Connect with us

International

ഇസിലിനെ മുഴുവന്‍ ഉടന്‍ തുടച്ചുനീക്കും: ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍: അടുത്ത ഏതാനും ചില ദിവസങ്ങള്‍ക്കുള്ളില്‍ സിറിയയിലെയും ഇറാഖിലെയും ഇസില്‍ തീവ്രവാദികളെ മുഴുവന്‍ തുടച്ചുനീക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസില്‍ വിരുദ്ധ യുദ്ധത്തില്‍ അമേരിക്കക്കൊപ്പം നിന്നിരുന്ന സഖ്യങ്ങളുടെ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യം ഉടന്‍ പ്രഖ്യാപിക്കും. ചിലപ്പോള്‍ അടുത്തയാഴ്ചക്കുള്ളില്‍ തന്നെ ഇസിലിനെ പൂര്‍ണമായി പരാജയപ്പെടുത്തും. എന്നാല്‍ തനിക്ക് ഈ വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ കാത്തിരിക്കേണ്ടതുണ്ടെന്നും ട്രംപ് അറിയിച്ചു. ഇസിലിനെ പൂര്‍ണമായും പരാജയപ്പെടുത്തിയെന്നും സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുകയാണെന്നും നേരത്തെ ട്രംപ് അവകാശവാദമുന്നയിച്ചിരുന്നു. ഇതിനോട് വൈരുധ്യമാകുന്ന വിധത്തിലാണ് പുതിയ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിനെ സഖ്യരാജ്യങ്ങള്‍ ശക്തമായി എതിര്‍ക്കുകയും ഇസിലിനെ പരാജയപ്പെടുത്തിയെന്ന ട്രംപിന്റെ വാദം തെറ്റാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ഇസിലിനെതിരെയുള്ള യുദ്ധത്തില്‍ ആഗോള തലത്തില്‍ 80 രാഷ്ട്രങ്ങള്‍ പങ്കാളികളാണ്. 2014ലാണ് ഇസില്‍ വിരുദ്ധ സഖ്യം രൂപവത്കരിക്കപ്പെട്ടത്.

ഇസിലിന് നിയന്ത്രണമുള്ള പ്രദേശങ്ങള്‍ മുഴുവന്‍ അവര്‍ക്ക് നഷ്ടമായിരിക്കുന്നു. ഇസിലിന്റെ ഖിലാഫതും അവസാനിച്ചിരിക്കുന്നു. പക്ഷേ, ഇപ്പോഴും ചെറിയ പോക്കറ്റുകളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടി അവസാനിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ കൂടുതല്‍ ഊര്‍ജം സ്വീകരിച്ച് അവര്‍ തിരിച്ചുവരുമെന്നും ട്രംപ് വ്യക്തമാക്കി.
കുറച്ചുകാലം നമ്മേക്കാള്‍ കൂടുതല്‍ മനോഹരമായി അവര്‍ ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തി. ഇതുപയോഗിച്ച് അവര്‍ യൂറോപ്പില്‍ നിന്നും മറ്റും അവരെ പിന്തുണക്കുന്നവരെ സൃഷ്ടിച്ചുവെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന സിറിയന്‍ പ്രദേശങ്ങളില്‍ ഇപ്പോഴും ഇസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 1500ഓളം ഇസില്‍ ഭീകരവാദികള്‍ ഇവിടെയുള്ള പോക്കറ്റുകളില്‍ ഒളിച്ചുനിന്ന് പ്രവര്‍ത്തനം നടത്തുന്നുവെന്ന് കഴിഞ്ഞ ദിവസം യു എസ് പ്രതിരോധ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Latest