സഊദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശനം

Posted on: February 22, 2019 10:47 am | Last updated: February 22, 2019 at 10:47 am

സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഇന്ത്യ-സഊദി ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ സഹായകമാണ് സഊദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യാ സന്ദർശനവും ഇരു രാഷ്ട്രങ്ങളും ഒപ്പു വെച്ച കരാറുകളും. ഇന്ത്യയുടെ ഊർജ, നിർമാണ മേഖലകളിൽ 10,000 കോടി ഡോളറിന്റെ (7.10 ലക്ഷം കോടി രൂപ) സഊദി നിക്ഷേപം, പ്രതിരോധം, സഹകരണം തുടങ്ങിയ വിഷയങ്ങളിലാണ് ധാരണയിലെത്തിയത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, കൃഷി, നിർമാണ മേഖല, പെട്രോകെമിക്കൽസ്, റിഫൈനറി തുടങ്ങിയ മേഖലകളിലായിരിക്കും സഊദി നിക്ഷേപം. ഹജ്ജ് ക്വാട്ടയിലും സഊദി എയർ ലൈൻസിലെ വിമാന യാത്രക്കാരുടെ എണ്ണത്തിലും വർധന പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ എണ്ണം 1,75,000ൽ നിന്ന് രണ്ട് ലക്ഷമായി ഉയർത്തി. ഇതോടെ 25,000 പേർക്ക് കൂടി ഹജ്ജിന് അവസരം ലഭിക്കും. മൂന്ന് വർഷത്തിനിടെ ഇതു മൂന്നാം തവണയാണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വർധിപ്പിക്കുന്നത്. തീർഥാടകരുടെ എണ്ണത്തിൽ ഇന്തോനേഷ്യക്കും പാക്കിസ്ഥാനും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. ക്വാട്ട വർധിപ്പിക്കുന്നതോടെ രണ്ടാംസ്ഥാനത്താകും. പാക്കിസ്ഥാന്റെ ഹജ്ജ് ക്വാട്ട 1,84,210 ആണ്.
വിനോദ സഞ്ചാര മേഖല, പാർപ്പിട സൗകര്യം, ദൃശ്യ ശ്രാവ്യ മാധ്യമ പരിപാടികളുടെ കൈമാറ്റം എന്നിവയിലും ധാരണയായിട്ടുണ്ട്. പ്രതിരോധ സഹകരണം വർധിപ്പിക്കും. സഊദി പൗരന്മാർക്കായി ഇന്ത്യ ഇ-വിസ സൗകര്യം ഏർപ്പെടുത്തും. സഊദി ജയിലിലുള്ള 850 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കും.

പ്രധാനമന്ത്രി മോദിയുടെ അഭ്യർഥന പ്രകാരമാണ് വിടുതൽ നടപടി. വിവിധ ജയിലുകളിൽ നിലവിൽ സഊദിയിൽ 2,084 ഇന്ത്യക്കാർ തടവ് അനുഭവിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. വ്യാജ രേഖ ചമക്കൽ, അഴിമതി, മരണത്തിനിടയാക്കിയ വാഹനാപകടം തുടങ്ങി ഗുരുതരമല്ലാത്ത കേസുകളിൽ അകപ്പെട്ടവരാണ് ഇതിൽ ഏറെയും. ശിക്ഷാ കാലാവധിക്ക് ശേഷം പിഴ സംഖ്യ അടയ്ക്കാൻ പണമില്ലാത്തതിനാൽ ജയിൽവാസം തുടരുന്നവരും തൊഴിൽ ഉടമകളുമായുള്ള തർക്കത്തിന്റെ പേരിൽ ശിക്ഷ അനുഭവിക്കുന്നവരുമുണ്ട് കൂട്ടത്തിൽ. ഇവരിൽ നിന്ന് വലിയൊരു വിഭാഗത്തിന്റെ മോചനത്തിന് ഈ പ്രഖ്യാപനം വഴിയൊരുക്കും. അടുത്തിടെ നടന്ന പാക് സന്ദർശന വേളയിൽ പാക് പ്രധാനമന്ത്രി ഇംറാൻ ഖാന്റെ അഭ്യർഥന മാനിച്ച് സഊദിയിൽ തടവ് അനുഭവിക്കുന്ന 2,107 പാക് പൗരൻമാരെ വിട്ടയക്കാനും മുഹമ്മദ് ബിൻ സൽമാൻ ഉത്തരവിട്ടിരുന്നു.

തീവ്രവാദത്തെയും തീവ്രവാദ സംഘടനകളെയും ആഗോള രാഷ്ട്രങ്ങൾ കൂട്ടായി പ്രതിരോധിക്കേണ്ടതിന്റെ അനിവാര്യത സംയുക്ത പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഊദി കിരീടാവകാശിയും ഊന്നിപ്പറയുകയുണ്ടായി. തീവ്രവാദത്തെ ഇരു രാഷ്ട്രങ്ങളും തുല്യ ഗൗരവത്തോടെയാണ് എടുക്കുന്നത്. ഈ വിപത്ത് നേരിടാൻ രഹസ്യാന്വേഷണ വിവരങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് കൈമാറുമെന്ന് ഉറപ്പ് നൽകിയ മുഹമ്മദ് ബിൻ സൽമാൻ സഊദിയുടെ വളർച്ചയിൽ ഇന്ത്യ വഹിച്ച നിർണായക പങ്കിനെ അനുസ്മരിക്കുകയും ചെയ്തു. വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് പരസ്പരം സഹകരിക്കാനും കുറ്റവാളികളെ കൈമാറാനും ഇരുരാഷ്ട്രങ്ങളും കഴിഞ്ഞ വർഷം ധാരണയിലെത്തിയിരുന്നു. അതേസമയം പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനെതിരെ പ്രസ്താവന നടത്താനാവില്ലെന്ന് സഊദി വിദേശകാര്യ സഹമന്ത്രി ആദിൽ ജുബൈൽ ദൽഹിയിൽ വ്യക്തമാക്കി.

പാക്കിസ്ഥാനെ കുറ്റപ്പെടുത്തണമെങ്കിൽ വ്യക്തമായ തെളിവ് വേണം. ഇത്തരം ഒരു തെളിവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് ദൽഹിയിൽ ഒരു സ്വകാര്യ ടി വി ചാനലുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമം നടത്തുമെന്നും മന്ത്രി ആദിൽ ജുബൈൽ പറഞ്ഞു. ഇരു രാജ്യങ്ങളും സൗഹൃദം നിലനിർത്തണമെന്നാണ് സഊദിയുടെ താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പെട്രോളിയം ഉത്പന്നങ്ങൾ ഇന്ത്യ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്നാണ് സഊദി. ലക്ഷക്കണക്കിന് ഇന്ത്യക്കാരെ തൊഴിൽ നൽകി സംരക്ഷിക്കുന്ന രാജ്യവുമാണ്. ഇരുപത് ലക്ഷത്തോളം ഇന്ത്യക്കാർ സഊദിയിൽ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയുടെ ഏറ്റവും അടുത്ത വ്യാപാരി പങ്കാളിയുമാണ് സഊദി. സഊദിയിലെ വ്യാപാര മേഖലയിൽ ഏറ്റവും വലിയ സഹകാരികളിൽ ഏഴാം സ്ഥാനം ഇന്ത്യക്കാണ് നിലവിൽ. ബസുമതി അരി, തുണിത്തരങ്ങൾ, യന്ത്രോപകരണങ്ങൾ തുടങ്ങിയ ഉത്പന്നങ്ങൾ സഊദി ഇന്ത്യയിൽ നിന്നു വാങ്ങുമ്പോൾ, എണ്ണ, സ്വർണം, ജൈവ അജൈവ കെമിക്കൽ, മെറ്റൽ സ്‌ക്രാപ്പ് തുടങ്ങിയവയാണ് ഇന്ത്യ അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്നത്. 2017- 18 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ 27.48 ബില്യൺ യു എസ് ഡോളറിന്റെ വ്യാപാരം നടന്നു.

എന്നാൽ ഇന്ത്യയിൽ സഊദിയുടെ നിക്ഷേപം താരതമ്യേന കുറവാണ്. ഇന്ത്യയാകട്ടെ വിദേശ നിക്ഷേപം തേടിക്കൊണ്ടിരിക്കുകയുമാണ്. സഊദിയുമായുള്ള ബന്ധം ഇനിയും മെച്ചപ്പെടുത്തിയാൽ ഈ രംഗത്ത് കൂടുതൽ സഹകരണം നേടാൻ സാധിച്ചേക്കും. കഴിഞ്ഞ ഒക്ടോബറിൽ ദൽഹിയിൽ നടന്ന ഇന്ത്യ എനർജി ഫോറം പരിപാടിയിൽ, സഊദി കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപത്തിന് താത്പര്യമുണ്ടെന്ന് സഊദി ഊർജ മന്ത്രി ഖാലിദ് അൽ ഫാലിഹ് വ്യക്തമാക്കിയിരുന്നതാണ്. അതിന്റെ ഭാഗമാണ് 10,000 കോടി ഡോളറിന്റെ നിക്ഷേപം നടത്താനുള്ള തീരുമാനം. പരസ്പര ബന്ധം കൂടുതൽ ശക്തിപ്പെടുത്തി കൂടുതൽ നിക്ഷേപം നേടാനുള്ള ശ്രമങ്ങൾ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകേണ്ടതുണ്ട്. അതോടൊപ്പം സഊദിയിൽ ഇന്ത്യൻ പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങളും നിയമപരമായ പ്രശ്‌നങ്ങളും ദൂരീകരിക്കാനുള്ള നീക്കങ്ങളും ത്വരിതപ്പെടുത്തേണ്ടതുണ്ട്.