കര്‍ഷക രോഷം അണപൊട്ടി; തെരുവീഥികളെ ചെങ്കടലാക്കി ലോംഗ് മാര്‍ച്ച് തുടങ്ങി

Posted on: February 21, 2019 11:23 am | Last updated: February 21, 2019 at 3:05 pm

മുംബൈ: മഹാരാഷ്ട്രയില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക ലോംഗ് മാര്‍ച്ച് തുടങ്ങി. ഫട്‌നാവിസ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ലെന്ന് കാണിച്ച് കര്‍ഷകര്‍ ആരംഭിച്ച രണ്ടാം ലോംഗ് മാര്‍ച്ചിന് ആവേശപൂര്‍വം ജനങ്ങള്‍ ഒഴുകിയെത്തി. പലയിടത്തും മാര്‍ച്ചിന് പുറപ്പെട്ടവരെ അറസ്റ്റ് ചെയ്‌തെങ്കിലും അതെല്ലാം അതിജീവിച്ച് മാര്‍ച്ചിലേക്ക് കര്‍ഷകര്‍ വന്നുവെന്ന് ആള്‍ ഇന്ത്യാ കിസാന്‍ സഭാ നേതാക്കള്‍ അറിയിച്ചു.

സമരത്തില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകരെ കഴിഞ്ഞ ദിവസം പോലീസ് വിവിധയിടങ്ങളില്‍ തടഞ്ഞതിനെ തുടര്‍ന്നാണ് മാര്‍ച്ച് ഇന്നത്തേക്ക് മാറ്റിയത്. മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. സമരത്തില്‍ നിന്ന് പി്ന്മാറണമെന്നാവശ്യപ്പെട്ട് നേതാക്കളുമായി കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചനടത്തിയെങ്കിലും പരിഹാരമായില്ല. നാസിക്കില്‍ നിന്ന് മുംബൈയിലേക്കാണ് മാര്‍ച്ച് നടത്തുന്നത്. നാസിക്കിലെ മഹാമാര്‍ഗ് ബസ് സ്റ്റാന്‍ഡില്‍ സംഗമിച്ച മാര്‍ച്ചിനെ എ ഐ കെ എസ് നേതാക്കള്‍ അഭിസംബോധന ചെയ്തു.

മിനിമം താങ്ങുവില വര്‍ധിപ്പിക്കുക, കാര്‍ഷിക കടം എഴുതിത്തള്ളുക, ജലസേചന സൗകര്യങ്ങള്‍ കാര്യക്ഷമമാക്കുക, പെന്‍ഷന്‍ പദ്ധതി വ്യാപകമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഒന്നാം ലോംഗ് മാര്‍ച്ച് അവസാനിപ്പിക്കാനായി ഫട്‌നാവിസ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്ന് എ ഐ കെ എസ് ജനറല്‍ സെക്രട്ടറി ഡോ. അജിത് നാവേല്‍ പറഞ്ഞു. എന്‍ സി പി നേതാവ് സമീര്‍ ഭുജ്പാല്‍ സംഗമത്തിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു,