ആല്‍ബി മോര്‍ക്കല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Posted on: January 10, 2019 12:54 pm | Last updated: January 10, 2019 at 12:54 pm

ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ആള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. 20 വര്‍ഷം നീണ്ട പ്രൊഫഷനില്‍ ക്രിക്കറ്റ് കരിയറിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. 2004ല്‍ ന്യൂസിലാന്‍ഡിനെതിരെ ഏകദിനത്തില്‍ അരങ്ങേറിയാണ് മോര്‍ക്കല്‍ അന്താരാഷ്ട്ര കരിയറിന് തുടക്കമിടുന്നത്. 58 ഏകദിനങ്ങൡ നിന്ന് 782 റണ്‍സും 50 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2007ല്‍ സിംബാബ്‌വെക്കെതിരെ നേടിയ 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

അന്‍പത് ട്വന്റി20 മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കക്കായി ജേഴ്‌സിയണിഞ്ഞ താരം 572 റണ്‍സും 26 വിക്കറ്റുകളും വിഴ്ത്തി. ഒരു ടെസ്റ്റ് മാത്രമേ കളിച്ചിട്ടുള്ളൂ. 2009 ആസ്‌ത്രേലിയക്കെതിരെ കേപ്ടൗണിലായിരുന്നു മത്സരം. ഐപിഎല്ലില്‍ തിളക്കമാര്‍ന്ന പ്രകടമാണ് മോര്‍ക്കല്‍ കാഴ്ചവെച്ചത്.

2011ല്‍ ഐപിഎല്‍ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിലെ അംഗമായിരുന്നു. ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്, റൈസിംഗ് പൂനെ സൂപ്പര്‍ ജെയ്ന്റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കായും കളിച്ചു. ആള്‍റൗണ്ടറായ മോര്‍ണെ മോര്‍ക്കല്‍ സഹോദരനാണ്.