ഇല്ല, ഇനിയത് നടക്കില്ല

രാത്രി 10 മണിക്കും പുലര്‍ച്ചെ രണ്ട് മണിക്കുമൊക്കെ നാളെ ഹര്‍ത്താലാണെന്ന പത്രക്കുറിപ്പിറക്കി വീട്ടില്‍ പോയി സുഖമായി കിടന്നുറങ്ങുന്ന രീതി ഇനി നടക്കില്ല. ഞങ്ങള്‍ വ്യാപാരികള്‍ വാടക കൊടുത്തും ഹോട്ടലുകാര്‍ പിറ്റേ ദിവസത്തേക്കുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കിയും കാത്തിരിക്കുമ്പോള്‍ ഇങ്ങനെയുള്ള ഹര്‍ത്താലുകള്‍ ഉണ്ടാക്കുന്ന നഷ്ടം ചെറുതല്ല. ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഹര്‍ത്താല്‍ വളരെ സുഖമുള്ള പ്രതിഷേധ പരിപാടിയാണെന്ന്. ഇക്കഴിഞ്ഞ ഹര്‍ത്താലില്‍ ഒരു സന്തോഷമുണ്ടായി. വ്യാപാരികളെ സമരക്കാര്‍ തെരുവിലിട്ട് അക്രമിച്ചപ്പോള്‍ പൊതുജനം ഞങ്ങള്‍ക്കൊപ്പം നിന്നു. ഇനിയും ബോധവത്ക്കരണത്തിലൂടെ നിഷ്പക്ഷമതികളായ ആളുകളെ വ്യാപാരികളുടെ കൂടെ നിര്‍ത്താന്‍ കഴിയുമെന്നുറപ്പാണ്.
Posted on: January 7, 2019 6:02 am | Last updated: January 6, 2019 at 11:20 pm

ഞങ്ങള്‍ക്ക് ഒരു പക്ഷമേ ഉളളൂ, ജീവിക്കാനുള്ള പക്ഷം. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും പടച്ചുവിടുന്ന ഹര്‍ത്താലുകള്‍ വിജയിക്കാനുള്ള സിംബലായി വ്യാപാരികളെ ഇനി കാണേണ്ട. 10 വര്‍ഷത്തോളം അങ്ങനെ കടന്നുപോയി. ഇനിയത് നടക്കില്ല. രാത്രി 10 മണിക്കും പുലര്‍ച്ചെ രണ്ട് മണിക്കുമൊക്കെ നാളെ ഹര്‍ത്താലാണെന്ന പത്രക്കുറിപ്പിറക്കി വീട്ടില്‍ പോയി സുഖമായി കിടന്നുറങ്ങുന്ന രീതി ഇനി നടക്കില്ല. ഞങ്ങള്‍ വ്യാപാരികള്‍ വാടക കൊടുത്തും ഹോട്ടലുകാര്‍ പിറ്റേ ദിവസത്തേക്കുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കിയും കാത്തിരിക്കുമ്പോള്‍ ഇങ്ങനെയുള്ള ഹര്‍ത്താലുകള്‍ ഉണ്ടാക്കുന്ന നഷ്ടം ചെറുതല്ല. ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഹര്‍ത്താല്‍ വളരെ സുഖമുള്ള പ്രതിഷേധ പരിപാടിയാണെന്ന്. ഈ ഏര്‍പ്പാടിന് പോസ്റ്റര്‍, ചുമരെഴുത്ത്, പ്രകടനം, മറ്റ് പ്രചാരണ പരിപാടികളൊന്നും വേണ്ട. ഒരു കടലാസില്‍ എഴുതിയങ്ങ് വിട്ടാല്‍ മതി. അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുന്നതോ ഞങ്ങള്‍ വ്യാപാരികളും.

കേരളത്തിലെ ലക്ഷക്കണക്കിന് വ്യാപാരികള്‍ ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മക്ക് ഒരുങ്ങിക്കഴിഞ്ഞു. 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കാനാണ് 86 ഓളം സംഘടനകള്‍ ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്. ബസ്, ട്രക്ക് ഉടമകള്‍ വേറെയും. ഞങ്ങളുടെ തീരുമാനം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ട്രേഡ് യൂനിയനുകളേയും അറിയിച്ചതാണ്. സിറാജ് അടക്കമുള്ള പല മാധ്യമങ്ങളും ഞങ്ങളുടെ നിലപാടിന് പിന്‍ബലവും നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം 97 ഹര്‍ത്താലുകളെയാണ് തിരുവനന്തപുരത്തുകാര്‍ നേരിട്ടത്. വയനാട്ടില്‍ 62 എണ്ണം. ഓരോ ജില്ലകളുടേയും കണക്കെടുത്താല്‍ അനുഭവിച്ച ദിവസങ്ങളില്‍ ചില്ലറ ഏറ്റക്കുറച്ചിലേ വരികയുള്ളൂ. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി വ്യാപാരികളെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയുടെ ദിനങ്ങളായിരുന്നു. ജി എസ് ടി, നോട്ട് നിരോധനം, നിപ്പ വൈറസ്, പ്രളയം… എല്ലാറ്റിന്റേയും ഭവിഷ്യത്ത് അനുഭവിക്കേണ്ടി വന്നവരാണ് വ്യാപാരികള്‍. എത്രയെത്ര സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിപ്പോയിരിക്കുന്നത്. എത്രയെത്ര വ്യാപാരികളാണ് പട്ടിണിയിലായിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാക്‌സ് പ്രതിസന്ധി, തൊഴില്‍ പ്രശ്‌നം, കട ഒഴിപ്പിക്കല്‍, മായം തുടങ്ങിയ ഒട്ടനവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴാണ് വ്യാപാരികള്‍ക്കിടയില്‍ ഇത്തരമൊരു ഐക്യം രൂപപ്പെട്ടത്. സര്‍ക്കാറുമായും ട്രേഡ് യൂനിയന്‍ രംഗത്തെ മറ്റു നേതാക്കളുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാപാര രംഗത്തെ അത്തരം പ്രയാസങ്ങളെല്ലാം ഏകദേശം മാറ്റിയെടുക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ വ്യാപാര മേഖലയില്‍ തൊഴില്‍ പ്രശ്‌നങ്ങളെല്ലാം കുറവാണ്. നിലവിലെ വലിയ പ്രതിസന്ധിയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിനെതിരെയുള്ള ക്യാമ്പയിനിലേക്ക് ആദ്യം വിളിച്ചപ്പോള്‍ പല സംഘടനകള്‍ക്കും വിമുഖതയായിരുന്നു. 10 വര്‍ഷത്തോളം തുടരുന്ന ഈ രീതിയെ എതിര്‍ക്കാനാകുമോ? രാഷ്ട്രീയ സംഘടനകളോട് കളിച്ചാല്‍ വിജയിക്കുമോ? എന്നെല്ലാം. എന്നാല്‍, കക്ഷി രാഷ്ട്രീയത്തിനതീതമായി ജീവിക്കാന്‍ വേണ്ടിയുള്ള ഏത് പോരാട്ടമാണ് വിജയിക്കാത്തത്? നിശ്ചയ ദാര്‍ഢ്യം വേണമെന്നു മാത്രം. ഈയൊരു സന്ദേശം വ്യാപാരികള്‍ക്കിടയില്‍ ഏറി വരികയാണ്. ആദ്യം വിളിച്ച യോഗങ്ങളില്‍ 36 സംഘടനകള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, പിന്നീട് വിളിച്ചു ചേര്‍ത്ത യോഗങ്ങളില്‍ 86 സംഘടനകള്‍ പങ്കെടുത്തു. ബസ്, ട്രക്ക്, ടാക്‌സി യൂനിയനുകളെയെല്ലാം ഞങ്ങളീ കൂട്ടായ്മയിലേക്ക് കൊണ്ടു വരുന്നുണ്ട്.

കഴിഞ്ഞ മിന്നല്‍ ഹര്‍ത്താലിന് ശേഷം ഞങ്ങള്‍ ഈ മാസം 8, 9 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കിനെ നേരിടാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടക്കാണ് ബി ജെ പിയുടെ പിന്തുണയോടെ ശബരിമല കര്‍മ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പുതിയ ഹര്‍ത്താല്‍ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ 2019 വര്‍ഷത്തെ ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കാനുള്ള ഞങ്ങളുടെ തീരുമാനം ബന്ധപ്പെട്ട രാഷ്ട്രീയ സംഘടനയുടെ പ്രസിഡന്റിനെ വീണ്ടും ഓര്‍മിപ്പിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകരുതെന്നും അഭ്യര്‍ഥിച്ചു. ശ്രമിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍, ഹര്‍ത്താല്‍ പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടതോടെ കേരളമാകെ കലാപാന്തരീക്ഷം രൂപപ്പെടുകയായിരുന്നു. വ്യാപാരി സുഹൃത്തുക്കളുടെ നിരവധി സ്ഥാപനങ്ങള്‍ തച്ചുതകര്‍ക്കപ്പെട്ടു. ഞങ്ങള്‍ വീണ്ടും നേതാക്കളെ വിളിച്ചുകൊണ്ടേയിരുന്നു. ഒരാള്‍ പറഞ്ഞത് ഏറെ വേദന തോന്നുന്ന വാക്കുകളായിരുന്നു. നാളത്തെ ഹര്‍ത്താലിന്റെ റിഹേഴ്‌സലാണിന്ന് എന്നായിരുന്നു അത്.

ഹര്‍ത്താല്‍ ദിനം പിറന്നു. വൈകുന്നേരം വരെ കലാപം തന്നെ. എന്റെ കടയടക്കം നിരവധി സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു. എന്നാലും ഒരു കാര്യം ഞങ്ങള്‍ക്ക് അഭിമാനത്തോടെ പറയാം, തലേന്ന് വരെ വലിയ ഭീഷണി നേരിട്ടിട്ടും ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയുടെ ഭാഗമായി 25 ശതമാനത്തോളം കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ ധൈര്യം കാണിച്ചു. അടുത്ത ഹര്‍ത്താലിന് ഇത് ഇരട്ടിയാക്കും. പിന്നീടുള്ള ഹര്‍ത്താല്‍ ദിനങ്ങളില്‍ എല്ലാ കടകളും തുറക്കുന്ന സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കപ്പെടും.

നോക്കൂ, മറ്റ് സംസ്ഥാനങ്ങളിലേക്ക്, അവിടെ ഇങ്ങനെ ഹര്‍ത്താലുണ്ടോ? പണിമുടക്കുകള്‍ ധാരാളമായി നടക്കാറുണ്ട്. അതിന് ഞങ്ങള്‍ എതിരല്ല. ബന്ധപ്പെട്ടവര്‍ അത്തരത്തിലുള്ള പണിമുടക്കുകള്‍ നടത്തട്ടെ, ആവശ്യങ്ങള്‍ നേടിയെടുക്കെട്ട. അതിനെന്തിനാ നാടൊട്ടുക്കുമുള്ള വ്യാപാര സ്ഥാപനങ്ങള്‍ താഴിട്ടു പൂട്ടുന്നത്. നാളെയും മറ്റന്നാളും നടക്കുന്ന ദേശീയ പണിമുടക്കിനോടും ഞങ്ങള്‍ക്കുള്ള നിലപാട് അത് തന്നെയാണ്. ഇന്ധന വില വര്‍ധനവ് മുതല്‍ ജി എസ് ടി വരെയുള്ള ഞങ്ങള്‍ക്കും യോജിക്കാവുന്ന പല ആവശ്യങ്ങളുമുന്നയിച്ചാണ് തൊഴിലാളി സംഘടനകള്‍ ചേര്‍ന്ന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് വാശി പിടിക്കരുതെന്ന് ബന്ധപ്പെട്ടവരോട് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പണിമുടക്കില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്ക് പണിമുടക്കാം. ഞങ്ങള്‍ക്ക് എതിര്‍പ്പില്ല, അവരോട് അതിന്റെ പേരില്‍ പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്നാണ് ഞങ്ങളുടെ തീരുമാനം.
ഹര്‍ത്താലിന്റെ മറവില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഹര്‍ത്താല്‍ വിരുദ്ധകൂട്ടായ്മയുടെ തീരുമാനം. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അതിക്രമം സൃഷ്ടിച്ചയാള്‍ക്ക് ജാമ്യം ലഭിക്കണമെങ്കില്‍ നഷ്ടപരിഹാരം ഒടുക്കേണ്ടി വരും. ഇക്കഴിഞ്ഞ ഹര്‍ത്താലില്‍ അക്രമം സൃഷ്ടിച്ചതിന് അറസ്റ്റിലായവരേയും നഷ്ടപരിഹാരം ഒടുക്കാതെ ജാമ്യം നല്‍കരുതെന്നാണ് ഞങ്ങളുടെ ആവശ്യം. എറണാകുളത്തേയും സുല്‍ത്താന്‍ ബത്തേരിയിലേയും ചങ്ങനാശ്ശേരിയിലേയും വ്യാപാരി സംഘടനകള്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു കഴിഞ്ഞു. കൂടാതെ സംസ്ഥാനമൊട്ടുക്കും പോലീസ് കേസുകള്‍ നിലവിലുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കമുള്ള സംഘടനകള്‍ ശക്തമായ നിയമ നടപടികളുമായി രംഗത്തുമുണ്ടാകും.
അവസാനത്തെ ഹര്‍ത്താലില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണങ്ങളില്‍ ഞങ്ങള്‍ക്ക് വളരെയേറെ പ്രതിഷേധമുണ്ട്. ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കുന്നതിനാല്‍ ഞങ്ങള്‍ കടകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രിയടക്കമുള്ളവരെ തലേന്ന് തന്നെ അറിയിച്ചിരുന്നു. എന്നാല്‍, കോഴിക്കോട് മിഠായ്‌ത്തെരുവ് അടക്കമുള്ളിടങ്ങളില്‍ പോലീസ് നിഷ്‌ക്രിയമായാണ് പെരുമാറിയത്. സമരാനുകൂലികള്‍ പ്രകടനമായി കടന്നുവന്നപ്പോള്‍ അവരെ തടയാതിരുന്ന പോലീസ് പ്രശ്‌നം തുടങ്ങിയ ശേഷം അവരുടെ പിന്നാലെ ഓടുകയായിരുന്നു.

ഇക്കഴിഞ്ഞ ഹര്‍ത്താലില്‍ ഒരു സന്തോഷമുണ്ടായി. വ്യാപാരികളെ സമരക്കാര്‍ തെരുവിലിട്ട് അക്രമിച്ചപ്പോള്‍ പലയിടത്തും പൊതുജനം ഞങ്ങള്‍ക്കൊപ്പം നിന്നു. ഇനിയും ശക്തമായ ബോധവത്ക്കരണത്തിലൂടെ നിഷ്പക്ഷമതികളായ ആളുകളെ വ്യാപാരികളുടെ കൂടെ നിര്‍ത്താന്‍ കഴിയുമെന്നുറപ്പാണ്. ഹര്‍ത്താല്‍ അവസാനത്തെ സമരമുറയാണെന്ന് അംഗീകരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറാകണമെന്നാണ് ഞങ്ങള്‍ക്ക് ഓര്‍മിപ്പിക്കാനുള്ളത്.
(കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ ചെയര്‍മാനുമണ് ലേഖകന്‍)
തയ്യാറാക്കിയത്: ഉമര്‍ മായനാട്