കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാരുടെ വീട്ടില്‍ മുഖ്യമന്ത്രി പോകാതിരുന്നത് കുറ്റബോധം കൊണ്ട്: ചെന്നിത്തല

Posted on: February 22, 2019 8:33 pm | Last updated: February 22, 2019 at 9:52 pm

തിരുവനന്തപുരം: പാര്‍ട്ടി ഓഫീസിന്റെ ശിലാസ്ഥാപനമടക്കമുള്ള പരിപാടികള്‍ക്കായി കാസര്‍കോട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാതിരുന്നത് കുറ്റബോധം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കൊലപാതകത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം അവരുടെ വീടുകളില്‍ പോകേണ്ടതായിരുന്നു. അതിന് മുഖ്യമന്ത്രി തയാറാകാതിരുന്നത് കുറ്റവാളികളോടുള്ള അദ്ദേഹത്തിന്റെ അനുകൂല സമീപനത്തിന് തെളിവാണ്. ആഭ്യന്തര വകുപ്പ് പിണറായി കൈകാര്യം ചെയ്യുന്നിടത്തോളം കാലം യഥാര്‍ഥ പ്രതികള്‍ നിയമത്തിനു മുന്നിലെത്തില്ല.

പാര്‍ട്ടി ഹാജരാക്കിയ വ്യാജ പ്രതികളുമായി ആയുധം കണ്ടെത്തല്‍ നാടകമാണ് നടത്തുന്നത്. അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചത് കേസ് അട്ടിമറിക്കാനാണ്. അതുകൊണ്ടാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നത്. സി ബി ഐ അന്വേഷണത്തിനായി യു ഡി എഫ് ഏതറ്റം വരെയും പോകുമെന്നും ചെന്നിത്തല പറഞ്ഞു.