ഇസ്‌റാഈല്‍ സൈന്യത്തിന്റെ മിസൈലാക്രമണം സിറിയന്‍ സൈന്യം തകര്‍ത്തു

Posted on: January 20, 2019 10:13 pm | Last updated: January 20, 2019 at 10:13 pm

ദമസ്‌കസ്: ഇസ്‌റാഈല്‍ സൈന്യം നടത്തിയ മിസൈലാക്രമണം സിറിയന്‍ സൈന്യം തകര്‍ത്തു. രാജ്യത്തിന്റെ തെക്ക് ഭാഗങ്ങളില്‍ വെച്ച് തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇസ്‌റാഈല്‍ മിസൈലുകളെ തകര്‍ക്കുകയായിരുന്നുവെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇസ്‌റാഈല്‍ മിസൈലുകളുടെ ലക്ഷ്യങ്ങളില്‍ ഒന്നുപോലും നേടാനായില്ലെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതിനെ കുറിച്ച് ഇസ്‌റാഈല്‍ സൈന്യം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

അതേസമയം, ഗോലന്‍ കുന്നുകള്‍ക്ക് സമീപം വെച്ച് തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ റോക്കറ്റാക്രമണം നിശ്ഫലമാക്കിയതായി ഇസ്‌റാഈല്‍ സൈന്യവും അവകാശപ്പെട്ടു. എന്നാല്‍ എവിടെ നിന്നാണ് റോക്കറ്റുകള്‍ വിക്ഷേപിച്ചതെന്ന് ഇസ്‌റാഈല്‍ വെളിപ്പെടുത്തിയില്ല. സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ നിരവധി തവണ തങ്ങള്‍ ആക്രമണം നടത്തിയെന്ന് കഴിഞ്ഞയാഴ്ച ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ വെളിപ്പെടുത്തിയിരുന്നു.