രാഹുല്‍ ഗാന്ധി പക്വത കാട്ടിത്തുടങ്ങിയെന്ന് ബി ജെ പി. എം പി

Posted on: January 20, 2019 11:32 pm | Last updated: January 20, 2019 at 11:32 pm

ഡെറാഡൂണ്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പക്വത കാട്ടിതുടങ്ങിയെന്ന് ബി ജെ പി. എം പി സരോജ് പാണ്ഡെ. അടുത്തിടെ രാഹുല്‍ നടത്തിയ രാഷ്ട്രീയ നീക്കങ്ങളെ എങ്ങനെ വിലയിരുത്തുന്നുവെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍. ചത്തീസ്ഗഢില്‍ നിന്നുള്ള രാജ്യസഭാ എം പിയായ ഇവര്‍ നേരത്തെ രാഹുലിനെ മന്ദബുദ്ധിയെന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു.

വ്യാപം അഴിമതി രാഷട്രീയ ആയുധമായി കോണ്‍ഗ്രസ് ഉപയോഗിച്ചത് എങ്ങനെയെന്ന് നമ്മള്‍ കണ്ടിരുന്നു. എന്നാല്‍ അത് നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ബി ജെ പി ഒരു തരത്തിലുള്ള അഴിമതിയും നടത്തുന്നില്ല. ഈ സാഹചര്യത്തിലാണ് റാഫേല്‍ അഴിമതി പാര്‍ട്ടിയുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സരോജ് പാണ്ഡേ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അവര്‍ രാഹുലിനെ മന്ദബുദ്ധിയെന്ന് വിളിച്ചാക്ഷേപിച്ചത്. ‘അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ അമ്പരിപ്പിക്കുന്നതാണ്. അദ്ദേഹം പലതും പഠിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ പഠിക്കുന്നതിന് ഒരു പ്രായമുണ്ട.് 40 വയസ്സിന് ശേഷം പഠിക്കാന്‍ ശ്രമിക്കുന്നവരെ അറിവുള്ളവരെന്ന് വിളിക്കാന്‍ കഴിയില്ല. അവരെയാണ് മന്ദബുദ്ധിയെന്ന് വിളിക്കുന്ന’തെന്ന് അവര്‍ ദര്‍ഗില്‍ നടന്ന പൊതുപരിപാടയില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന ബി ജെ പി വിരുദ്ധ മെഗാറാലിയെ സരോജ് പാണ്ഡെ വിമര്‍ശിച്ചു. വിവിധ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഒന്നിച്ച് ഒരു മേല്‍ക്കൂരക്ക് കീഴില്‍ അണിനിരക്കുന്നത് അമ്പരപ്പുളവാക്കുന്നുവെന്ന് അവര്‍ പറഞ്ഞു.