നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാന്‍ യാത്രാരേഖയായി ഇനി ആധാറും

Posted on: January 20, 2019 8:10 pm | Last updated: January 21, 2019 at 9:56 am

ന്യൂഡല്‍ഹി: അയല്‍ രാഷ്ട്രങ്ങളായ നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാന്‍ യാത്രാ രേഖയായി ഇനി ആധാറും. 15 വയസ്സിനു താഴെയും 65 വയസ്സിനു മുകളിലും ഉള്ളവര്‍ക്കാണ് ആധാര്‍ കാര്‍ഡ് ഉപയോഗിക്കാനാവുകയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, 15നും 65നും ഇടയിലുള്ളവര്‍ക്ക് ആധാര്‍ ഇക്കാര്യത്തിന് ഉപയോഗിക്കാനാകില്ലെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പാസ്‌പോര്‍ട്ടും സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡോ ഇവയിലേതെങ്കിലും ഒന്നുമുണ്ടെങ്കില്‍ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാനാകുന്ന രാഷ്ട്രങ്ങളാണ് നേപ്പാളും ഭൂട്ടാനും. നേരത്തെ 15നു താഴെയും 65നു മുകളിലുള്ളവര്‍ക്ക് പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര സര്‍ക്കാറിന്റെ ആരോഗ്യ സര്‍വീസ് കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയായിരുന്നു തിരിച്ചറിയല്‍ രേഖയായി ഉപയോഗിച്ചിരുന്നത്. ഈ പട്ടികയിലേക്ക് ആധാര്‍ കാര്‍ഡും കൂടി ഉള്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.