Connect with us

National

ബി ജെ പിയുമായുള്ള സഖ്യം തുടരുമെന്ന പ്രഖ്യാപനവുമായി ശിവസേന

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ ബി ജെ പിയുമായുള്ള സഖ്യത്തില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച ശിവസേന. ബി ജെ പിയുടെ മുഖ്യ സഖ്യകക്ഷിയായിരുന്നു ശിവസേനയെന്നും അത് അങ്ങനെത്തന്നെ തുടരുമെന്നും പാര്‍ട്ടി നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. മുംബൈയില്‍ നടന്ന പാര്‍ട്ടി യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യയില്‍ ക്ഷേത്ര നിര്‍മാണം ഉള്‍പ്പടെയുള്ള വിഷയങ്ങളുയര്‍ത്തി ബി ജെ പിക്കെതിരെ ശിവസേന രൂക്ഷ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടതോടെയാണ് ഇരു കക്ഷികളും തമ്മിലുള്ള ബന്ധം വഷളായത്. 2019ലെ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാകില്ലെന്നും ശിവസേനയെ പ്രതിപക്ഷമായി കാണുമെന്നും ഈമാസമാദ്യം ബി ജെ പി അധ്യക്ഷന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ബി ജെ പിയെ കുഴിച്ചുമൂടുമെന്ന് ശിവസേന തിരിച്ചടിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ 289 അംഗ നിയമസഭയില്‍ 121 അംഗങ്ങളാണ് ബി ജെ പിക്കുള്ളത്. ശിവസേനക്ക് 63ഉം. 48 ലോക്‌സഭാ സീറ്റുകളില്‍ 23 എണ്ണം ബി ജെ പിയുടെ കൈവശമുള്ളപ്പോള്‍ ശിവേസനക്ക് 18 എണ്ണമാണുള്ളത്.