ഹിന്ദ് സഫര്‍ സമാപന സമ്മേളനം തുടങ്ങി – LIVE

Posted on: February 7, 2019 5:46 pm | Last updated: February 7, 2019 at 9:33 pm


കോഴിക്കോട്: ഖാളീമുഹമ്മദിന്റെ സമരത്തൂലിക വിപ്ലവം തീര്‍ത്ത മണ്ണില്‍ പുതുചരിതമെഴുതി എസ് എസ് എഫ് ഹിന്ദ് സഫര്‍ കോഴിക്കോട് കടല്‍ തീരമണഞ്ഞു. ഇരുപത്തിരണ്ട് സംസ്ഥാനങ്ങളിലായി നാല്‍പതിടങ്ങളിലെ സ്വീകരണങ്ങള്‍ക്കൊടുവില്‍ കോഴിക്കോട്ടെത്തിയ യാത്രാ സംഘത്തെ മുതലക്കുളത്ത് വെച്ച് സംസ്ഥാന ഭാരവാഹികള്‍ സ്വീകരിച്ചു. റവല്യൂഷന്‍ ഗാര്‍ഡ് അംഗങ്ങളുടെ റാലി അഞ്ചരയോടെ കടപ്പുറത്തെത്തി. ധാര്‍മിക വിപ്ലവത്തിന്റെ കാഹളം മുഴക്കിയെത്തിയ ഹിന്ദ് സഫറിനെ സ്വീകരിക്കാനും പുതുചരിത്രത്തിന് കാതോര്‍ക്കാനും ആയിരങ്ങളാണ് കടപ്പുറത്തേക്കൊഴുകിയത്.

തമിഴ്‌നാട്-കേരള അതിര്‍ത്തിയായ നാടുകണിയിലൂടെ കേരളത്തിലേക്കെത്തിയ യാത്രയെ വഴിക്കടവില്‍ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.  ഇന്ന് കോഴിക്കോട് കടപ്പുറത്ത് സമാപിക്കുന്ന യാത്ര ഇരുപത്തിനാല് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് കേരളത്തില്‍ പ്രവേശിച്ചത്. രാജ്യത്തെ മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പ് വരുത്തുക, സൗഹൃദ ഭാരതം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ടാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം 12ന് കശ്മീര്‍ ഹസ്രത്ത് ബാല്‍ മസ്ജിദ് പരിസരത്ത് നിന്നാണ് ഹിന്ദ് സഫര്‍ ആരംഭിച്ചത്. പതിനാറായിരം കിലോമീറ്റര്‍ സഞ്ചരിച്ച് ഇരുപത്തി രണ്ട് സംസ്ഥാനങ്ങളിലെ നാല്‍പ്പത് സ്വീകരണ കേന്ദ്രങ്ങള്‍ കടന്നാണ് കോഴിക്കോട്ട് സമാപിക്കുന്നത്.

ഈ മാസം 23, 24 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന എസ് എസ് എഫ് നാഷനല്‍ കോണ്‍ഫറന്‍സിന്റെ മുന്നോടിയായാണ് യാത്ര സംഘടിപ്പിച്ചത്. എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ശൗക്കത്ത് നഈമി അല്‍ ബുഖാരിയാണ് യാത്ര നയിക്കുന്നത്.

ഹിന്ദ് സഫറിന്റെ സമാപന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, ദേശീയ നേതാക്കളായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, സുഹൈറുദ്ദീന്‍ നൂറാനി പശ്ചിമ ബംഗാള്‍, നൗഷാദ് ആലം ഒഡീഷ, സയ്യിദ് സാജിദ് അലി കശ്മീരി, അബൂബക്കര്‍ സിദ്ദീഖ് മോണ്ടുമോളി, രേഹന്‍ ആലം ബീഹാര്‍, അമാന്‍ ഖുര്‍ഷിദ് മണിപ്പൂര്‍, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ത്വാഹ തങ്ങള്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് കക്കാട്, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, വി പി എം ഫൈസി വില്ല്യാപ്പള്ളി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, യഅ്കൂബ് ഫൈസി, അപ്പോളോ മൂസ ഹാജി, കബീര്‍ എളേറ്റില്‍, കെ അബ്ദുല്‍ കലാം, എ പി മുഹമ്മദ് അശ്ഹര്‍ പത്തനംതിട്ട സംസാരിക്കും.