മതേതര രാഷ്ട്രീയക്കാര്‍ വര്‍ഗീയവത്കരിക്കപ്പെടുന്നത് അപകടകരം: കാന്തപുരം

Posted on: February 14, 2019 11:17 am | Last updated: February 15, 2019 at 9:29 am

കോഴിക്കോട്: മതേതര ചരിത്രവും നിലപാടുകളും സ്വീകരിച്ച് ഇന്ത്യയില്‍ വളര്‍ന്നുവന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയവത്കരിക്കപ്പെടുന്നത് അപകടമാണെന്ന്, മധ്യപ്രദേശില്‍ പശുക്കടത്തിന്റെ പേരില്‍ അഞ്ച് പേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ച് കേസെടുത്ത കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയെ പരാമര്‍ശിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മതേതരത്വ നിലപാടുകളുമായി നിലവില്‍ വന്ന് രാജ്യത്തെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കോണ്‍ഗ്രസ് പ്രസ്ഥാനം സംഘ്പരിവാറുകാരെ പ്പോലെയാകരുതെന്നും അദ്ദേഹം പറഞ്ഞു.

ഒരു പശുവിനെയും കൊല്ലാതെ സംരക്ഷിക്കണമെന്ന് വാദിക്കുന്നവര്‍ ഭൂമിയില്‍ സ്വാഭാവികമായി നടക്കേണ്ട ആവാസ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ കന്നുകാലികളെ വളര്‍ത്തിയും വില്‍പ്പന നടത്തിയും ആവശ്യക്കാര്‍ക്ക് മാംസമായി നല്‍കിയും അവയുടെ തോല്‍ വില്‍പ്പന നടത്തിയുമാണ് ജീവിക്കുന്നത്. തൊഴിലില്ലായ്മ കാരണം ദശലക്ഷക്കണക്കിന് മനുഷ്യര്‍ പ്രയാസപ്പെടുന്ന ഒരു രാജ്യത്ത് നൂറ്റാണ്ടുകളായി നാല്‍ക്കാലി കൃഷിയിലും മാംസ വില്‍പ്പനയിലുമായി കഴിയുന്ന ലക്ഷക്കണക്കിന് മനുഷ്യരെ പട്ടിണിയിലേക്ക് തള്ളിവിടുന്നവര്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. ഉത്തരേന്ത്യയില്‍ വര്‍ഗീയത മൂര്‍ച്ചപ്പെടുത്തല്‍ ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം അക്രമസ്വഭാവങ്ങളില്‍ മതേതര പാരന്പര്യമുള്ള കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ വീഴരുത്.

ഇന്ത്യക്ക് ഇപ്പോള്‍ ആവശ്യം എല്ലാ ജനവിഭാഗങ്ങളെയും പരിഗണിക്കുകയും വര്‍ഗീയതയെ അമര്‍ച്ച ചെയ്യുകയും ബഹുസ്വര നിലപാടുകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങളെയാണ്. കോണ്‍ഗ്രസ് അതിന്റെ ചരിത്രപരമായ സാഹിഷ്ണുതാ നിലപാടുകളെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തണമെന്നും അരക്ഷിതരാക്കപ്പെടുന്ന മുസ്‌ലിംകളെയും ദളിതുകളെയും സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കണമെന്നും കാന്തപുരം പ്രസ്താവനയില്‍ പറഞ്ഞു.