പുതുച്ചേരിക്കെതിരേയും സമനില; കേരളം സന്തോഷ് ട്രോഫിയില്‍ നിന്ന് പുറത്തേക്ക്

Posted on: February 6, 2019 12:07 pm | Last updated: February 6, 2019 at 12:55 pm

നെയ്‌വേലി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും കേരളത്തിന് ഗോള്‍രഹിത സമനില. നിര്‍ണായക മത്സരത്തില്‍ പുതുച്ചേരിക്കെതിരെയാണ് കേരളം സമനില വഴങ്ങിയത്. രണ്ട് മത്സരങ്ങളില്‍ നിന്ന് കേരളത്തിന് രണ്ട് പോയിന്റ് മാത്രമാണുള്ളത്. ഇതോടെ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു.

ഇന്ന് ഉച്ചക്ക് നടക്കുന്ന മത്സരത്തില്‍ തെലങ്കാനക്കെതിരെ സര്‍വീസസ് വിജയിച്ചാല്‍ കേരളം പുറത്താകും. ആദ്യ മത്സരം വിജയിച്ച സര്‍വീസസിന് മൂന്ന് പോയിന്റുണ്ട്. ഇന്ന് സര്‍വീസസ് ജയിക്കാതിരിക്കുകയും അടുത്ത മത്സരത്തില്‍ സര്‍വീസസിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ മാത്രമേ കേരളത്തിന് പ്രതീക്ഷക്ക് വകയുള്ളൂ. ആദ്യ മത്സരത്തില്‍ തെലങ്കാനക്കെതിരായാണ് കേരളം സമനില വഴങ്ങിയത്.

ആദ്യ മത്സരത്തിലെന്ന പോലെ മുന്നേറ്റത്തിലെ പിഴവുകളാണ് പുതുച്ചേരിക്കെതിരെയും കേരളത്തിന് വിലങ്ങുതടിയായത്. ആദ്യ പകുതിയില്‍ നാലിലേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നു പോലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.