Connect with us

National

ലോക്‌സഭ ഇന്നും പ്രക്ഷുബ്ധം; ടിഡിപി, എഐഎഡിഎംകെ അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: റഫേല്‍, കാവേരി വിഷയങ്ങളില്‍ ലോക്‌സഭ ഇന്നും ബഹളത്തില്‍ മുങ്ങി. ഇതേ തുടര്‍ന്ന് സഭാനടപടികള്‍ തടസ്സപ്പെട്ടു. സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച എഐഎഡിഎംകെയുടെയും ടിഡിപിയുടെയും എംപിമാരെ സ്പീക്കര്‍ സുമിത്ര മഹാജന്‍ സസ്‌പെന്‍ഡ് ചെയ്തു. നാല് ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍.

സഭ തുടങ്ങിയത് മുതല്‍ തന്നെ ബഹളം ആരംഭിച്ചിരുന്നു. കാവേരി നദീജല വിഷയം ഉയര്‍ത്തിയാണ് എഐഎഡിഎംകെ എംപിമാര്‍ സഭയില്‍ ബഹളംവെച്ചത്. പ്ലക്കാര്‍ഡുകളുമായി അവര്‍ നടുത്തളത്തിലിറങ്ങി. പേപ്പറുകള്‍ കാറ്റില്‍പറത്തുകയും ചെയ്തു. ഇതിനിടയില്‍ ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ടിഡിപി പ്രവര്‍ത്തകരും നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭാ നടപടികള്‍ പൂര്‍ണമായും തടസ്സപ്പെട്ടു.

പ്രതിഷേധിക്കുന്ന എംപിമാരോട് സീറ്റുകളിലേക്ക് തിരികെ പോകാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചുവെങ്കിലും അവര്‍ അനുസരിച്ചില്ല. തുടര്‍ന്നാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതായി സ്പീക്കര്‍ അറിയിച്ചത്. രണ്ട് പാര്‍ട്ടികളില്‍ നിന്നുമായി 19 അംഗങ്ങളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു. ഇന്നലെ എഐഎഡിഎംകെയുടെ 24 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Latest