തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായത് 1369പേര്‍. 801 കേസുകളിലായാണ് ഇത്രയും പേര്‍ അറസ്റ്റിലായിരിരിക്കുന്നത്. 717 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്. സംഘര്‍ഷമൊഴിവാക്കാന്‍ കൂടുതല്‍ പേരെ കരുതല്‍ തടങ്കലില്‍ വെക്കാനും പോലീസ് നീക്കം നടത്തുന്നുണ്ട്.
ശബരിമല യുവതീപ്രവേശത്തിന് പിറകെ സംഘര്‍ഷ സാധ്യയുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കരുതല്‍ തടങ്കലിന് ഡിജിപി നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പല ജില്ലകളിലും നടപ്പിലായില്ല. ഇതേത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിമാരെ ഡിജിപി ശാസിച്ചിരുന്നു. അതേ സമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമ സംഭവങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.