മോദി ഭരണം യുവജന വഞ്ചനയുടെ പര്യായം: മുഹമ്മദ് റിയാസ്

Posted on: January 11, 2019 9:40 pm | Last updated: January 11, 2019 at 9:40 pm

മുംബൈ: മോദി സര്‍ക്കാര്‍ യുവജന വഞ്ചനയുടെ പര്യായമായി മാറിയതായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. പാല്‍ഗഢില്‍ ഡിവൈഎഫ്‌ഐ മഹാരാഷ്ട്ര സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിവര്‍ഷം രണ്ട് കോടി പുതിയ തൊഴില്‍ എന്ന നിരക്കില്‍, അഞ്ച് വര്‍ഷം കൊണ്ട് പത്ത് കോടി തൊഴില്‍ വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന മോദി ഇതുവരെ പത്ത് ലക്ഷം തൊഴില്‍ പോലും നല്‍കിയില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ മോദി സര്‍ക്കാരിനു ചുട്ട മറുപടി നല്‍കും. ഉജ്ജ്വലമായ കര്‍ഷക പോരാട്ടങ്ങളുടെ മണ്ണാണ് പാല്‍ഗഢ്. ഈ മണ്ണിലെ കര്‍ഷക സമരങ്ങള്‍ ലോകമെമ്പാടുമുള്ള സമര പോരാങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നവയാണ്. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍, മത വര്‍ഗീയതയെ ഉപയോഗിക്കുകയാണ് ഈ ഗവര്‍മെന്റ്. മത സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ സര്‍ക്കാര്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്ത് നടപ്പിലാക്കുകയാണെന്നും റിയാസ് പറഞ്ഞു.

ഡിവൈഎഫ്‌ഐ ജനറല്‍ സെക്രട്ടറി അവോയ് മുഖര്‍ജി, അഖിലേന്ത്യ കിസാന്‍ സഭ പ്രസിഡന്റ് അശോക് ദാവ്‌ലേ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ സെക്രട്ടറി മറിയം ദാവ്‌ലേ, ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം എ.എ റഹീം, സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍, പ്രസിഡന്റ് സുനില്‍ ഗംഗാവനേ എന്നിവര്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.