Connect with us

Kerala

സീറ്റില്ലെങ്കില്‍ പിളരും; നിലപാട് കടുപ്പിച്ച് ജോസഫ്. കേരളയാത്രയുടെ സമാപന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റ് നല്‍കാനാകില്ലെങ്കില്‍ ലഭിക്കുന്ന ഒരു സീറ്റില്‍ സ്ഥാനാര്‍ഥിയാകാന്‍ പി ജെ ജോസഫ്. ലയന ശേഷം തന്റെ ഗ്രൂപ്പ് അപ്രസക്തമാകുന്നുവെന്ന തിരിച്ചറിവാണ് കടുത്ത നിലപാടിലേക്ക് ജോസഫിനെ നയിക്കുന്നത്. ലോക്‌സഭാ സീറ്റ് വിഭജനം പൂര്‍ത്തിയാകുന്നതോടെ രണ്ടിലൊന്നറിയണമെന്ന ഉറച്ച നിലപാടെടുത്ത ജോസഫ്, ജോസ് കെ മാണിയുടെ കേരളയാത്ര സമാപന സമ്മേളനത്തില്‍ നിനിന്ന് വിട്ടുനില്‍ക്കും.
കേരളാ കോണ്‍ഗ്രസിന് ലഭിച്ച രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയ സാഹചര്യത്തില്‍ ലോക്‌സഭാ സീറ്റ് തന്റെ ഗ്രൂപ്പിന് നല്‍കണമെന്നാണ് ആവശ്യം. തിങ്കളാഴ്ച ചേരുന്ന യു ഡി എഫ് യോഗത്തില്‍ ഇക്കാര്യം അറിയിക്കും. അംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി പിളര്‍ത്തുമെന്നാണ് മുന്നറിയിപ്പ്. അധിക സീറ്റില്ലെങ്കില്‍ ലീഡര്‍ഷിപ്പിലുള്ളവരെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ജോസഫിനൊപ്പമുള്ള മോന്‍സ് ജോസഫ് പരസ്യമായി ഇന്നലെ ഉന്നയിച്ചു.

കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന ആവശ്യമാണ് ജോസഫ് ഉന്നയിച്ചിരുന്നത്. രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ വരെ അധിക സീറ്റ് ആവശ്യം ഉയര്‍ത്തിയ ജോസഫ്, മാണിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ജോസ് കെ മാണിയുടെ കേരള യാത്രയെ പരോക്ഷമായി വിമര്‍ശിക്കാനും ജോസഫ് തയ്യാറായി. മുസ്‌ലിം ലീഗിന്റെ തന്നെ അധിക സീറ്റ് ആവശ്യം അംഗീകരിക്കാന്‍ നിര്‍വാഹമില്ലെന്നറിയിച്ച സാഹചര്യത്തില്‍ കേരളാകോണ്‍ഗ്രസിന് ഒരു സീറ്റ് എങ്ങനെ അധികം നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. അധിക സീറ്റിന് ഒരു സാധ്യതയും ഇല്ലെന്ന് കണ്ടതോടെയാണ് കിട്ടുന്ന ഒരു സീറ്റിന് വേണ്ടിയുള്ള ജോസഫിന്റെ അവകാശവാദം.
എല്‍ ഡി എഫിലായിരിക്കെ ജോസഫ് ഗ്രൂപ്പിന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സീറ്റുണ്ടായിരുന്നു. മാണി ഗ്രൂപ്പില്‍ ലയിച്ചപ്പോള്‍ അധിക സീറ്റ് ലഭിക്കാതെ വന്നതോടെ ഇത് നഷ്ടപ്പെട്ടു. എന്നാല്‍, ജോസഫ് ഗ്രൂപ്പിന്റെ കൂടി ബലത്തില്‍ ലഭിച്ച രാജ്യസഭാ സീറ്റ് രണ്ട് തവണയും മാണി സ്വന്തമാക്കി. ആദ്യം ജോയ് എബ്രഹാമിനും ഒടുവില്‍ ലഭിച്ച സീറ്റ് ജോസ് കെ മാണിക്കുമാണ് നല്‍കിയത്.

മത്സരിക്കുന്ന നിയമസഭാമണ്ഡലങ്ങളുടെ എണ്ണവും കാര്യമായി കുറഞ്ഞു. ജോസ് കെ മാണി പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുന്നതും മാറി ചിന്തിക്കാന്‍ ജോസഫിനെ പ്രേരിപ്പിക്കുന്നു. കേരള യാത്ര കഴിയുന്നതോടെ ജോസ് കെ മാണിക്ക് പുതിയ പദവി നല്‍കാനിരിക്കുകയാണ് മാണി. ഈ സാഹചര്യങ്ങളാണ് ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് ജോസഫിനെ എത്തിച്ചത്.
ജോസഫിന് കീഴടങ്ങേണ്ടതില്ലെന്ന ധാരണ മാണി ഗ്രൂപ്പിലും രൂപപ്പെട്ടിട്ടുണ്ട്. കോട്ടയം സീറ്റില്‍ മത്സരിപ്പിക്കാനിരുന്ന നിഷ ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്നാക്കം പോയത് തന്നെ ജോസഫിന്റെ അതൃപ്തി മുന്‍കൂട്ടി കണ്ടാണ്. സ്വന്തം ഗ്രൂപ്പിലെ വിശ്വസ്തരിലൊരാള്‍ക്ക് കോട്ടയം സീറ്റ് നല്‍കാനാണ് മാണിയുടെ നീക്കം. സിറ്റിംഗ് എം എല്‍ എമാരില്‍ ആരെയെങ്കിലും മത്സരിപ്പിക്കാനും ആലോചനയുണ്ട്.

പാര്‍ട്ടി പിളര്‍ത്തി യു ഡി എഫില്‍ തുടരാനാണ് ജോസഫിന്റെ നീക്കം. പുതിയ പാര്‍ട്ടിയായി നിന്നാല്‍ കൂടുതല്‍ സമ്മര്‍ദത്തിന് അവസരം ലഭിക്കുമെന്ന് കണക്ക് കൂട്ടുന്നു. തനിക്കൊപ്പമുള്ള എം എല്‍ എമാരുടെ കൂടി പിന്തുണയില്‍ മാണി കൂടുതല്‍ ആനുകൂല്യം നേടുന്നത് തടയാനുമാകും. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാടാകും നിര്‍ണായകം. ഉമ്മന്‍ചാണ്ടി മുന്‍കൈയെടുത്ത് ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. സഭാമേലധ്യക്ഷന്‍മാരെ വിഷയത്തില്‍ ഇടപെടുവിക്കാനും ശ്രമം നടക്കുന്നു.

യു ഡി എഫില്‍ ഒരു പരിഗണനയും ലഭിക്കാത്ത സാഹചര്യം വന്നാലേ എല്‍ ഡി എഫിലേക്കുള്ള മടക്കം ജോസഫ് ആലോചിക്കുകയുള്ളൂ. ജോസഫിന്റെ നീക്കം മനസിലാക്കി മാത്രം പ്രതികരിക്കാമെന്ന നിലപാടിലാണ് സി പി എം.
നേരത്തെ ജോസഫിനൊപ്പമുണ്ടായിരുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലെടുത്ത സാഹചര്യത്തില്‍ അവരെല്ലാം ചേര്‍ന്ന് ഒരു പാര്‍ട്ടിയാകട്ടെ എന്ന നിര്‍ദേശവും സി പി എം മുന്നോട്ടുവെച്ചേക്കും.

Latest