ഫാ. വടക്കുംചേരി അഴിക്കുള്ളില്‍; 20 വര്‍ഷം കഠിന തടവ്, മൂന്ന് ലക്ഷം പിഴ

Posted on: February 16, 2019 1:29 pm | Last updated: February 16, 2019 at 8:05 pm

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ മുഖ്യപ്രതി ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്.
മൂന്ന് വകുപ്പുകളിലായി 60 വര്‍ഷമാണ് കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍, തടവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതി. മൂന്ന് ലക്ഷം രൂപ പിഴയും ചുമത്തി. 1.5 ലക്ഷം രൂപ ഇരക്കും നല്‍കണം. പിഴയടച്ചില്ലെങ്കില്‍ ആറ് വര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടി വരും. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശമുണ്ട്. കള്ളസാക്ഷി പറഞ്ഞതിനാണ് ഇരുവര്‍ക്കുമെതിരെ നടപടി.

തലശ്ശേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ റോബിന്‍ വടക്കുംചേരി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി മറ്റ് ആറ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. കമ്പ്യൂട്ടര്‍ പഠിക്കാനായി എത്തിയ പതിനാറുകാരിയെ സ്വന്തം മുറിയില്‍ വച്ച് ഫാദര്‍ റോബിന്‍ വടക്കുംചേരി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. ചൈല്‍ഡ് ലൈന് ലഭിച്ച രഹസ്യ വിവരം പൊലീസിന് കൈമാറിയതോടെ കേസ് റജിസ്റ്റര്‍ ചെയ്തു. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ പ്രസവിച്ചു. തൊട്ടുപിന്നാലെ ആശുപത്രി അധികൃതരുടെ സഹായത്തോടെ പെണ്‍കുട്ടിയെയും കുഞ്ഞിനെയും വയനാട ്‌വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിലാക്കി.

2017 ഫെബ്രുവരിയില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ അറസ്റ്റ് ചെയ്തു. ആശുപത്രി അധികൃതര്‍ അടക്കം ആകെ പത്ത് പേര്‍ അറസ്റ്റിലായി. വിചാരണയ്ക്കിടെ പെണ്‍കുട്ടിയും മാതാപിതാക്കള്‍ കൂറുമാറിയിരുന്നു.