നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് – ഐ എന്‍ എല്‍ ലയനം തിരഞ്ഞെടുപ്പിന് മുമ്പ്

Posted on: February 1, 2019 9:53 am | Last updated: February 1, 2019 at 1:16 pm

കൊച്ചി: പി ടി എ റഹീം എം എല്‍ എയുടെ നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ ലയനം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കും. പി ടി എ റഹീമിന്റെ പാര്‍ട്ടിയുമായിട്ടുള്ള ലയനം തത്വത്തില്‍ തീരുമാനമായിട്ടുണ്ടെന്നും ഇരുപാര്‍ട്ടികളുടേയും യോഗം ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍ ഡി എഫിലെ സ്വതന്ത്ര എം എല്‍ എമാര്‍ ഐ എന്‍ എല്ലിലേക്ക് വരുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ ഐ എന്‍ എല്‍ സീറ്റ് ആവശ്യപ്പെടുന്നതിനെക്കുറിച്ചും ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പി സി ജോര്‍ജിന്റെ കേരളാ ജനപക്ഷം പാര്‍ട്ടിയുടെ രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഐ എന്‍ എല്ലില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സജാദ് റബ്ബാനി, അഡ്വ. മനോജ് സി നായര്‍ എന്നിവരാണ് ഐ എന്‍ എല്ലില്‍ ചേരുന്നത്. പി സി ജോര്‍ജിന്റെ ഏകാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സജാദ് റബ്ബാനി പറഞ്ഞു.

കേരളാ ജനപക്ഷം എറണാകുളം ജില്ലാ സെക്രട്ടറി കെ എം ജോര്‍ജ്, ഭാരവാഹി വിബിന്‍ വൈപ്പിന്‍, ഐ എന്‍ എല്‍ ട്രഷറര്‍ ബി ഹംസാ ഹാജി, സെക്രട്ടേറിയറ്റ് മെമ്പര്‍ എന്‍ കെ അബ്ദുള്‍ അസീസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.