Connect with us

Articles

പുതിയ ഭാഷ, പുതിയ ദൗത്യം

Published

|

Last Updated

രാഷ്ട്രീയ നിരീക്ഷകര്‍ പലവട്ടം എഴുതിത്തള്ളിയ പേരായിരുന്നു രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിപദത്തിലേക്ക് നരേന്ദ്ര മോദിക്ക് പകരംവെക്കാന്‍ നേതാവുണ്ടാകുംവരെ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് വലിയ പ്രസക്തിയൊന്നുമില്ലെന്നും വിധിയെഴുതിയിരുന്നു. എന്നാല്‍ അതേ ഇടത്തു നിന്നുതന്നെയാണ് കോണ്‍ഗ്രസിനേയും കൊണ്ട് രാഹുല്‍ തിരിച്ചുവരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഹിന്ദിഹൃദയ ഭൂമിയില്‍ കോണ്‍ഗ്രസ് തിരിച്ചുവന്നതോടെയാണ് നിരീക്ഷകര്‍ രാഹുല്‍ ഗാന്ധിയെ അംഗീകരിക്കാന്‍ തയ്യാറായത്. എന്നാല്‍, തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഹുല്‍ കൃത്യമായ നേതാവാണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞിരുന്നു. രാഹുലിന്റെ ട്വീറ്റുകളിലും പ്രസംഗങ്ങളിലും അത് പ്രകടമാവുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിസ്ഥാനത്തു നിര്‍ത്തിയുള്ള വാക് ശരങ്ങളായിരുന്നു രാഹുല്‍ നേതാവായി കഴിഞ്ഞിരിക്കുന്നുവെന്നതിന്റെ ആദ്യ തെളിവ്.

യഥാര്‍ഥത്തില്‍ 2018 ജൂലൈ 20ന് പാര്‍ലിമെന്റിലായിരുന്നു രാഹുലിന്റെ പുതിയ മുഖം അരങ്ങേറിയത്. നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ വിവിധ കക്ഷികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചുകൊണ്ടായിരുന്നു ആ പ്രകടനം. പ്രധാനമന്ത്രി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി രാജ്യത്തെയാകെ വഞ്ചിച്ചുവെന്നും പ്രധാനമന്ത്രിക്ക് തന്റെ കണ്ണില്‍ നോക്കാനാകുന്നില്ലെന്നും രാഹുല്‍ തുറന്നടിച്ചു. നിങ്ങള്‍ക്ക് ഞാന്‍ പപ്പു ആയിരിക്കാം. പക്ഷേ ഞാന്‍ എന്റെ മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കും. നിങ്ങള്‍ക്ക് എന്നെ വെറുക്കാം. വ്യക്തിപരമായി എനിക്ക് നിങ്ങളോട് വെറുപ്പില്ല. കാരണം ഞാനൊരു കോണ്‍ഗ്രസുകാരനാണ്- പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലെത്തി ആലിംഗനം ചെയ്യുന്നതിന് മുമ്പ് പാര്‍ലിമെന്റിനെ നിശ്ശബ്ദമാക്കി രാഹുല്‍ സംസാരിച്ചതിങ്ങനെയായിരുന്നു. അതുവരെ നരേന്ദ്ര മോദി പുറത്തെടുത്ത എല്ലാ പ്രകടനങ്ങളേയും തകര്‍ക്കുന്നതായിരുന്നു തികച്ചും അപ്രതീക്ഷിതമായ ആ ആലിംഗനം.

പിന്നീട് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും അതേ ഊര്‍ജമുള്ള രാഹുലിനെ കണ്ടു. സെപ്തംബര്‍ 20ന് രാജസ്ഥാനിലെ തിരഞ്ഞെടുപ്പു വേദിയില്‍ വെച്ച് റാഫേല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്നു വിളിച്ചു. ഗല്ലി ഗല്ലി മേ ഷോര്‍ ഹായ് ഹിന്ദുസ്ഥാന്‍ കാ ചൗക്കിധാര്‍ ചോര്‍ഹെ ( തെരുവുകള്‍ പറയുന്നു, ഇന്ത്യയുടെ കാവല്‍ക്കാരന്‍ കള്ളനാണെന്ന്) മുമ്പ് ബോഫേഴ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് രാജീവ് ഗാന്ധിക്കെതിരെ ബി ജെ പി അടക്കമുള്ളവര്‍ ഉയര്‍ത്തിയ അതേ മുദ്രവാക്യം (ഗല്ലി ഗല്ലി മേ ഷോര്‍ ഹായ് രാജീവ് ഗാന്ധി ചോര്‍ഹെ) രാഹുല്‍ നരേന്ദ്ര മോദിക്കെതിരെ വിളിച്ചു. പിന്നീട് സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുത്തു. പിന്നീടങ്ങോട്ട് രാഹുലിന്റെ ഓരോ വാക്കും റാഫേല്‍ അഴിമതി എക്സ്റ്റാബ്ലിഷ് ചെയ്യുന്നതായിരുന്നു.
മധ്യപ്രദേശിലേയും രാജസ്ഥാനിലേയും തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന അമിത് ഷായുടെ മുദ്രാവാക്യത്തെ പരിഹസിച്ചു രാഹുല്‍. ഭാരത്തില്‍ നിന്ന് ആരെയും മുക്തമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ആ പ്രതികരണം.

ബി ജെ പിയെ 2019ല്‍ തോല്‍പ്പിക്കും. എന്നാല്‍ ആരെയും “ഭാരതത്തില്‍ നിന്ന് മുക്തമാക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്ത് ചെയ്യരുതെന്ന പാഠം എന്നെ പഠിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. രാജ്യത്തെ നയിക്കാന്‍ അദ്ദേഹത്തിന് മികച്ച അവസരം ലഭിച്ചു. എന്നാല്‍ രാജ്യത്തിന്റെ ഹൃദയമിടിപ്പ് കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതില്‍നിന്ന് ഞാനൊരു പാഠം പഠിച്ചു. എന്നെ സംബന്ധിച്ചിടത്തോളം രാജ്യത്തെ ജനങ്ങളാണ് ഏറ്റവും മികച്ച അധ്യാപകര്‍ – രാഹുല്‍ പറഞ്ഞു.

റാഫേല്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ നടന്ന ചര്‍ച്ചയിലും പ്രധാനമന്ത്രിയെ കൃത്യമായി പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ രാഹുലിന് സാധിച്ചു. റാഫേല്‍ വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോഴും പാര്‍ലിമെന്റില്‍ ഹാജരാകാതിരുന്ന മോദിയെ അതിരൂക്ഷമായ ഭാഷയുപയോഗിച്ചാണ് രാഹുല്‍ വിമര്‍ശിച്ചത്. പാര്‍ലിമെന്റിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വരാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമില്ല. അദ്ദേഹം മുറിയില്‍ ഒളിച്ചിരിക്കുകയാണ്. അനില്‍ അംബാനിയുടെ പേര് പറയരുതെന്ന സ്പീക്കറുടെ നിര്‍ദേശത്തെ രാഹുല്‍ ഗാന്ധി പരിഹസിക്കുകയും ചെയ്തു. അനില്‍ അംബാനി എന്നു പറയാന്‍ കഴിയില്ലെങ്കില്‍ ഡബിള്‍ എ എന്ന് പറയാമോ എന്നായിരുന്നു രാഹുല്‍ ചോദിച്ചത്.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളും പ്രയോഗങ്ങളും അദ്ദേഹത്തെ ഒരു നേതാവായി ഉയര്‍ത്തിയിരിക്കുന്നു. നരേന്ദ്ര മോദിക്ക് എതിരാളികളില്ലെന്ന് വിലയിരുത്തിയിടത്ത് നിന്ന് രാഹുല്‍ ഗാന്ധിക്ക് പകരംവെക്കാന്‍ പുതിയ നേതാവിനെ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന രീതിയിലേക്ക് ഭരണപക്ഷം മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്നത് സംസാരിക്കുന്നുവെന്നതാണ് രാഹുലിന്റെ തന്ത്രം. കര്‍ഷകരെയും തൊഴിലാളികളെയും അദ്ദേഹം കൃത്യമായി അഭിസംബോധന ചെയ്യുന്നു. അപ്പോള്‍ തന്നെ മതസമൂഹത്തെയും അദ്ദേഹം പരിഗണിക്കുന്നു.

ക്ഷേത്ര സന്ദര്‍ശനങ്ങള്‍ ഇതിന് തെളിവാണ്. ചുറ്റും നില്‍ക്കുന്നവരിലേക്ക് ഊര്‍ജവും ആത്മവിശ്വാസവും പ്രസരിപ്പിക്കാന്‍ സാധിക്കുമ്പോഴാണ് ഒരു നേതാവ് പ്രസക്തനാകുന്നത്. രാഹുല്‍ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. വ്യാജ പ്രതിച്ഛായ ആര്‍ജിച്ചു കഴിഞ്ഞ ഒരു നേതാവ് അപ്പുറത്ത് നില്‍ക്കുമ്പോള്‍ ആത്മവിശ്വാസത്തിന്റെ ഹൈവോള്‍ട്ടേജ് പ്രദര്‍ശിപ്പിച്ചേ തീരൂ.

---- facebook comment plugin here -----

Latest