മാന്‍ഹോളില്‍ അകപ്പെട്ട തൊഴിലാളി മരിച്ചു

Posted on: February 20, 2019 7:34 pm | Last updated: February 20, 2019 at 7:34 pm

റാസ് അല്‍ ഖൈമ: റാസ് അല്‍ ഖൈമയിലെ ഒരു താമസ കേന്ദ്രത്തില്‍ തൊഴിലാളി മാന്‍ഹോളില്‍ പെട്ട് മരണപ്പെട്ടു. റാക് സിവില്‍ ഡിഫന്‍സ് അതോറിറ്റി അധികൃതര്‍ അറിയിച്ചതാണിക്കാര്യം. സംഭവമറിഞ്ഞെത്തിയ റാക് സിവില്‍ ഡിഫന്‍സ് സംഘമാണ് പാകിസ്ഥാന്‍ സ്വദേശിയായ തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തത്.

രാവിലെ 11 മണിയോടെയാണ് സംഭവത്തെ കുറിച്ച് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുന്നത്. സേര്‍ച്ച് ആന്‍ഡ് റെസ്‌ക്യു ടീം ഉടനെ സംഭവ സ്ഥലത്തേക്ക് കുതിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക റിക്കവറി വാഹനം ഉപയോഗിച്ചാണ് തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തതെന്ന് റാക് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ സഅബി പറഞ്ഞു. രക്ഷാ സംഘം എത്തുന്നതിന് മുന്‍പേ തൊഴിലാളി മരണപ്പെട്ടിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ നിയമ നടപടികള്‍ക്കായി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.