പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നുവോ?

ലോകവിശേഷം
Posted on: February 17, 2019 3:37 pm | Last updated: February 17, 2019 at 3:37 pm

പുല്‍വാമയില്‍ നാല്‍പ്പത് സൈനികരുടെ ജീവത്യാഗം രാജ്യത്തെ വല്ലാതെ ഉലച്ചിരിക്കുന്നു. മനുഷ്യരാല്‍ നിര്‍മിതമായ രാഷ്ട്രവും ഭരണകൂടങ്ങളും ഉദ്യോഗസ്ഥ സംവിധാനങ്ങളുമെല്ലാം മാനുഷികമായ ദൗര്‍ബല്യങ്ങള്‍ക്കും നിസ്സഹായതകള്‍ക്കും അതിവൈകാരികതകള്‍ക്കുമെല്ലാം അടിമപ്പെട്ടിരിക്കും. കൊടിയ നഷ്ടങ്ങള്‍ക്കും പരാജയങ്ങള്‍ക്കും മുമ്പില്‍ കൃത്യമായ വഴിയറിയാതെ രാഷ്ട്രങ്ങള്‍ ഇടറിപ്പോകുന്നത് അതുകൊണ്ടാണ്. പുല്‍വാമയിലെ ചോരക്ക് പകരം ചോദിക്കാനിറങ്ങുന്ന ഇന്ത്യ ഇത്തരമൊരു സങ്കീര്‍ണമായ അവസ്ഥയിലാണുള്ളത്. ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും ശക്തമായ ആത്മവിശ്വാസമുള്ള ഇന്ത്യക്ക് ഒന്നും ഭയപ്പെടാനില്ല. രാജ്യത്തിന്റെ സൈനിക ശക്തിയും ആരോടും കിടപിടിക്കുന്നതാണ്. ലോക രാഷ്ട്രീയത്തില്‍ ഇന്ത്യക്കുള്ള ബഹുമാന്യ സ്ഥാനവും വലിയ ആത്മവിശ്വാസം പകരുന്നുണ്ട്. പക്ഷേ, ഈ വലുപ്പങ്ങള്‍ എന്തും ചെയ്തു കളയാനുള്ള ലൈസന്‍സായി ഉപയോഗിക്കാനാകില്ല. കീഴ്‌മേല്‍ നോക്കാനുള്ള ബാധ്യതയാണ് തലയെടുപ്പുള്ള ഇന്ത്യക്ക് മേല്‍ ലോകം ഏല്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യ ഭീകര രാഷ്ട്രമല്ല. നിരാശ ബാധിച്ച പരാജിത രാഷ്ട്രവുമല്ല.
ഭയാനകമായ യുദ്ധോത്സുകതയുടെ പിടിയിലേക്ക് ഇന്ത്യന്‍ ഉപഭൂഖണ്ഡം കൂപ്പുകുത്തുന്നുവെന്നതാണ് ഒറ്റനോട്ടത്തില്‍ കാണാനാകുന്നത്. ശക്തമായ ആക്രമണങ്ങള്‍ക്കുള്ള ആക്രോശങ്ങള്‍ ദേശസ്‌നേഹപരമായി തീര്‍ന്നിരിക്കുന്നു. വൈകാരികമായ പ്രതികരണങ്ങളും ഐക്യദാര്‍ഢ്യങ്ങളും വീരാരാധനയും വാഴ്ത്തുകളും അന്തരീക്ഷത്തെ മുഖരിതമാക്കുന്നു. ഈ ശബ്ദ ഘോഷങ്ങള്‍ കാര്യകാരണങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള വിശകലനങ്ങളും വരുംവരായ്കകളെ കുറിച്ചുള്ള അന്വേഷണങ്ങളും അസാധ്യമാക്കുന്നുണ്ട്. വലിയ സുരക്ഷാ വീഴ്ച സംഭവിച്ചിരിക്കുന്നുവെന്നത് വസ്തുതയാണ്. ഒരു നവയുവാവിന് സ്‌ഫോടക വസ്തു നിറച്ച ട്രക്കുമായി ചെന്ന് ഇത്രയും സൈനികരെ കൊല്ലാനാകുമെന്ന് വരുന്നത് എത്രമാത്രം ഭീകരമായ കാര്യമാണ്? ലോകത്ത് ഏറ്റവുമേറെ സൈനിക സാന്നിധ്യമുള്ള മേഖലയില്‍, നിരന്തരം പരിശോധനകള്‍ നടന്നു കൊണ്ടിരിക്കുന്ന ഹൈവേയില്‍ ഇത്തരമൊരു ചാവേര്‍ ആക്രമണം നടക്കുന്നുവെങ്കില്‍ നമ്മുടെ സൈനികര്‍ക്ക് എന്ത് സുരക്ഷിതത്വമാണുള്ളത്? സംഭവിച്ചതില്‍ നിന്നുള്ള പാഠങ്ങള്‍ ചികയുകയെന്നത് തന്നെയാകും രാഷ്ട്രീയ, സൈനിക നേതൃത്വത്തിന്റെ ആദ്യത്തെ ഉത്തരവാദിത്വം.

തീര്‍ച്ചയായും രാഷ്ട്രീയ നേതൃത്വത്തിന് ഗ്യാലറിയെ കൂടി പരിഗണിക്കേണ്ടി വരും. ഒരു പൊതു തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പേള്‍ പ്രത്യേകിച്ചും. സര്‍ജിക്കല്‍ സ്‌െ്രെടക്കിനെ കൗശലപൂര്‍വം രാഷ്ട്രീയമായി ഉപയോഗിച്ച പാര്‍ട്ടിയാണ് രാജ്യം ഭരിക്കുന്നത്. ഈ രാഷ്ട്രീയ പ്രചാരണങ്ങള്‍ സാമാന്യ ജനങ്ങളില്‍ ഭ്രാന്തമായ ദേശീയ വികാരം ഉണര്‍ത്തുന്നു. അതുകൊണ്ട് ഈ പ്രചാരണങ്ങള്‍ അന്തരീക്ഷത്തില്‍ അവശേഷിപ്പിക്കുന്നത് അപകടകരമായ യുദ്ധോത്സുകതയാണ്. ഈ കെണിയില്‍ വീണു പോയ മനുഷ്യര്‍ യുദ്ധം കൊണ്ട് മാത്രമേ തൃപ്തരാകൂ. ഉറിയാനന്തര സര്‍ജിക്കല്‍ സ്‌െ്രെടക്കിനോളം മതിയാകില്ല, അതിനും മുകളില്‍ എണ്ണം മനുഷ്യരെ കൊല്ലുന്ന സൈനിക നടപടി തന്നെ വേണ്ടി വരും. എം ടിയുടെ രണ്ടാമൂഴത്തില്‍ ഭീമന്‍ താന്‍ നടത്തിയ ദ്വന്ദ യുദ്ധങ്ങളുടെ കഥ ദ്രൗപതിയോട് പറയുന്ന രംഗമുണ്ട്. കണ്ണില്‍ ഒരിക്കലും അണയാത്ത വിളക്ക് കത്തിച്ച് വെച്ച് ‘എന്നിട്ട്, എന്നിട്ട്’ എന്ന് ഉദ്വേഗം കൊള്ളുന്നു ദ്രൗപതി. ഹരം പിടിച്ച് അവള്‍ മന്ദഹസിക്കുന്നു. ഈ മാനസികാവസ്ഥയാണ് യുദ്ധോത്സുക ദേശീയത ഉത്പാദിപ്പിക്കുന്നത്.
എന്നാല്‍ ഇത്തരമൊരു എടുത്തു ചാട്ടത്തില്‍ നിന്ന് ഇന്ത്യയെ പിന്നോട്ടു വലിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം ചൈനയുടെ നിലപാട് തന്നെയാണ്. ഇന്ത്യാ ചീനീ ഭായി ഭായി എന്നൊക്കെ ഇടക്കിടക്ക് പറയുമെങ്കിലും നിരന്തരമായ സംശയത്തിലും നിഗൂഢതയിലും പടുത്തുയര്‍ത്തിയതാണ് ഈ അയല്‍ക്കാര്‍ തമ്മിലുള്ള ബന്ധം. നിഴല്‍ യുദ്ധമാണ് നടക്കുന്നത്. കശ്മീരിലെ ഭീകരാക്രമണത്തെ ചൈന ശക്തമായി അപലപിച്ചിട്ടുണ്ട്. ഇന്ത്യയോടൊപ്പമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അത് എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ കാര്യത്തോടടുത്തപ്പോള്‍ ചൈന അതിന്റെ സ്വഭാവം കാണിച്ചു. ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് എന്താണ് പ്രതികരണമെന്ന് ചോദിച്ചപ്പോള്‍ ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു: ‘സംഘടനകളെപ്പോലെയല്ല വ്യക്തികള്‍. അത്തരം നടപടികള്‍ക്ക് വ്യക്തമായ തെളിവ് വേണം’ അസ്ഹറിനെ കൈവിടാന്‍ ചൈന ഒരുക്കമല്ലെന്നര്‍ഥം. യു എസും ബ്രിട്ടനും ഫ്രാന്‍സും പിന്തുണച്ചിട്ടും യു എന്നില്‍ ചൈനയുടെ പിടിവാശി ഒന്നു കൊണ്ട് മാത്രമാണ് ഇന്ത്യയുടെ ആവശ്യം നിരാകരിക്കപ്പെട്ടത്. നാല്‍പ്പത് ജവാന്‍മാരുടെ നിശ്ചേഷ്ട ശരീരങ്ങള്‍ക്ക് മുമ്പിലും ചൈനക്ക് മനംമാറ്റമില്ല. ഇന്ത്യന്‍ തടവിലായിരുന്ന മസൂദ് അസ്ഹറിനെ തുറന്ന് വിട്ടത് 1999ല്‍ അന്നത്തെ വാജ്പയി സര്‍ക്കാറായിരുന്നുവെന്ന് ഇത്തരുണത്തില്‍ ഓര്‍ക്കണം. കാഠ്മണ്ഡുവില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ എയര്‍ലൈന്‍ വിമാനം കാണ്ഡഹാറിലാണ് ഭീകരര്‍ ഇറക്കിയത്. അസ്ഹറടക്കം മൂന്ന് പേരെ മോചിപ്പിച്ചില്ലെങ്കില്‍ വിമാനത്തിലുള്ള 189 യാത്രക്കാരെയും ഭസ്മമാക്കുമെന്ന ഭീഷണിക്ക് മുമ്പില്‍ ഇന്ത്യ വഴങ്ങുകയായിരുന്നു.

ഇന്ത്യയോടുള്ള ചൈനയുടെ സമീപനം പെട്ടെന്ന് രൂപപ്പെട്ട ഒന്നല്ല. മേഖലയിലെ സൂപ്പര്‍ പവറായിത്തീരാന്‍ കൊതിക്കുന്ന ചൈനക്ക് ഒരേയൊരു വെല്ലുവിളി ഇന്ത്യയാണ്. കിഴക്കന്‍ ചൈനാ കടലിലെ ദ്വീപ് തര്‍ക്കത്തില്‍ ചൈനയുടെ എതിര്‍ പക്ഷത്താണ് ഇന്ത്യ. ജപ്പാനുമായി ഇന്ത്യ ഉണ്ടാക്കിയെടുത്ത സൗഹൃദത്തില്‍ ചൈനക്ക് എതിര്‍പ്പുണ്ട്. ശ്രീലങ്കയിലും മാലെ ദ്വീപിലും നേപ്പാളിലും അഫ്ഗാനിലുമൊക്കെ ചൈന പണം വാരിക്കോരിയെറിഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും സഹായഹസ്തം നീട്ടുന്നതും ഇന്ത്യയുടെ പരമ്പരാഗത സ്വാധീനം തുടച്ചു നീക്കാന്‍ വേണ്ടിയാണ്. പാക്കിസ്ഥാന്റെ മൊത്തം ആയുധ ഇറക്കുമതിയുടെ 63ശതമാനവും ചൈനയില്‍ നിന്നാണ്. 2006-10 കാലയളവില്‍ ഇത് 38 ശതമാനമായിരുന്നു. അക്കാലയളവില്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി 36 ശതമാനവും. യു എസിന്റെ പങ്ക് 19 ശതമാനമായി കുറഞ്ഞു. കുറവ് നികത്തുന്നത് ചൈനയാണെന്ന് വ്യക്തം. (സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്). ആയുധ വില്‍പ്പനയില്‍ അമേരിക്കയെയും ഇസ്‌റാഈലിനെയും മറികടക്കാന്‍ ഒരുങ്ങുന്ന ചൈനക്ക് ലക്ഷണമൊത്ത കമ്പോളമാണ് പാക്കിസ്ഥാന്‍. അതിനാല്‍ ആ രാജ്യത്തിന്റെ എല്ലാ സാഹസങ്ങള്‍ക്കും ചൈനയുടെ കൂട്ടുണ്ടാകും.
ചൈനയെ ഇത്തരത്തില്‍ ചിന്തിപ്പിക്കുന്ന ഏറ്റവും പുതിയ ഘടകം അഫ്ഗാനില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റമാണ്.
അവിടെ നിന്ന് എങ്ങനെയെങ്കിലും തടിയൂരാനുള്ള ശ്രമത്തിലാണ് അമേരിക്ക. താലിബാനുമായി നേരിട്ട് ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. താലിബാന്‍ മുന്നോട്ട് വെക്കുന്ന ഏത് നിബന്ധനയും അംഗീകരിച്ച്, രാജ്യം അവര്‍ക്ക് നടത്തിപ്പിന് കൊടുത്ത് സ്ഥലം കാലിയാക്കാനാണ് ട്രംപിന്റെ ശ്രമം. യു എസ് ഒഴിഞ്ഞു പോകുന്ന അഫ്ഗാനില്‍ പിടിമുറുക്കാന്‍ തക്കം പാര്‍ത്തു നില്‍ക്കുകയാണ് ചൈന. അവരുടെ നവ പട്ടുപാത പദ്ധതിയില്‍ അഫ്ഗാനിസ്ഥാനുണ്ട്. താലിബാന്റെ ഭരണത്തിലമരുന്ന അഫ്ഗാനിസ്ഥാന് സ്വാഭാവികമായും പാക്കിസ്ഥാനിലെ സ്‌റ്റേറ്റ്, നോണ്‍ സ്‌റ്റേറ്റ് എലമെന്റുകളുമായി അടുത്ത ബന്ധമുണ്ടാകും. ഈ കൂട്ടുകെട്ടിലേക്ക് ചൈന കൂടി ചേരുമ്പോള്‍ മുറിച്ചു കടക്കാനാകാത്ത കുത്തൊഴുക്കില്‍ ഇന്ത്യന്‍ നയതന്ത്രം അകപ്പെടും. ഏഷ്യയില്‍ റഷ്യയുടെ താത്പര്യങ്ങള്‍ കൂടി ചേര്‍ത്താണ് ചൈന കരുക്കള്‍ നീക്കാറുള്ളത് എന്നതിനാല്‍ അദൃശ്യ സാന്നിധ്യമായി ഈ കൂട്ടുകെട്ടില്‍ മോസ്‌കോയുമുണ്ടാകും.

ഇനി അമേരിക്കയുടെ കാര്യമെടുക്കാം. പുല്‍വാമയുടെ പശ്ചാത്തലത്തില്‍ അവര്‍ പാക്കിസ്ഥാനെ ശക്തമായി അപലപിച്ചിരിക്കുന്നു. എന്നാല്‍ അന്താരാഷ്ട്ര വേദികളില്‍ എക്കാലത്തും അമേരിക്ക മുന്നോട്ട് വെക്കാറുള്ള നിലപാടെന്താണ്? ‘മേഖലാപരമായ സമാധാനത്തിന് ഇരു രാജ്യങ്ങളും സന്നദ്ധമാകണം’. എന്നാണ് യു എസ് ഉപദേശിക്കാറുള്ളത്. എന്നുവെച്ചാല്‍ ഇന്ത്യക്കും പാക്കിസ്ഥാനും തുല്യ ഉത്തരവാദിത്വം. സൈനികര്‍ക്കെതിരായ ആക്രമണം അമേരിക്കയുടെ നിര്‍വചന പ്രകാരം ഭീകരാക്രമണമല്ല. പാക്കിസ്ഥാനുമായി ഇപ്പോഴും യു എസിന് ഊഷ്മളമായ ബന്ധമുണ്ട്. ഇംറാന്‍ വന്നപ്പോള്‍ അതിന് ഇളക്കം തട്ടിയെന്ന് തോന്നിച്ചപ്പോള്‍ അവിടത്തെ സൈനിക നേതൃത്വം കൃത്യമായി ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. സംയുക്ത സൈനിക പരിശീലനം നിര്‍ബാധം തുടരുന്നു. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര വേദിയില്‍ ചര്‍ച്ച വേണമെന്നതാണ് അമേരിക്കയുടെയും പാക്കിസ്ഥാന്റെയും നിലപാട്. വംശഹത്യയുടെ പാപഭാരം പേറുന്ന നരേന്ദ്ര മോദിക്ക് വിസ നിഷേധിച്ച അമേരിക്ക അദ്ദേഹം പ്രധാനമന്ത്രിയായപ്പോള്‍ വാഷിംഗ്ടണിലേക്ക് ആനയിച്ച് കൊണ്ടു പോകുന്നുണ്ടാകാം. യു എസ് കോണ്‍ഗ്രസില്‍ പ്രസംഗിപ്പിക്കുന്നുണ്ടാകാം. പ്രോട്ടോകോളുകളുടെ ചരിത്രം തിരുത്തിയെഴുതി അദ്ദേഹത്തെ സ്വീകരിക്കാന്‍ യു എസ് പ്രസിഡന്റ് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് വരുന്നുണ്ടാകാം. അതൊക്കെ അമേരിക്കയുടെ വാണിജ്യ താത്പര്യങ്ങളുടെ ഭാഗമാണ്. ചൈന കഴിഞ്ഞാല്‍ ഏറ്റവും വലിയ വിപണിയാണല്ലോ ഇന്ത്യ. ജനാധിപത്യത്തില്‍ ഇടര്‍ച്ച സംഭവിച്ചിട്ടില്ലാത്ത രാജ്യവുമായുള്ള ബന്ധത്തെ അലങ്കാരമായും പ്രതിച്ഛായാ നിര്‍മിതിയുടെ ഭാഗമായും അമേരിക്ക കാണുന്നു. എന്നാല്‍ മേഖലയിലെ മുഖ്യ കീ പ്ലെയറായി യു എസ് കാണുന്നത് പാക്കിസ്ഥാനെയാണ്. അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങുന്ന അമേരിക്ക തങ്ങളുടെ താത്പര്യങ്ങളുടെ കാവല്‍ പണി പാക്കിസ്ഥാനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍ നയതന്ത്രപരമായി ഒറ്റപ്പെട്ടുവെന്ന് പറയുന്നത് ശരിയല്ലെന്ന് ഈ വസ്തുതകള്‍ വ്യക്തമാക്കുന്നുണ്ട്. നിരുപാധികം ചര്‍ച്ചക്ക് ക്ഷണിച്ച് തെളിഞ്ഞ വെള്ളത്തില്‍ നില്‍ക്കുന്ന പാക്കിസ്ഥാനെ പിന്തുണക്കാന്‍ ഇപ്പോഴും നിരവധി പേരുണ്ട്. എന്തുകൊണ്ട് ചര്‍ച്ചയായിക്കൂടാ എന്നാണ് അവരുടെ ചോദ്യം. എന്നാല്‍ കശ്മീരിനെ അന്താരാഷ്ട്ര വേദികളിലേക്ക് വലിച്ചിഴക്കാനുള്ള കെണിയാണിതെന്ന് ഇന്ത്യക്കറിയാം. സമ്പൂര്‍ണ യുദ്ധവും വിപരീത ഫലമാകും ഉണ്ടാക്കുക. അപ്രതീക്ഷിതമായ ഇടങ്ങളില്‍ നിന്ന് പാക്കിസ്ഥാന് പിന്തുണ ലഭിച്ചേക്കാം.
കശ്മീരി ജനതയെ വിശ്വാസത്തിലെടുക്കുകയും ആ വിശ്വാസത്തിന്റെ ആത്മബലവുമായി പാക്കിസ്ഥാനുമായി നേരിട്ട് സംസാരിക്കുകയുമാകും ഏറ്റവും ശരിയായ വഴി. ഒപ്പം തീവ്രവാദികളെ ശിഥിലമാക്കാനുള്ള ചെറുതും ശക്തവും നിരന്തരവുമായ സൈനിക നടപടികളും വേണം. ആഘോഷിക്കാനും സിനിമ പിടിക്കാനും പാട്ടുകള്‍ കെട്ടാനുമുള്ള സൈനിക നടപടി കൊണ്ട് ഒരു കാര്യവുമില്ലെന്ന് പുല്‍വാമ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.

മുസ്തഫ പി എറയ്ക്കല്‍