ഇത് മതത്തിന്റെ ആഴക്കാഴ്ച കിട്ടാത്തതിന്റെ കുറവ്

മതം ആത്മീയ ഭൗതിക ലോകങ്ങളെ സമ്മേളിപ്പിച്ച ജീവിതപദ്ധതിയാണെന്ന് പറയുമ്പോള്‍, ശ്രദ്ധിക്കേണ്ട കാര്യം അതിലെ പ്രൊപ്പോര്‍ഷന്‍ എത്രയെന്നതാണ്. ഫിഫ്റ്റി- ഫിഫ്റ്റി എന്ന് പറയാനായിരിക്കും നാവ് ഇമിരുന്നത്. പക്ഷേ റിലാക്‌സായി ആലോചിച്ചുനോക്ക്. മതത്തിന് ഭൗതിക ജീവിതമെന്നത് വെറും പുറന്തൊലിയും മജ്ജക്കുള്ളിലെ ദ്രവമടക്കം ശേഷിച്ചതപ്പാടെ ആത്മീയതയുമാണ്. ആ ഒരു അനുപാത ക്രമക്കേട് ഉള്‍ക്കൊള്ളാന്‍ മാത്രം ധിഷണ വികസിക്കാത്ത കാലത്തോളം സന്ദേഹവാദം പുളഞ്ഞുപൊങ്ങും.
വഴിവിളക്ക്‌
Posted on: January 6, 2019 12:30 pm | Last updated: January 6, 2019 at 12:32 pm

‘ഛെ! ഛെ! അങ്ങനെയല്ല, ഇങ്ങനെയാണ് വേണ്ടിയിരുന്നത്’ എന്ന് ചിന്തിക്കേണ്ടുന്ന ഒരുപാട് മതസന്ദര്‍ഭങ്ങള്‍ ജമാഅത്തിനും സമാന്തര ആശയധാരകള്‍ക്കും അഭിമുഖീകരിക്കേണ്ടി വരുന്നത്, ആത്മീയപ്രധാനമായ ഒരു ആശയവ്യവസ്ഥയെ അളന്നെടുക്കാന്‍ യുക്തിബോധത്തെ ആശ്രയിച്ചതുകൊണ്ടാണ്. മതം ഇറങ്ങേണ്ടത് മനസ്സിലേക്കാണ്. അല്ലാതെ തലച്ചോറ്റിന്റെ അരിപ്പപ്പാട്ടയിലേക്കല്ല. എന്നുവെച്ച് ‘യുക്തിവിരുദ്ധമായ ഐതിഹ്യങ്ങളുടെയും കെട്ടുകഥകളുടെയും സാകല്യമാണ് മതം എന്നല്ലേ പറഞ്ഞുവരുന്നത്’ എന്ന ഹറാമീ അര്‍ഥം വെപ്പിലേക്ക് പോകണ്ട. അല്ല! അങ്ങനെയൊന്നുമില്ല!! പറഞ്ഞുവരുമ്പോള്‍ തിരിഞ്ഞുവരുമായിരിക്കും, ചിലര്‍ക്ക്, ചിലതെങ്കിലും. നോക്കാം.

ഇസ്‌ലാം കാര്യങ്ങളും ഈമാന്‍ കാര്യങ്ങളും നമ്മള്‍ വളഞ്ഞിരുന്ന് വിശകലനം ചെയ്യുന്നു. പക്ഷേ, ഒരു സക്കാത്തൊഴിച്ച് ബാക്കിയൊക്കെ പറഞ്ഞുപറഞ്ഞ് ശരിയാക്കിയെടുക്കേണ്ട ജനോപകാര പദ്ധതികളായി തോന്നിപ്പോവും. ലോകമാകെ വ്യാപിച്ചുകിടക്കുന്ന മാനവസമൂഹത്തിന്റെ ജീവിതപദ്ധതിയെന്ന നിലക്ക് ഇതിനേക്കാള്‍ പ്രാമുഖ്യം കൊടുക്കേണ്ട കാര്യങ്ങള്‍ മറ്റു പലതുമായിരുന്നു എന്ന് ജമാഅത്തിനും മറ്റും ഉള്ളിന്റെ ഉള്ളാല്‍ തോന്നും. പുറത്തുപറയുകയോ ചര്‍ച്ചക്ക് വെക്കുകയോ ഇല്ല. ഈമാനിസ്‌ലാം കാര്യങ്ങള്‍ ഒന്ന് ലിസ്റ്റാക്കാനുള്ള ഒരു അസൈന്‍മെന്റ് അല്ലാഹു നമ്മളെ ഏല്‍പ്പിച്ചുവെന്നിരിക്കുക. നമ്മളെങ്ങനെയാണ് വിശ്വാസകാര്യങ്ങള്‍ എഴുതിച്ചിട്ടപ്പെടുത്തുക.
. ആഗോള മാനവികതയില്‍ വിശ്വസിക്കുക
. എല്ലാ സഹോദരീസഹോദരന്മാരും ഒരുപോലെയെന്ന് വിശ്വസിക്കുക
. പാവപ്പെട്ടവരേയും കഷ്ടപ്പെട്ടവരേയും ഞാന്‍ സഹായിക്കുമെന്ന് മനസ്സില്‍ ദൃഢമായി വിശ്വസിച്ച് നാക്കുകൊണ്ട് വെളിവാക്കി പറയുക.
. മിണ്ടാപ്രാണികളെയും പ്രകൃതിവിഭവങ്ങളെയും മാന്യമര്യാദകളോട െൈകകാര്യം ചെയ്യുമെന്ന് വിശ്വസിക്കുക..
കണ്ടോ, എല്ലാം പ്രസക്തമായ/ ഉപകാരദായകമായ കാര്യങ്ങള്‍. അല്ലാഹു ഉണ്ടാക്കിയതോ?
ഇനി കര്‍മകാര്യങ്ങള്‍
. പരോപകരായി ജീവിക്കുക
. അശരണരുടെ ആശ്വാസമാകുക
. ഭവനരഹിതന് മേല്‍ക്കൂരയാകുക
. വഴിതെറ്റിയവന് വിളക്കാകുക
. വിശക്കുന്നവന്റെ മുന്നിലെ കഞ്ഞിയാവുക.
സത്യം പറ, ഇങ്ങനെയൊക്കെ ആവുന്നതായിരുന്നു നല്ലത് എന്നല്ലേ ജമാഅത്ത് മനസ്സ് മന്ത്രിക്കുന്നത്.

ലോകത്തെ ലക്ഷക്കണക്കിനാളുകളുടെ ജീവിതം ഒരു വട്ടക്കണ്ണാടിയില്‍ പ്രതിഫലിപ്പിച്ച്, മാറിനിന്ന് നിരീക്ഷിക്കുന്ന പക്ഷം, അവര്‍ കാര്യമായി നിര്‍വഹിക്കുന്ന ആത്മീയവേല നിസ്‌കാരമാണെന്ന് തെളിയും. ഇബാദത്തുകളുടെ രാജറാണിയാണുതാനും ഈ നിസ്‌കാരം. കൊല്ലങ്ങളായി കോടിക്കണക്കിന് മുസ്‌ലിംകള്‍ സഹസ്രകോടി നിസ്‌കാരങ്ങള്‍ നിര്‍വഹിച്ചു/ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. മനുഷ്യര്‍ക്കിതുകൊണ്ട് എന്ത് പ്രയോജനം എന്നതിനേക്കാള്‍ ലോകമായ ലോകങ്ങളെയെല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്ന നിരാശ്രയനായ അല്ലാഹുവിന് ഇതുകൊണ്ടെന്ത് കാര്യമാണ് കിട്ടുന്നത്? എമ്പിരിക്കലായി എണ്ണിപ്പറയാന്‍ പറ്റുന്ന നേട്ടങ്ങളില്ലാത്ത ഒരു കാര്യത്തിന് വേണ്ടി എത്രകോടി മനുഷ്യരാണ് അളവമില്ലാ സമയം കളയുന്നത്! ഹജ്ജിന്റെ ‘പ്രായോഗിക ഫലശൂന്യതയെ’ കുറിച്ച് മുമ്പൊരിക്കല്‍ നമ്മള്‍ ചര്‍ച്ച ചെയ്തതാണ്.

മതത്തിന്റെ അനുഷ്ഠാനപരവും വിശ്വാസപരവുമായ പലകാര്യങ്ങളിലും ഉള്‍സന്ദേഹികളായി മാറിയ ജമാഅത്തുകാരടക്കം എല്ലാവരും ഈമാന്‍ കാര്യങ്ങളില്‍ കാര്യമായി എടുക്കുന്ന ഒന്നാണ് മലക്കുകളിലുള്ള വിശ്വാസം. എന്ത് മലക്ക്? ഏത് മലക്ക്? ആര് കണ്ടു? എവിടെ കണ്ടു? എപ്പം കണ്ടു? ഏത് രാസശാലയില്‍ എത്ര അളവ് പൊട്ടാസ്യം തയോസയനൈഡ് ചേര്‍ത്ത് ചൂടാക്കിയപ്പോള്‍ ഏത് ടെസ്റ്റ്ട്യൂബിലാണ്/ ഏത് നിരീക്ഷണശാലയിലെ ഏത് മോണിറ്ററിലാണ് മലക്കിന്റെ തന്മാത്രയും മിടിപ്പും നിഴലും മിന്നിക്കണ്ടത്?

അങ്ങനെ ആഴത്തില്‍ ചിന്തിക്കുമ്പോള്‍ തനി ‘അന്ധവിശ്വാസ’മായി തെളിഞ്ഞുവരുന്ന ഒരുകാര്യം തൊണ്ടതൊടാതെ വിശ്വസിക്കുകയും എന്നിട്ട് ആ മലക്കുകളില്‍ പെട്ട രണ്ടോഫീസര്‍മാര്‍ മണ്ണിലൂടെ ഊര്‍ന്നിറങ്ങി വന്ന് ചോദ്യം ചോദിക്കുമ്പോള്‍ ഇതുപറഞ്ഞോ, അതുപറഞ്ഞോ എന്നുണര്‍ത്തുന്ന തല്‍ഖീനിലെ അന്ധവിശ്വാസത്തിന്റെ പരപ്പളവോര്‍ത്ത് ജമാഅത്തും മറ്റും ‘ഹി ഹ് ഹി ഹ് ഹി’ പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. ചിരി വരുന്നില്ലേ ഇതെല്ലാം കാണുമ്പോള്‍?

അല്ലാഹു കിതാബുകളിറക്കി! ആരു പറഞ്ഞു? മനുഷ്യന്‍ പറഞ്ഞു! അതെ മനുഷ്യനാണ് പറയുന്നത് ‘ഞാന്‍ വരുന്നത് അല്ലാഹുവില്‍ നിന്നാണ് എന്നത്?’ ഞാന്‍ പറയുന്ന ഇതും അതും ഇല്ലേ, അത് അല്ലാഹു പറഞ്ഞതാണെന്ന്. അത് കൂട്ടിവെച്ചാല്‍ അല്ലാഹുവിന്റെ കിതാബാകുമെന്ന്. അപ്പോള്‍ എന്താണ് വാസ്തവത്തില്‍ നടക്കുന്നത് ജമാഅത്തേ? ആ ‘കിതാബ്’ വായിച്ചുനോക്കി മെഡുല ഒബ്ലംഗേറ്റയിലിരിക്കുന്ന ജഡ്ജി വിധി പറയുന്നു ‘താങ്കള്‍ ദൈവദൂതനാ’ണെന്ന്? അതോ ഈ വന്ന ആള്‍ വിധിതീര്‍പ്പു നടത്തുന്നു ഞാനീ പറയുന്നത് വേദപുസ്തകമാണെന്ന്. ഇതിലേതാണ്? തീര്‍ന്നോ? ഇല്ല! ആ വേദപുസ്തകത്തിലെ ചില വരികളും വിവരണങ്ങളും തലച്ചോറ്റിലെ ദഹനമുറിയില്‍ പരുക്കേല്‍ക്കാതെ അജീര്‍ണപ്പെട്ടു കിടക്കുന്നു. ‘ദൈവം തന്ന ഈ ബുക്ക് വായിച്ച് ജീവിച്ചോ, ഗുണം പിടിച്ചോ’ എന്ന് പറയുന്നത് കേള്‍ക്കാന്‍ രസമുണ്ട്. ‘ആരെങ്കിലും അല്ലാഹുവിനെ പിരിശം വെക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റിക്കോ’ എന്നാണ് പറയുന്നത്. എങ്കില്‍ പിന്നെ എന്തിനാ ഈ ബുക്ക്? ച്ചിരി ഓവറായിപ്പോയില്ലേ അത്? ‘യാ ഒരുവന്‍ അല്ലാഹുവിന്റെ ദൂതനെ പിന്‍പറ്റിയോ അവന്‍ അല്ലാഹുവിനെ പിന്‍പറ്റി’. ‘ആരെങ്കിലും അല്ലാഹുവിനെയും അവന്റെ റസൂലിനും വഴിപ്പെട്ടാല്‍…’ ഒന്നും കൂടി പറഞ്ഞാട്ടെ- റസൂലിനെ വഴിപ്പെടുക- മാശാഅല്ലാഹ്. അത്വാഅ എന്ന്. ഇത്തബഅ എന്നത് ഒപ്പിക്കാമായിരുന്നു.

എന്തൊരു ലാഘവത്വമാണ് ഈ കാണിച്ചുവെച്ചേക്കുന്നത്? പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനെയും സൃഷ്ടികളെ നന്നാക്കാനയച്ച മനുഷ്യനെയും ചേര്‍ത്ത് പറയുമ്പോള്‍ കാണിക്കേണ്ട അനിവാര്യ ജാഗ്രത ഒട്ടും കാണിക്കാതെയല്ലേ കാര്യങ്ങള്‍ പറഞ്ഞേക്കുന്നത്? എന്താ ശരിക്ക് പറയേണ്ടത്. ‘ഞാന്‍ കാര്യങ്ങളൊന്നും കൂടുതലായി അറിയുന്ന ആളല്ല കെട്ടോ, ഇത് നിങ്ങള്‍ക്ക് തരാന്‍ വേണ്ടി ദൈവം തന്നതാണ്, ഇത് നോക്കി അങ്ങ് ജീവിച്ചോ, ഇനി നാളെ മുതല്‍ ഇതിന്റെ പേരില്‍ എന്നെ ചുറ്റിപ്പറ്റിക്കളിക്കേണ്ട’- ഇങ്ങനെയല്ലേ ശരിക്ക് പറയേണ്ടത്? എന്ത് ആശ്വാസമുണ്ട് അത് കേള്‍ക്കാന്‍ തന്നെ. പക്ഷെ പറയുന്നതെന്താ? ‘യാ ഒരുവന്‍ അല്ലാഹുവിന്റെ ദൂതനെ പിന്‍പറ്റിയോ അവന്‍ അല്ലാഹുവിനെ പിന്‍പറ്റി’. ‘ആരെങ്കിലും അല്ലാഹുവിനെയും അവന്റെ റസൂലിനും വഴിപ്പെട്ടാല്‍…’

ആത്മീയ പ്രധാനമായ ഒരു ആശയമീമാംസയിലേക്ക് മനുഷ്യബുദ്ധി കയറി അഭിപ്രായം പറയാന്‍ വെമ്പുന്നതിന്റെ അപകടാവസ്ഥകളിലൂടെയാണ് നാമിപ്പോള്‍ നടന്നുനീങ്ങുന്നത്. മതത്തിന്റെ യഥാര്‍ഥമായ ആങ്കറിംഗിനെ കുറിച്ചുള്ള ആഴക്കാഴ്ച കിട്ടാത്തതിന്റെ കുറവാണിത്. മതം ആത്മീയ ഭൗതിക ലോകങ്ങളെ സമ്മേളിപ്പിച്ച ജീവിതപദ്ധതിയാണെന്ന് പറയുമ്പോള്‍, ശ്രദ്ധിക്കേണ്ട കാര്യം അതിലെ പ്രൊപ്പോര്‍ഷന്‍ എത്രയെന്നതാണ്. ഫിഫ്റ്റി- ഫിഫ്റ്റി എന്ന് പറയാനായിരിക്കും ജമാഅത്തിനും മറ്റും നാവ് ഇമിരുന്നത്. പക്ഷേ റിലാക്‌സായി ആലോചിച്ചുനോക്ക്. മതത്തിന് ഭൗതിക ജീവിതമെന്നത് വെറും പുറന്തൊലിയും മജ്ജക്കുള്ളിലെ ദ്രവമടക്കം ശേഷിച്ചതപ്പാടെ ആത്മീയതയുമാണ്. ആ ഒരു അനുപാത ക്രമക്കേട് ഉള്‍ക്കൊള്ളാന്‍ മാത്രം ജമാഅത്ത് ധിഷണ വികസിക്കാത്ത കാലത്തോളം സന്ദേഹവാദം അവരില്‍ പുളഞ്ഞുപൊങ്ങും.

ഇതോട് ചേര്‍ത്ത് വായിക്കുന്നതിനായി ഒന്നുരണ്ട് കാര്യങ്ങള്‍ പറയാം. ജോലിക്കുള്ള കൂലി എന്ന ഭൗതികമായ കാഴ്ചപ്പാടിനോട് സമപ്പെടുത്തി വെക്കാം ഇബാദത്തിന് പ്രതിഫലം എന്നതിനെ. എന്നുവരുമ്പോള്‍ സത്കര്‍മം ചെയ്തവര്‍ക്ക് അതിനനുസരിച്ച പ്രതിഫലവും ദുര്‍വൃത്തികള്‍ ചെയ്തവര്‍ക്ക് അതിനൊത്ത ശിക്ഷയും നല്‍കുകയാണ് അല്ലാഹു വേണ്ടത് എന്ന് ഇവര്‍ക്ക് പറയാന്‍ തോന്നും. അതായത് നന്നായി ഇബാദത്ത് ചെയ്ത് ജീവിച്ചവര്‍ മാത്രം സ്വര്‍ഗപ്രാപ്തരാവണം. അല്ലാതെ അഴകൊഴ ജീവിതം നയിച്ച് മിനിമം ക്വാട്ട പുര്‍ത്തിയാക്കാത്തവരെ അധോബന്ധങ്ങളുപയോഗിച്ച് സ്വര്‍ഗത്തിലേക്ക് തള്ളുന്നത് ഒരുമാതിരി ആത്മീയ അഴിമതിയായി മാറും. ഭദ്രമായ ഒരു സിസ്റ്റത്തിന്റെ സമ്പൂര്‍ണതയെ തകര്‍ക്കലാവും. എന്നു വരുമ്പോള്‍ ‘ശഫാഅത്ത്’ എന്ന ആശയം ശുദ്ധ അസംബന്ധമായി അവര്‍ക്കനുഭവപ്പെടും. പ്രമാണത്തിന്റെ അതിഘനത്തില്‍ സ്തബ്ധരായിപ്പോവുന്നുവെന്നല്ലാതെ ഉള്ളാലുള്ളുകൊണ്ട് ‘ശഫാഅത്തി’ന്റെ താത്വിക അടിത്തറയെ അംഗീകരിക്കാന്‍ ജമാഅത്ത് മസ്തിഷ്‌കങ്ങള്‍ പാകപ്പെട്ടിട്ടില്ല എന്നതാണ് പരമരഹസ്യമായ വസ്തുത. ‘എന്തായിത് കഥ? കുറേയാളുകള്‍ അധാര്‍മികമായി ജീവിക്കുക, എന്നിട്ട് ചില പുണ്യാളര്‍ വന്ന് ശിപാര്‍ശ നടത്തി സിസ്റ്റത്തെ വീറ്റോ ചെയ്യുക. ഇതെന്താ തഖ്‌വയോടെ ജീവിച്ച ഇബാദുസ്സ്വാലിഹുകളൊക്കെ മരപ്പൊട്ടന്‍മാരോ?’ എന്നാണ് ഇവരുടെ ഉള്ളില്‍ തിളക്കുന്ന മറുചോദ്യം.

അല്ലാഹു ഇസ്‌ലാംമത വ്യവസ്ഥ രൂപപ്പെടുത്തിയ ശേഷം ജമാഅത്തുകാരിലെ പണ്ഡിതരെ വിളിച്ച് ഒരു മുശാവറ നടത്തുന്ന ദൃശ്യം സങ്കല്‍പ്പിച്ചു നോക്കുക. ‘മുശാവറ’ അല്ലാഹുവിന് അന്യമല്ലല്ലോ. മനുഷ്യരെ പടക്കാന്‍ നേരം മലക്കുകളോട് അഭിപ്രായം ആരാഞ്ഞല്ലോ. ‘ഞാനിങ്ങനെ ഒരു കരട് രൂപപ്പെടുത്തിയിട്ടുണ്ട്. നിങ്ങളിതൊന്ന് നോക്കി വേണ്ട തിരുത്തലുകള്‍ ഒന്ന് പറയ്’ എെന്നങ്ങാനും അല്ലാഹു ഈ കണ്ട ജമാഅത്തുകാരോട് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും ‘ശഫാഅത്തിനെ’ അവര്‍ വെട്ടിമാറ്റും. പണിയെടുത്തവര്‍ക്ക് കൂലി. അല്ലാത്തവരെ അങ്ങട് നരകത്തില്‍ തട്ട്. അങ്ങനത്തെ ശഫായത്തും ശിഫായത്തുമൊന്നും ഇവിടെ വേണ്ട. ശഫാഅത്ത് പോലും,.. ഹും..’

മറ്റൊന്ന് അത്തഹിയ്യാത്തിലെ അയ്യുഹന്നബിയാണ്. ആരാധനാ കര്‍മങ്ങളുടെ മാസ്റ്റര്‍പീസാണ് നിസ്‌കാരം. അങ്ങനെ അല്ലാഹുവിന്റെ മുമ്പില്‍ സര്‍വാംഗങ്ങളടക്കിയുള്ള അതിഗംഭീര മുനാജാത്തിനിടെ മനുഷ്യന്‍ മാത്രമായ മുഹമ്മദ് നബിയെ (സ്വ) അഭിമുഖീരിക്കുന്നത് കടും ശിര്‍ക്കാണെന്ന് തിരിച്ചറിയാന്‍ പോലും അല്ലാഹുവിനറിയാതെ പോയല്ലോ എന്ന് സഹതപിക്കുകയാണ് ജമാഅത്ത് പാണ്ഡിത്യം ചെയ്യുക. നിര്‍ബന്ധമായും ആ ഭാഗം എഡിറ്റു ചെയ്ത് നീക്കണമെന്ന് ഒപ്പുശേഖരണം നടത്തി അവര്‍ അല്ലാഹുവിന് മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്യും.

ഒളിസൃഷ്ടിയായ എന്നോട് ചെളിജന്യനായ ഒരു ആദമിന് സുജൂദ് ചെയ്യാന്‍ പറയാന്‍ മാത്രം വെളിവ് കുറഞ്ഞു പോയല്ലോ എന്ന് മുമ്പൊരാള്‍ അല്ലാഹുവോട് പരിതപിച്ചത് കൂട്ടിവായിക്കണം. മനുഷ്യന്റെ ‘അതിരുകവിഞ്ഞ’ ആത്മീയാവസ്ഥയെ പുല്‍കാന്‍ കഴിയാതിരിക്കുക എന്നത് തന്നെയാണ് ഇവിടെ വിഷവിത്തായി വര്‍ത്തിക്കുന്നത്. അതുകൊണ്ട് പുണ്യപുരുഷന്മാരായ ഔലിയാക്കളുടെ സാന്നിധ്യമോ സമീപനമോ സ്പര്‍ശനമോ ദര്‍ശനമോ ഇല്ലാത്ത ഒരുമാതിരി മരുഭൂഇസ്‌ലാമിനെ ജമാഅത്തുകാര്‍ തൊലിപ്പുറം കൊണ്ട് ഉരസി ജീവിക്കുന്നു, കഷ്ടമാണിത്. ഭീമമായ നഷ്ടവും!
.