ടിക്കറ്റ് മെഷീന്‍ ടെന്‍ഡറില്‍ ഇടപെട്ടതെന്തിനെന്ന് മന്ത്രിയോട് ഹൈക്കോടതി

Posted on: January 30, 2019 10:46 pm | Last updated: January 31, 2019 at 9:02 am

കൊച്ചി: കെഎസ്ആര്‍ടിസിക്കായി ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വാങ്ങാനുള്ള ടെന്‍ഡറില്‍ ഇടപെട്ട ഗതാഗത മന്ത്രിക്കെതിരെ ഹൈക്കോടതി. ടെന്‍ഡറില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച സ്വകാര്യ കമ്പനിയെ പ്രത്യേകം പരിഗണിക്കണമെന്ന് കാണിച്ച് കെഎസ്ആര്‍ടിസി എംഡിക്ക് കത്ത് നല്‍കിയ മന്ത്രി എകെ ശശീന്ദ്രന്റെ നടപടിയെ പരാമര്‍ശിച്ചായിരുന്നു കോടതി വിമര്‍ശം. ഇടപാടില്‍ മന്ത്രി ഇടപെടേണ്ട സാഹചര്യമെന്തായിരുന്നു? കരാറില്‍ മന്ത്രിക്ക് എന്താണ് പ്രത്യേക താല്‍പര്യം എന്നീ ചോദ്യങ്ങളാണ് കോടതി ചോദിച്ചത്.

കത്ത് വെറുതെ നല്‍കിയതാണ് ഗൗരവത്തിലെടുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടി കോടതി മുഖവിലക്കെടുത്തില്ല. ടെന്‍ഡര്‍ അനുവദിച്ചു നല്‍കുന്നത് ഹരജിയിലെ തീര്‍പ്പിന് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. തങ്ങളെ ഒഴിവാക്കുന്നതരത്തില്‍ ടെന്‍ഡര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയെന്ന ബെംഗളുരു കമ്പനിയുടെ ഹരജിയില്‍ ഹൈക്കോടതി കെഎസ്ആര്‍ടിസിയോട് സത്യവാങ്മൂലം തേടുകയായിരുന്നു. ടെന്‍ഡര്‍ വിഷയത്തില്‍ തങ്ങള്‍ മന്ത്രിക്ക് പരാതി നല്‍കിയപ്പോള്‍ വ്യക്തിപരമായി പരിഗണിച്ച് ഉചിതമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എംഡിക്ക് കത്ത് നല്‍കുകയായിരുന്നുവെന്ന് കമ്പനി വാദത്തിനിടെ പറഞ്ഞിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കോടതി ചോദ്യങ്ങളുന്നയിക്കുകയായിരുന്നു. ടെന്‍ഡര്‍ വ്യവസ്ഥ തിരുത്തിയത് മറ്റൊരു കമ്പനിക്ക് വേണ്ടിയാണെന്നാണ് ഹരജിക്കാരുടെ വാദം.