ബംഗാളില്‍ അഴിമതി ഭരണമെന്ന് യോഗി ആദിത്യനാഥ്

Posted on: February 5, 2019 6:16 pm | Last updated: February 5, 2019 at 7:14 pm

കൊല്‍ക്കത്ത: ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ധര്‍ണയിരിക്കുന്നതിലും ലജ്ജാകരമായി ജനാധിപത്യ സംവിധാനത്തില്‍ മറ്റൊന്നില്ലെന്ന് യു പി മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ യോഗി ആദിത്യനാഥ്.

ബംഗാള്‍ സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സന്യാസിയും യോഗിയുമൊക്കെയായ തന്നെ ബംഗാളിന്റെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കാതിരുന്നത് ഇതാണ് തെളിയിക്കുന്നത്- ബംഗാളിലെ പുരുലിയയില്‍ ബി ജെ പി റാലിയില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു.

അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് മമത കൈക്കൊള്ളുന്നത്. പോലീസ് ഉദ്യോഗസ്ഥന്‍ സി ബി ഐ മുമ്പാകെ ഹാജരാകണമെന്ന് കോടതിക്കു ഉത്തരവിടേണ്ട സാഹചര്യമുണ്ടായി. അഴിമതിയില്‍ മുങ്ങിക്കിടക്കുന്ന ഭരണത്തില്‍ നിന്ന് ബംഗാളിനെ മോചിപ്പിക്കണം.

യു പി മുഖ്യമന്ത്രി എത്തിയ ഹെലികോപ്ടറിന് പുരുലിയയില്‍ ഇറങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഝാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ ഇറങ്ങിയ അദ്ദേഹം റോഡ് മാര്‍ഗം 50 കിലോമീറ്റര്‍ യാത്ര ചെയ്താണ് പുരുലിയയിലെ റാലിക്കെത്തിയത്.

ഇക്കഴിഞ്ഞ മൂന്നിന് സംസ്ഥാനത്ത് ബി ജെ പി സംഘടിപ്പിച്ച രണ്ടു റാലികളില്‍ പങ്കെടുക്കാന്‍ ആദിത്യനാഥ് എത്തിയിരുന്നുവെങ്കിലും ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ടെലിഫോണ്‍ വഴിയാണ് അദ്ദേഹം റായ്ഗഞ്ചിലെ റാലിയെ അഭിസംബോധന ചെയ്തത്.