അമുസ്ലീം അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസ്സാക്കി

Posted on: January 8, 2019 7:48 pm | Last updated: January 9, 2019 at 9:41 am

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഭയം തേടുന്ന അമുസ്ലിംകള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള ബില്‍ ലോക്സഭ പാസ്സാക്കി. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിംകളല്ലാത്ത അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ അനുമതി നല്‍കുന്നതാണ് ബില്‍. കോണ്‍ഗ്രസും, ഇടതുപക്ഷവും അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ശക്തമായ
എതിര്‍പ്പിനിടെയാണ് ബില്‍ പാസ്സാക്കിയത്.

എന്‍ ഡിഎ ഘടകക്ഷികള്‍ അടക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭൂരിഭാഗം പാര്‍ട്ടികളും ബില്ലിനെ ശക്തമായി എതിര്‍ത്തു. ഭരണഘടനയെ തന്നെ അട്ടിമറിക്കുന്ന രീതിയിലാണ് ബില്‍ തയാറാക്കിയിട്ടുള്ളതെന്നാണ് ആരോപണം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ സംഘടനകള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ബില്ലില്‍ പ്രതിഷേധിച്ച് അസം ഗണ പരിഷത്ത് കഴിഞ്ഞ ദിവസം എന്‍ ഡി എ മുന്നണി വിട്ടിരുന്നു.

1955ലെ പൗരത്വ നിയമങ്ങളെ അടിമുടി മാറ്റുന്നതാണ് പൗരത്വ ഭേദഗതി ബില്‍. ഇതു പ്രകാരം ഇന്ത്യയില്‍ ആറു വര്‍ഷത്തോളമായി താമസിക്കുന്ന പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിങ്ങളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാകും. 2014 ഡിസം: 31നു മുമ്പ് ഇവിടെയെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ക്കാണ് ഈ രീതിയില്‍ പൗരത്വം ലഭിക്കുക.