്കാരുടെ പരിശോധനാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കനാവും .ഇതോടെ അന്താരാഷ്ട്ര ടെര്‍മിനല്‍ വഴി വരുന്ന യാത്രക്കാര്‍ക്ക് ബാഗേജിനായി മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവരില്ല .മുപ്പത് മിനുട്ടിനകം യാത്രക്കാര്‍ക്ക് പുറത്ത് കടക്കാന്‍ കഴിയുന്ന രീതിയിലാണ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി പ്രത്യേക ലോഞ്ച്, പ്രാര്‍ത്ഥന മുറികള്‍, വിഐപി യാത്രക്കാര്‍ക്കായി എക്‌സിക്യൂട്ടീവ് ലോഞ്ച്, സന്ദര്‍ശക ഗാലറി എന്നിവയും പുതിയ ടെര്‍മിനലില്‍ സജീകരിച്ചിട്ടുണ്ട് .

മണിക്കൂറില്‍ 1527 യാത്രക്കാര്‍ക്ക് പുതിയ ടെര്‍മിനല്‍ വഴി യാത്രാചെയ്യാനാവും .ഇതോടെ പുതിയ ടെര്‍മിനല്‍ മലബാറിന്റെ വികസനകുതിപ്പിലേക്ക് പുതിയൊരു അദ്ധ്യായം കൂടി കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്.കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ മലയാളികള്‍ വിദേശയാത്രക്കും . ഹജ്ജ് ഉംറ തീര്‍ത്ഥാടനത്തിനുമായി ആശ്രയിക്കുന്ന എയര്‍പോര്‍ട്ട് കൂടിയാണിത്. വിമാനത്താവളത്തിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കലാണ് പ്രധാന വെല്ലുവിളി. ഇത് മറികടക്കാന്‍ പൊതുജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളും സഹകരണം വേണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ശ്രീനിവാസ റാവു പറഞ്ഞു .

മുഹമ്മദ് റഫീഖ് ചെമ്പോത്തറ

സിറാജ് പ്രതിനിധി, ദമാം

Latest