Connect with us

Editorial

വിദഗ്ധ സമിതി റിപ്പോര്‍ട്ട്

Published

|

Last Updated

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ ഘടനയില്‍ സമഗ്ര മാറ്റത്തിന് വഴിയൊരുക്കുന്നതാണ് എസ് സി ഇ ആര്‍ ടി മുന്‍ ഡയറക്ടര്‍ ഡോ. എം എ ഖാദര്‍ അധ്യക്ഷനായ വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌. സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ എന്ന രീതിയില്‍ രണ്ട് മേധാവികളെ അവസാനിപ്പിച്ചു പ്രിന്‍സിപ്പലിനെ സ്ഥാപന മേധാവിയാക്കുക, പ്രൈമറി തലത്തിലെ അധ്യാപകരുടെ അടിസ്ഥാന യോഗ്യത ബിരുദവും ബി എഡും സെക്കന്‍ഡറിയില്‍ ബിരുദാനന്തര ബിരുദവും ബി എഡും തുടങ്ങി അടിമുടി മാറ്റത്തിന് ആവശ്യപ്പെടുന്നതാണ് റിപ്പോര്‍ട്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ്, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്നിങ്ങനെ നിലവിലുള്ള മൂന്ന് ഡയറക്ടറേറ്റുകള്‍ ലയിപ്പിച്ചു ഡയറക്ടറേറ്റ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ ആക്കും.

സ്‌കൂളുകളിലെ എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ഘടനയിലും മാറ്റമുണ്ട്. ഒന്ന് മുതല്‍ ഏഴ് വരെ ഒരു സ്ട്രീമും എട്ട് മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് മറ്റൊരു സ്ട്രീമുമായിരിക്കും. ദേശീയ തൊഴില്‍ നൈപുണ്യ വിദ്യാഭ്യാസ ചട്ടക്കൂട് (എന്‍ എസ് ക്യു എഫ്) കേരളത്തില്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ വി എച്ച് എസ് ഇകളും സെക്കന്‍ഡറി സ്‌കൂളുകളാക്കി മാറ്റണമെന്നും സമിതി നിര്‍ദേശിക്കുന്നു. എന്‍ സി ടി ഇ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളാകണം പ്രീസ്‌കൂളിന് യോഗ്യത. മൂന്ന് വയസ്സ് മുതല്‍ സ്‌കൂള്‍ പ്രവേശന പ്രായംവരെ കുട്ടികള്‍ക്ക് പ്രീ- സ്‌കൂളിന് സൗകര്യമൊരുക്കണം. പ്രീ- സ്‌കൂളുകള്‍ക്ക് ഏകോപിത സംവിധാനം വേണം. അംഗീകാരമില്ലാത്ത പ്രീ- സ്‌കൂള്‍, അധ്യാപക പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രീ- സ്‌കൂളുകള്‍ക്ക് നയവും നിയമവും രൂപവത്കരിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.

നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് സ്‌കൂള്‍ വിദ്യാഭ്യാസം. കാലത്തിന്റെ മാറ്റങ്ങള്‍ക്കും അഭിരുചികള്‍ക്കുമനുസരിച്ച് വിദ്യാഭ്യാസത്തിലും മാറ്റങ്ങള്‍ വരേണ്ടതുണ്ട്. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ പാഠ്യപദ്ധതിയിലും വിദ്യാഭ്യാസ ഘടനയിലും പല പരിഷ്‌കരങ്ങളും വരുത്തുകയുമുണ്ടായി. വിദ്യാഭ്യാസ നിലവാരത്തില്‍ ഇത് ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിരുന്നെങ്കിലും സമീപകാലത്ത് സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം കുത്തനെ താഴുകയാണെന്ന് അസര്‍ (ആന്വല്‍ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷന്‍) റിപ്പോര്‍ട്ടും സര്‍വശിക്ഷാ അഭിയാന്റെ സഹകരണത്തോടെ എന്‍ സി ഇ ആര്‍ ടി നടത്തിയ നാഷനല്‍ അച്ചീവ്‌മെന്റ് ഫലവും വ്യക്തമാക്കുന്നു. അഞ്ച്, എട്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് രണ്ടാം ക്ലാസ് പാഠപുസ്തകം പോലും വായിക്കാന്‍ കഴിയുന്നില്ലെന്നും അയല്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ പല വിഷയങ്ങളിലും ദേശീയ ശരാശരിയെയും കവച്ചുവെച്ചു മുന്നേറുമ്പോള്‍ കേരളം ദേശീയ ശരാശരിയേക്കാളും പിന്നിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
വിദ്യാഭ്യാസത്തില്‍ മറ്റെന്തിനേക്കാളും പ്രധാനം അധ്യാപനത്തിലെ നൈപുണ്യവും ആത്മാര്‍ഥതയുമാണ്. അധ്യാപകര്‍ക്ക് മികവും ചെയ്യുന്ന ജോലിയോട് പ്രതിബദ്ധതയുമില്ലെങ്കില്‍ വിദ്യാര്‍ഥികളുടെ പഠന നിലവാരം മോശമാകും. നേരത്തെ വിദ്യാഭ്യാസ നിലവാരത്തില്‍ ഏറ്റവും മുന്നിലായിരുന്ന കേരളം പിറകോട്ട് പോയതിന്റെ കാരണമിതാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ആഗോളതലത്തിലെ വൈജ്ഞാനിക മുന്നേറ്റത്തിനനുസൃതമായി നമ്മുടെ പഠിതാക്കള്‍ വളരുന്നില്ല. അധ്യാപക യോഗ്യത ഉയര്‍ത്തണമെന്ന സമിതിയുടെ ശിപാര്‍ശ ഇതടിസ്ഥാനത്തിലാണ്. എന്നാല്‍, യോഗ്യതാ മാനദണ്ഡത്തിലെ പരിഷ്‌കരണത്തോടൊപ്പം കാലത്തിനനുസൃതമായി അധ്യാപകരുടെ അറിവ് വികസിപ്പിക്കാനും നൈപുണ്യം വര്‍ധിപ്പിക്കാനും സഹായകമായ പരിശീലന പരിപാടികളും ആവശ്യമാണ്. ടെക്സ്റ്റ് ബുക്കുകളില്‍ ഒതുങ്ങേണ്ടതല്ല അധ്യയനവും അധ്യാപനവും. അതിനപ്പുറം ലോകത്തെ മാറ്റങ്ങളെക്കുറിച്ചു വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുക കൂടി ചെയ്യേണ്ടതുണ്ട്.
അക്കാദമിക തലത്തിലെ മികവിനെ ലക്ഷ്യമാക്കി മാത്രമാണ് ഇന്ന് വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണ ചര്‍ച്ചകള്‍ നടന്നു വരുന്നത്. അതിനപ്പുറം വിദ്യാര്‍ഥികളുടെ സാമൂഹിക ബോധവും വ്യക്തിജീവിതത്തിലെ പരിശുദ്ധിയും ചിന്തക്ക് വിഷയീഭവിക്കാറില്ല. സമൂഹജീവിതത്തിലും വ്യക്തി ജീവിതത്തിലും അനുവര്‍ത്തിക്കേണ്ട മാന്യത, സഹജീവികളോടുള്ള കരുണ, സഹാനുഭൂതി, സഹിഷ്ണുത, പെതുവൃത്തി, പൗരബോധം, ഗതാഗത നിയമങ്ങളുടെ പാലനം തുടങ്ങി ഒരു വിദ്യാര്‍ഥിയെ ഉത്തമ പൗരനാക്കി മാറ്റിയെടുക്കാന്‍ ഉതകുന്നതായിരിക്കണം വിദ്യാഭ്യാസം. രാജ്യം നേരിടുന്ന സാംസ്‌കാരിക അപചയത്തിന്റെ മുഖ്യകാരണം വളര്‍ന്നു വരുന്ന തലമുറയുടെ സാംസ്‌കാരിക മുന്നേറ്റത്തില്‍ വിദ്യാഭ്യാസ മേഖല കാണിക്കുന്ന അശ്രദ്ധയാണ്. പരിഷ്‌കരണ ചര്‍ച്ചകളിലും റിപ്പോര്‍ട്ടുകളിലും ഈ കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതാണ്.
നിലവിലെ അധ്യാപകരെയും ഇതര ജീവനക്കാരെയും ബാധിക്കാതെ ഘട്ടംഘട്ടമായുള്ള ഘടനാമാറ്റമാണ് ഡോ. എം എ ഖാദര്‍ സമിതിയുടെ ശിപാര്‍ശയെന്നതിനാല്‍ ഇതിനെതിരെ അധ്യാപക മേഖലയില്‍ നിന്ന് വ്യാപകമായി എതിര്‍പ്പ് ഉയരാന്‍ സാധ്യതയില്ല. എങ്കിലും ഡി ഇ ഒ, എ ഇ ഒ തസ്തികകളും ചില പ്രമോഷനുകളും ഇല്ലാതാകുമെന്നതിനാല്‍ ഹയര്‍ സെകന്‍ഡറി തലത്തില്‍ നിന്ന് എതിര്‍പ്പുയരാന്‍ സാധ്യതയുണ്ട്. അധ്യാപനത്തെ കേവല തൊഴിലായി കാണാതെ അതിന്റെ പ്രാധാന്യം മനസ്സിലാക്കി വിദ്യാഭ്യാസ രംഗത്തെ നല്ല മാറ്റങ്ങളോട് പരമാവധി യോജിച്ചു പോകാന്‍ അധ്യാപകര്‍ സന്മനസ്സ് കാണിക്കേണ്ടതുണ്ട്. ചര്‍ച്ചകളിലൂടെ എല്ലാവരെയും സഹകരിപ്പിച്ചു കൊണ്ടായിരിക്കണം സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്.