മദ്യലഹരിയില്‍ അതിക്രമം; സന്ദര്‍ശകന് പോലീസ് മാപ്പ് നല്‍കി

Posted on: January 2, 2019 8:03 pm | Last updated: January 2, 2019 at 8:03 pm

ദുബൈ: മദ്യ ലഹരിയില്‍ പോലീസുകാരെ ആക്രമിച്ച വിദേശ പൗരനെ നിയമ നടപടികള്‍ക്കൊടുവില്‍ പോലീസ് വിട്ടയച്ചത് പൂക്കള്‍ നല്‍കി. ദുബൈയിലെ ഒരു ഹോട്ടലില്‍ വിദേശിയായ സ്ത്രീയുമായി വാക്കുതര്‍ക്കം മൂര്‍ച്ഛിച്ച് അടിപിടിയിലെത്തിയപ്പോഴാണ് ഹോട്ടല്‍ അധികൃതര്‍ പോലീസിനെ അറിയിച്ചത്.

പോലീസെത്തുമ്പോള്‍ മദ്യലഹരിയിലായിരുന്നു ഇയാള്‍. പിടികൂടാനെത്തിയ പോലീസുകാരെയും ആക്രമിച്ചു. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിനിടെ ഒരു പോലീസുകാരന്റെ കൈക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു. പോലീസ് പിന്നീട് ഇയാളെ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. ഒപ്പം എംബസിയിലും കുടുംബാംഗങ്ങളെയും വിവരമറിയിച്ചു. എന്നാല്‍ മദ്യലഹരി വിട്ടതോടെ ഇയാള്‍ പോലീസിനോട് മാപ്പ് ചോദിക്കുകയായിരുന്നു.
മദ്യലഹരിയില്‍ ബോധമില്ലാതെ ചെയ്തതാണെന്നും ആദ്യമായി ദുബൈ സന്ദര്‍ശിക്കുന്ന തനിക്ക് പോലീസിനോട് ബഹുമാനം മാത്രമേയുള്ളൂവെന്നും അധികൃതരെ ബോധിപ്പിച്ചു. ഇതോടെ ബന്ധപ്പെട്ട എല്ലാവരെയും വിളിച്ചുവരുത്തിയാണ് പോലീസ് പ്രശ്‌നം പരിഹരിച്ചത്. അസഭ്യം പറഞ്ഞ യുവതിയോടും പോലീസുകാരോടും ഇയാള്‍ മാപ്പ് പറഞ്ഞതോടെ പോലീസ് മറ്റ് നടപടികളില്ലാതെ വിട്ടയക്കുകയായിരുന്നു. പൂക്കള്‍ നല്‍കി പ്രതിയെ വിട്ടയക്കുന്ന ചിത്രം പോലീസ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.