Kerala
പൊന്നാനി: ലീഡിലെ കുറവ് ലീഗിന് ഭീഷണി

അറബിക്കടലിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന പൊന്നാനി, സംസ്‌കാരികപരമായും ചരിത്രപരമായും മുന്നേറ്റം സൃഷ്ടിച്ച മണ്ണാണ്. വൈജ്ഞാനിക വിദ്യയുടെ വെളിച്ചം പകര്‍ന്നിരുന്ന കേരളത്തിന്റെ മക്ക എന്ന വിശേഷണമുള്ള നാട്. പുരാതന തുറമുഖവും പൈതൃകവുമെല്ലാം അടയാളപ്പെടുത്തുന്നു. സൈനുദ്ദീന്‍ മഖ്ദും രണ്ടാമന്‍ മുതല്‍ സാഹിത്യ കുലപതിയായ ഇടശ്ശേരി വരെ ഒരുപാട് കലാകാരന്മാരുടെ രചനാ പാടവം പിറന്ന മണ്ണ്. 1977 മുതല്‍ എന്നും മുസ്‌ലിം ലീഗിനൊപ്പം ഉറച്ചുനിന്ന മണ്ഡലം അല്‍പ്പമൊന്ന് മാറിചിന്തിച്ചതോടെ ലീഗിലെ ഇ ടി മുഹമ്മദ് ബഷീര്‍ കരകയറിയത് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍. ഇടത് സ്വതന്ത്രനായി മത്സരിച്ച നിലവിലെ താനൂര്‍ എം എല്‍ എ. വി അബ്ദുര്‍റഹ്മാന്‍ കനത്ത വെല്ലുവിളി ഉയര്‍ത്തിയതോടെ ഭൂരിപക്ഷം 25,410ലേക്ക് താഴ്ന്നു. 2009ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 82,684 ആയിരുന്നു. ശക്തമായ വോട്ട് ചോര്‍ച്ചയുണ്ടായ 2014ലെ തിരഞ്ഞെടുപ്പില്‍ തിരൂരങ്ങാടി, കോട്ടക്കല്‍ മണ്ഡലങ്ങളാണ് യു ഡി എഫിനെ കരകയറ്റിയത്.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, പൊന്നാനി, തവനൂര്‍, കോട്ടക്കല്‍ നിയമസഭാ മണ്ഡലങ്ങളെ കൂടാതെ പാലക്കാട് ജില്ലയിലെ തൃത്താല കൂടി ഉള്‍പ്പെടുന്നതാണ് പൊന്നാനി ലോക്‌സഭാ മണ്ഡലം. ഇതില്‍ തവനൂര്‍, പൊന്നാനി, താനൂര്‍ മണ്ഡലങ്ങള്‍ ഇടതിനൊപ്പവും ശേഷിക്കുന്നത് ലീഗിനൊപ്പമാണ്. കഴിഞ്ഞ തവണ ഭൂരിപക്ഷം കുറഞ്ഞ സാഹചര്യത്തില്‍ ഇത്തവണ മറ്റൊരാള്‍ വേണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രമേയവുമായി രംഗത്തെത്തിയത് മുന്നണിയിലെ അസ്വാരസ്യങ്ങള്‍ വെളിപ്പെടുത്തുന്നതായിരുന്നു. ഇ ടി സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് അതൃപ്തി അറിയിച്ചത്. ഇ ടി സ്വയം മാറിനില്‍ക്കാമെന്ന് പറഞ്ഞാല്‍ മാത്രമേ പാര്‍ട്ടി മറ്റൊരു സ്ഥാനാര്‍ഥിയെക്കുറിച്ച് ആലോചിക്കുകയുള്ളൂ. ഇല്ലെങ്കില്‍ മൂന്നാം തവണയും ഇ ടി തന്നെ അങ്കത്തിനിറങ്ങും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ ഉരുക്കുകോട്ടയായ താനൂരില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച വി അബ്ദുര്‍റഹ്മാന്‍ 4,918 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തിരൂരങ്ങാടി, തിരൂര്‍ എന്നീ മണ്ഡലങ്ങളിലെല്ലാം ലീഡ് കുത്തനെ കുറഞ്ഞതും ലീഗിന്റെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.
ജനപ്രീതിയുള്ള സ്ഥാനാര്‍ഥിക്ക് ടിക്കറ്റ് നല്‍കിയാല്‍ മണ്ഡലം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. സ്വതന്ത്രന്മാരെ കളത്തിലിറക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. മേഖലയില്‍ ശക്തമായ സ്വാധീനമുള്ള, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അബ്ദുര്‍റബ്ബിനെതിരെ ശക്തമായ മത്സരം കാഴ്ചവെച്ച നിയാസ് പുളിക്കലകത്ത്, മന്ത്രി കെ ടി ജലീല്‍, എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവരുന്നത്.
തവനൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച യുവമോര്‍ച്ച നേതാവ് രവി തേലത്തിനാണ് ബി ജെ പിയില്‍ സാധ്യതയുള്ളത്. എസ് ഡി പി ഐ സ്ഥാനാര്‍ഥിയായി കെ സി നസീറിനെ പ്രഖ്യാപിച്ചിട്ടുണ്ട്. എം പി യുടെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിയായിരിക്കും ലീഗ് പ്രചാരണത്തിനിറങ്ങുക. പൊന്നാനി പിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുള്ള സി പി എം ഇതിനോടകം തന്നെ ബൂത്തുതല കമ്മിറ്റികള്‍ രൂപവത്കരിച്ച് താഴെത്തട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
2016ലെ നിയമസഭാ കണക്ക് പ്രകാരം 5,73,616 പുരുഷ വോട്ടര്‍മാരും 6,06,415 സ്ത്രീ വോട്ടര്‍മാരുമുള്ള മണ്ഡലത്തിലെ തീരദേശ മേഖലയായിരിക്കും ആര് വിജയക്കൊടി പാറിക്കണമെന്ന് തീരുമാനിക്കുക.