സന്ദര്‍ശകരുടെ തിരക്ക് കൂടി; ഈ വര്‍ഷം ഖുര്‍ആന്റെ 391,412 കോപ്പികള്‍ വിതരണം ചെയ്തു

Posted on: February 1, 2019 1:55 pm | Last updated: February 1, 2019 at 4:04 pm

മദീന: പ്രവാചക നഗരിയായ മദീനയിലെ കിംഗ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സില്‍ നിന്നും ഈ വര്‍ഷം വിശുദ്ധ ഖുര്‍ആന്റെ 391,412 കോപ്പികള്‍ വിതരണം ചെയ്തു. 1984ല്‍ പ്രവര്‍ത്തനം ആരംഭിച്ച പ്രിന്റിംഗ് കോംപ്ലക്‌സ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിരുന്നു. ഈ വര്‍ഷം പ്രവര്‍ത്തനം പുനരാരംഭിച്ചതോടെ ഇവിടേക്കുള്ള ഉംറ തീര്‍ത്ഥാടകരുടെ തിരക്ക് കൂടിവരികയാണ്. ഖുര്‍ആന്‍ പ്രിന്റിംഗിനൊപ്പം ഗവേഷണ കേന്ദ്രവും റെക്കോര്‍ഡിംഗ് സംവിധാനങ്ങളും ഇവിടെയുണ്ട്. ഇവിടെ സന്ദര്‍ശനത്തിനെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും ഓരോ ഖുര്‍ആന്‍ പ്രതിയാണ് സമ്മാനമായി നല്‍കുന്നത്. മദീനയിലെ തബൂക് റോഡിലാണ് ഖുര്‍ആന്‍ പ്രിന്റിംംഗ് കോംപ്ലക്സ്.

ആയിരത്തി എഴുനൂറ് ജീവനക്കാരുള്ള ഇവിടെ പ്രതിവര്‍ഷം പത്ത് മില്യണ്‍ വിശുദ്ധ ഗ്രന്ഥങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓണ്‍ലൈനില്‍ വിശുദ്ധ ഖുര്‍ആന്റെ അറബി ഭാഷയിലുള്ള പാരായണം ലഭ്യമാണ്. പ്രിന്റിംഗ് കോംപ്ലക്‌സ് നിലവില്‍ വന്ന ശേഷം ഇതുവരെ 128 മില്ല്യണ്‍ ഖുര്‍ആന്‍ പ്രതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഹജ്ജ് കഴിഞ്ഞു മടങ്ങുന്ന ഹാജിമാര്‍ക്ക് സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഹാജിമാര്‍ക്ക് ഖുര്‍ആന്‍ സമ്മാനമായി നല്‍കിവരുന്നുണ്ട്.