ആര്‍എസ്എസ് ആക്രമണം ആസൂത്രിതമെന്ന് കോടിയേരി; ബിജെപിയുടെ പ്രകോപനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ വീഴരുത്

Posted on: January 5, 2019 12:45 pm | Last updated: January 5, 2019 at 3:13 pm

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ആര്‍എസ്എസ് ആസൂത്രിതമായ ആക്രമണമാണ് അഴിച്ചുവിടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം- ബിജെപി സംഘര്‍ഷം എന്ന വാര്‍ത്തയിലേക്കെത്തിച്ച് യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ആര്‍എസ്എസ് ഇത്തരം ആക്രമണം നടത്തുന്നത്. സിപിഎം പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ബിജെപിയുടെ പ്രകോപനത്തില്‍ പ്രവര്‍ത്തകര്‍ പെട്ട് പോകരുതെന്നും കോടിയേരി പറഞ്ഞു.

കണ്ണൂരിലെ ആക്രമണങ്ങള്‍ ആര്‍എസ്എസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ്. ആര്‍എസ്എസുകാര്‍ വിദ്യാലയങ്ങള്‍ പോലും ആയുധപ്പുരകളാക്കി മാറ്റുകയാണ്. രാജ്യത്താകമാനം വര്‍ഗീയ കലാപത്തിനാണ് ആര്‍എസ്എസിന്റെ നീക്കം. പക്ഷേ, അത് കേരളത്തില്‍ നടക്കില്ല. സമാധാന ചര്‍ച്ചകളുടെ തീരുമാനം ലംഘിച്ചത് ആര്‍എസ്എസ് ആണ്. അതിനെ തുടര്‍ന്ന് പ്രശ്‌നങ്ങളുണ്ടായി. ഇനി അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്ന് പരസ്യമായി അഭ്യര്‍ത്ഥിക്കുകയാണ്. അങ്ങോട്ടാക്രമിക്കുക എന്നത് സിപിഎം ഉദ്ദേശിക്കുന്നില്ല. ആക്രമണം തുടരുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ടി വരും. അത് മാത്രമാണ് ഇപ്പോള്‍ ഉണ്ടായത്. കൂടുതല്‍ ആക്രമണമുണ്ടായാല്‍ നോക്കിയിരിക്കാനാവില്ല.

ആക്രമിച്ച് ഇല്ലാതാക്കി കളയാമെന്ന് സംഘപരിവാറുകാര്‍ കരുതരുത്. പോലീസ് അത്മസംയമനം പാലിക്കുന്നുണ്ട്. ഇത് ദൗര്‍ബല്യമായി കരുതുന്ന സാഹചര്യത്തില്‍ ശക്തമായ നടപടി വേണം. ആര്‍എസ്എസ് സ്വാധീനമുള്ള പോലീസുകാര്‍ ഉണ്ടാകാം. അവരെ കണ്ടെത്തി നടപടി എടുക്കുകയാണ് വേണ്ടത്. ശബരിമല വിഷയത്തില്‍ സോണിയാ ഗാന്ധിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസ് ഇത് തള്ളിക്കളയുകയാണ്. കോണ്‍ഗ്രസില്‍ പുതിയ ചേരിതിരുവുകള്‍ ഉണ്ടാകുകയാണെന്നും കോടിയേരി പറഞ്ഞു.