സ്ഥാനാര്‍ഥി നിര്‍ണയം: ശ്രീധരന്‍ പിള്ളക്കെതിരെ ബിജെപിയില്‍ പടയൊരുക്കം

Posted on: February 14, 2019 3:17 pm | Last updated: February 24, 2019 at 5:15 pm

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളക്കെതിരെ ബിജെപിയില്‍ പടയൊരുക്കം. തിരഞ്ഞെടുപ്പ് സമിതി ചേരാതെ സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കിയ ശ്രീധരന്‍ പിള്ളയുടെ നടപടിക്കെതിരെ മുരീളധരപക്ഷത്തെയും കൃഷ്ണദാസ് പക്ഷത്തെയും നേതാക്കള്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. പി എസ് ശ്രീധരന്‍ പിള്ളയും കേരളത്തിന്റെ ചുമതലയുള്ള സഹസംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷും ചേര്‍ന്ന് തീരുമാനിക്കുന്നുവെന്നാണ് പ്രധാന പരാതി. കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് എത്തിയ അഖിലേന്ത്യാ സംഘടനാ സെക്രട്ടറി രാംലാല്‍ നേതാക്കളുമായി ആശയ വിനിമയം നടത്തിയതല്ലാതെ കാര്യമായ ചര്‍ച്ച ഉണ്ടായില്ലെന്നും വിമര്‍ശകര്‍ ചൂട്ടിക്കാട്ടുന്നു. ആര്‍ എസ് എസിന്റെ മനസറിഞ്ഞല്ല സ്ഥാനാര്‍ഥി നിര്‍ണയമെന്ന ആക്ഷേപം ഉയരുന്നുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവുവിന്റെ നേതൃത്വത്തില്‍ ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തിലും സംസ്ഥാന അധ്യക്ഷനെതിരെ വിമര്‍ശനം ഉയരുമെന്നാണ് അറിയുന്നത്.

ഓരോ മണ്ഡലത്തില്‍ നിന്ന് മൂന്ന് പേരെ ഉള്‍പ്പെടുത്തിയാണ് ബി ജെ പി സംസ്ഥാന ഘടകം തങ്ങളുടെ സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറിയത്. കുമ്മനം രാജശേഖരന്‍, സുരേഷ്‌ഗോപി എന്നിവരും കെ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, എം ടി രമേശ്, ശോഭാസുരേന്ദ്രന്‍ എന്നീ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടുന്ന ലിസ്റ്റാണ് കേന്ദ്രത്തിന് കൈമാറിയിട്ടുള്ളത്. ബി ഡി ജെ എസിന്റെ ആറ് സീറ്റെന്ന അവകാശവാദം നിലനില്‍ക്കെയാണ് ബി ജെ പി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയത്. ഒരു മണ്ഡലത്തില്‍ മൂന്ന് പേരുകള്‍ ഉള്‍പ്പെടുത്തിയാണ് പ്രാഥമിക പട്ടിക തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെയും നടന്‍ സുരേഷ് ഗോപിയേയും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്്. തിരുവനന്തപുരത്തിനൊപ്പം കൊല്ലത്തും സുരേഷ്‌ഗോപിയെ പരിഗണിക്കുന്നുണ്ട്. ആറ്റിങ്ങലില്‍ ദേശിയ സമിതിയംഗം പി കെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനും തൃശൂരില്‍ കെസുരേന്ദ്രനും എ എന്‍ രാധാകൃഷണനും പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ എം ടി രമേശിന്റെ പേര് പത്തനം തിട്ടയിലും കോഴിക്കോട്ടും പരിഗണിക്കപ്പെടുന്നു. പാലക്കാട് കൃഷ്ണ കുമാറിന്റെയും മാവേലിക്കരയില്‍ പി എം വേലായുധന്റെയും പേരാണ്് പട്ടികയിലുള്ളത്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേര് പത്തനംതിട്ടയിലാണ്. കോട്ടയത്ത് പ്രവര്‍ത്തനം തുടങ്ങാന്‍ കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസിനോട് ബി ജെ പി ആവശ്യപ്പെട്ടിട്ടുള്ളതായാണ് വിവരം.

തിരുവനന്തപുരത്ത് മോഹന്‍ലാലിനെ പരിഗണിച്ചിരുന്നെങ്കിലും മത്സരത്തിനില്ലെന്ന് മോഹന്‍ലാല്‍ ഒടുവില്‍ വ്യക്തമാക്കിയിരുന്നു. പന്തളം കൊട്ടാരം പ്രതിനിധിയായ ശശികുമാരവര്‍മ മാത്രമാണ് സ്ഥാനാര്‍ഥി പട്ടികയില്‍ പുറത്തു നിന്ന് ഉള്‍പ്പെട്ടിട്ടുള്ളത്.
സംസ്ഥാനത്ത് 15 സീറ്റില്‍ മത്സരിക്കുന്നവരുടെ സാധ്യതാ പട്ടികയാണ് ബി ജെ പി പ്രാഥമികമായി തയ്യാറാക്കിയിട്ടുള്ളത്. ബി ഡി ജെ എസിന്റെ ആറ് സീറ്റെന്ന അവകാശവാദത്തില്‍ ഇനിയും തീരുമാനമൊന്നും പുറത്തു വന്നിട്ടില്ല.