കലാഭവന്‍ മണിയുടെ മരണം: നടനടക്കം ഏഴ് പേരെ നുണപരിശോധനക്ക് വിധേയമാക്കും

Posted on: February 9, 2019 12:05 pm | Last updated: February 9, 2019 at 12:06 pm

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കുന്നതുമായി ബന്ധപ്പെട്ട് മണിയുടെ സുഹൃത്തുക്കളായ ഏഴ് പേരെ സിബിഐ നുണ പരിശോധനക്ക് വിധേയമാക്കും. നടന്‍ ജാഫര്‍ ഇടുക്കി, ജോബി സെബാസ്റ്റിയന്‍, സാബുമോന്‍, സിഎ അരുണ്‍, എംബി വിപിന്‍, കെസി മുരുകന്‍, അനില്‍ കുമാര്‍ എന്നിവരെയാണ് നുണപരിശോധനക്ക് വിധേയമാക്കുക.

കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വെള്ളിയാഴ്ച നേരിട്ടെത്തി ഏഴ് പേരും നുണപരിശോധനക്ക് സമ്മതം അറിയിച്ചിരുുന്നു. ഏഴ് പേരും നേരത്തെ സമ്മതപത്രം എഴുതി നല്‍കുകയും ചെയ്തിരുന്നു. 2016 മാര്‍ച്ച് അഞ്ചിനാണ് കലാഭവന്‍ മണിയെ ഒഴിവുകാല വസതിയില്‍ രക്തം ഛര്‍ദിച്ച് അവശനിലയില്‍ കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മാര്‍ച്ച് ആറിന് മരിച്ചു. വിഷമദ്യം ഉള്ളില്‍ച്ചെന്നാണ് മണി മരിച്ചതെന്ന ആരോപണം അന്നുയര്‍ന്നിരുന്നു. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു.