ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചത് പ്രശംസനീയം; ഈ വര്‍ഷം തന്നെ നടപ്പിലാക്കണം: സി മുഹമ്മദ് ഫൈസി

Posted on: February 21, 2019 8:51 pm | Last updated: February 22, 2019 at 9:31 am

കോഴിക്കോട്: സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് ക്വാട്ട 25000 വര്‍ദ്ധിപ്പിച്ചു രണ്ടു ലക്ഷമാക്കിയ ഇരു രാജ്യങ്ങളുടെയും സംയുക്ത തീരുമാനം സ്വാഗതാര്‍ഹവും വിശ്വാസികള്‍ക്ക് സന്തോഷം നല്‍കുന്നതുമാണെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പ്രസ്താവനയില്‍ പറഞ്ഞു.

മുസ്ലിംകളുടെ പ്രധാന കര്‍മങ്ങളില്‍ ഒന്നാണ് ഹജ്ജ്. ശാരീരികമായും സാമ്പത്തികമായും ശേഷിയുള്ളവര്‍ ജീവിതത്തില്‍ അത് നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. ഓരോ വര്‍ഷവും ആഗ്രഹിച്ചിട്ടും ക്വാട്ടയില്‍ ഉള്‍പ്പെടാന്‍ കഴിയാത്ത അനേകം ആളുകളുണ്ട്. ഈ തീരുമാനം ഈ വര്‍ഷം തന്നെ നടപ്പിലാക്കാനും കേരളത്തില്‍ നിന്നുള്ള ഹജ്ജ് അപേക്ഷകരുടെ ഉയര്‍ന്ന നിരക്കിന് ആനുപാതികമായ എണ്ണം സംസ്ഥാനത്തിന് അനുവദിക്കാനും ആവശ്യപ്പെട്ട് കേന്ദ്ര ഹജ്ജ് മന്ത്രിക്കു കത്തയിച്ചിട്ടുണ്ടെന്നും സി മുഹമ്മദ് ഫൈസി പറഞ്ഞു.