Connect with us

Articles

ഹാപ്പി ഹര്‍ത്താല്‍ അണ്‍ ഹാപ്പി..!

Published

|

Last Updated

ഹര്‍ത്താല്‍ എന്നു കേട്ടാല്‍ ആരാണ് സന്തോഷിക്കാത്തത് എന്ന നിലയിലാണ് കാര്യങ്ങള്‍. ഓണത്തലേന്ന് പോലെ, പെരുന്നാള്‍ നാളെയാണ് എന്നതു പോലെയാണ് ഓട്ടവും ചാട്ടവും. ഉത്രാടപ്പാച്ചില്‍ എന്നു പറഞ്ഞാലും തെറ്റില്ല. മുഖങ്ങളില്‍ പരിഭ്രാന്തിയാണോ ആനന്ദമാണോ എന്ന് ശരിക്കും പറയാന്‍ പറ്റില്ല. നാളെ ഹര്‍ത്താലാണെന്ന് ഓരോ മുഖവും വിളിച്ചു പറയുകയാണ്.
ആദ്യം പച്ചക്കറിക്കടയിലേക്കാണ് ഓട്ടം. അവിടെ നല്ല തിരക്കാണ്. ഉള്ളി മുതല്‍ ഉരുളക്കിഴങ്ങ് വരെ വാങ്ങിയാലും പിന്നെയും സംശയം തീരില്ല. എന്തോ മറന്നതു പോലെ. വീട്ടിലേക്ക് വിളിച്ചു ചോദിക്കാം. കുറച്ച് പച്ചമുളക് കൂടി വാങ്ങിക്കോ, മനുഷ്യാ, ഹര്‍ത്താലല്ലേ? പിന്നെ ഇറച്ചിക്കടയിലേക്ക്. ക്യൂവാണ്. രണ്ടും മൂന്നും കിലോ ഇറച്ചി വാങ്ങുകയാണ്. ഹര്‍ത്താല്‍ അടിച്ചു പൊളിക്കാനുള്ള തയ്യാറെടുപ്പിലാണ്. വറുത്തും വരട്ടിയും ഈ ഹര്‍ത്താല്‍.
ബേക്കറിയിലേക്ക് ചെന്നപ്പോഴും ഇതു തന്നെ അവസ്ഥ. ഹര്‍ത്താലിന് ആരെങ്കിലും വീട്ടിലേക്ക് വന്നാല്‍ ചായക്കൊപ്പം എന്തെങ്കിലും കൊറിക്കാന്‍ കൊടുക്കേണ്ടേ? നൂറ്റമ്പത് രൂപ അവിടെയും കൊടുത്തു. ഇനിയോ? ഓ മറന്നു, എ ടി എം വേവലാതിയാണ് മനസ്സ് നിറയെ. പണം കിട്ടിയില്ലെങ്കില്‍? പിന്നയൊരു ഓട്ടമാണ്. ക്യൂ റോഡിലെത്തിയിരിക്കുന്നു. പണം കിട്ടണേ, പ്രാര്‍ഥനയാണ്. അടുത്തെത്തി തീര്‍ന്നു പോയാല്‍ കഷ്ടം തന്നെ. എങ്ങനെയൊക്കെയോ നാലായിരം വലിച്ചെടുത്തു.

അങ്ങനെ സമാധാനമായി എന്ന് വിചാരിച്ചപ്പോഴേക്കും മനസ്സില്‍ പെട്രോള്‍ കത്തി. വേഗം വണ്ടിയുമെടുത്ത് പമ്പിലേക്ക്. വാഹനങ്ങളുടെ വിലാപയാത്ര പോലെ. പമ്പങ്ങും വണ്ടിയിങ്ങും. ബോട്ടിലുമായി, വണ്ടിയുമായി നാട്ടുകാര്‍. ചിലര്‍ ബോട്ടില്‍ തിരച്ചിലിലാണ്. ആദ്യം വന്നവര്‍ക്ക് ആദ്യം എന്നാണല്ലോ. അവിടെയുമുണ്ട് ചില സ്വാധീനങ്ങള്‍. ചിലര്‍ക്ക് വന്നപാടെ എണ്ണ കിട്ടുന്നു. അപ്പോള്‍ തുടങ്ങി വാഗ്വാദവും തട്ടിക്കയറലും. തീ പിടിക്കും എന്ന മട്ടിലാണ് കാര്യങ്ങള്‍. ഒമ്പതരയോടെ എണ്ണ കിട്ടി.

കച്ചവടക്കാര്‍ ഹാപ്പിയാണ്. രണ്ട് ദിവസം വില്‍ക്കേണ്ട സാധനങ്ങള്‍ അര ദിവസം കൊണ്ട് തീരുന്നു. സാധനങ്ങളുടെ വില ചോദിക്കാനൊന്നും നേരമില്ല. 10 രൂപ കൂട്ടിയാലും പ്രശ്‌നമില്ല. ആരും ചോദിക്കില്ല. വീട്ടിലെത്തിയപ്പോള്‍ ഭാര്യക്കും കുട്ടികള്‍ക്കും ഹാപ്പിയോട് ഹാപ്പി. കാപ്പി കഴിക്കുമ്പോള്‍ കുട്ടികള്‍ പറഞ്ഞു. നാളെ നേരത്തെ എഴുന്നേല്‍ക്കേണ്ട. സ്‌കൂളില്‍ പോകേണ്ട. വൈകുന്നേരം വരെ കളി. ഹാപ്പി ഹര്‍ത്താല്‍.

കുറച്ച് പടക്കങ്ങള്‍ കൂടി വാങ്ങിയിരുന്നെങ്കില്‍ നന്നായിരുന്നു. ഇടക്കിടെ ഇങ്ങനെ പൊട്ടിച്ച് രസിക്കാലോ? ഹര്‍ത്താല്‍ പടക്കം. ഭാര്യ പറഞ്ഞു.
അടുത്ത ഹര്‍ത്താലിന് അതുകൂടി മാര്‍ക്കറ്റിലെത്തണേ!
ഹാപ്പിക്കാരുടെ കാര്യമാണ് പറഞ്ഞത്. ഹര്‍ത്താലിലെ ചില അണ്‍ഹാപ്പിക്കാരുണ്ട്. നമ്മുടെ പാവം ആനവണ്ടി തന്നെ. ഹര്‍ത്താല്‍ ആണെന്ന് അറിഞ്ഞാല്‍ വണ്ടിക്ക് വിറയല്‍ തുടങ്ങും. കഴിഞ്ഞ ഹര്‍ത്താലിന് ചില്ലും ടയറുമാണ് തകര്‍ത്തത്. അറ്റകുറ്റപ്പണിക്ക് ശേഷം കഴിഞ്ഞാഴ്ചയാണ് റോഡിലിറങ്ങിയത്. ഏറാണ്. ശിലായുഗം. ഡ്രൈവര്‍ക്കും കിട്ടി. ആളാകെ മാറിപ്പോയി.
ജീവനക്കാരുടെയൊരു അവസ്ഥ. ഹര്‍ത്താല്‍ ടെന്‍ഷന്‍. മനസ്സ് നിറയെ ഭീതിയുമായാണ് യാത്ര. എവിടെ വെച്ചാണ്, എപ്പോഴാണ് എന്നൊന്നും ആര്‍ക്കും പറയാനാകില്ല. അടിച്ചു പൊളി രാഷ്ട്രീയം. കടത്തിലാണ് വണ്ടിയും സര്‍ക്കാറും. അപ്പോഴാണ് ഏറും കുത്തും. സ്വതേ ദുര്‍ബല, പോരെങ്കില്‍ ഗര്‍ഭിണിയും…

വീടുകളും ഭീതി നിറച്ചാണ് രാത്രി കഴിക്കുന്നത്. ബോംബുകള്‍ വന്നുവീഴുകയാണ്, തണുത്തു വിറച്ചു നില്‍ക്കുന്ന രാത്രിയില്‍. ഞെട്ടി വിറക്കും, വീടും വീട്ടുകാരും. ചില്ലുകള്‍, ഫര്‍ണിച്ചറുകള്‍ തകരുകയാണ്. അണ്‍ ഹാപ്പി ഹര്‍ത്താല്‍!