Connect with us

National

ഗുജറാത്തില്‍ റിലയന്‍സിന്റെ മൂന്ന് ലക്ഷം കോടി നിക്ഷേപം

Published

|

Last Updated

ഗാന്ധിനഗര്‍: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഗുജറാത്തില്‍ വിവിധ പദ്ധതികള്‍ക്കായി റിലയന്‍സ് ഗ്രൂപ്പ് മൂന്ന് ലക്ഷം കോടി നിക്ഷേപിക്കുമെന്ന് മുകേഷ് അംബാനി. ഊര്‍ജം, പെട്രോകെമിക്കല്‍, പുതിയ സാങ്കേതികവിദ്യ, ഡിജിറ്റല്‍ ബിസിനസ് തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.

ഗുജറാത്തിലെ ജംനഗറില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള പെട്രോകെമിക്കല്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗുജറാത്ത് റിലയന്‍സിന്റെ ജന്‍മഭൂമിയും കര്‍മ്മഭൂമിയുമാണ്. എല്ലായ്‌പ്പോഴും ഗുജറാത്തായിരിക്കും തന്റെ ആദ്യ താത്പര്യമെന്നും അദ്ദേഹം ഒമ്പതാമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റില്‍ പറഞ്ഞു.

ടെലികോം സംരംഭമായ ജിയോയിലൂടെ റിലയന്‍സ് കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദശാബ്ദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ റിലയന്‍സ് കൂടുതല്‍ നിക്ഷേപും തൊഴിലും വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജിയോ നെറ്റ്‌വര്‍ക്ക് ഇപ്പോള്‍ പൂര്‍ണമായി 5ജി ആയിരിക്കുകയാണ്. ഗുജറാത്തില്‍ റിലയന്‍സിന് നിലവിലുള്ള 12 ലക്ഷത്തോളം ചില്ലറ വില്‍പ്പന കേന്ദ്രങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കുമെന്നും അംബാനി പറഞ്ഞു.
ഗുജറാത്തിലെ പണ്ഡിറ്റ് ദീന്‍ ദയാല്‍ യൂനിവേഴ്‌സിറ്റിയില്‍ റിലയന്‍സ് ഫൗണ്ടേഷന്‍ 150 കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest