മദ്യപാനവും വാഹനാപകടങ്ങളും

(പ്രൊഫസര്‍ ഓഫ് സൈക്യാട്രി, കെ എം സി ടി മെഡിക്കല്‍ കോളജ്, കോഴിക്കോട്)
Posted on: January 1, 2019 1:23 pm | Last updated: January 1, 2019 at 1:23 pm

ഇന്ത്യയുടെ മൊത്തം ജനസംഖ്യയില്‍ 3.1 ശതമാനം മാത്രമുള്ള കൊച്ചുകേരളത്തിലാണ് മൊത്തം അപകടങ്ങളില്‍ 12 ശതമാനവും! 2007ന് ശേഷം റോഡപകടങ്ങളിലെ മരണസംഖ്യയും ഗുരുതരമായി പരുക്കേല്‍ക്കുന്നവരുടെ എണ്ണവും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. വൈകീട്ട് മൂന്നിനും ഏഴിനും ഇടയിലാണ് കൂടുതല്‍ അപകടങ്ങള്‍. ഈ സമയത്ത് തന്നെയാണ് ബാറുകളും വിദേശമദ്യ ഔട്ട്‌ലെറ്റുകളുമെല്ലാം സജീവമാകുന്നത്. ബാറുകള്‍ തുറക്കാത്ത എല്ലാ മാസവും ഒന്നാം തീയതി അപകടങ്ങള്‍ കുറയുന്നുണ്ടെന്നത് മദ്യപാനവും റോഡപകടങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു.
കേരളത്തിലെ റോഡപകടങ്ങളില്‍ 40 ശതമാനവും മദ്യപാനവുമായി ബന്ധപ്പെട്ടതാണെന്ന് ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പറയുന്നു. സര്‍ക്കാര്‍ ആശുപത്രിയിലെ 40 ശതമാനം കിടക്കകളും ഇവരാണ് കൈയാളുന്നത്. മസ്തിഷ്‌കത്തിന് ഗുരുതരമായ പരുക്കേല്‍ക്കുന്നവരില്‍ 24 ശതമാനവും സ്ഥിരമദ്യപാനികളാണ്. ആശുപത്രിയുടെ അടിയന്തര വിഭാഗങ്ങളില്‍ പ്രവേശിക്കപ്പെടുന്ന അഞ്ച് മുതല്‍ 50 വരെ ശതമാനവും മദ്യപാനം മൂലമുള്ള അപകടങ്ങളില്‍ പെടുന്നവരാണ്. മദ്യപിച്ച് ആറ് മണിക്കൂറിനുള്ളിലാണ് അപകടങ്ങളേറെയും നടക്കുന്നത്. രാത്രി അപകടങ്ങളില്‍ മൂന്നിലൊന്നിലും മദ്യത്തിന്റെ പങ്ക് തെളിയിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ അപകടങ്ങളില്‍ 2011ല്‍ മരിച്ച 3,90,884 പേരില്‍ 37.3 ശതമാനവും മരിച്ചത് റോഡിലാണ്. റോഡപകടങ്ങളിലെ ഇരകളില്‍ 22.4 ശതമാനവും ഇരുചക്ര വാഹന യാത്രക്കാരാണ്.
മദ്യം വ്യക്തിക്ക് ഒരു കപട ആത്മവിശ്വാസം നല്‍കുന്നതിനാല്‍ അമിത വേഗത്തിനും റിസ്‌ക് എടുത്തുള്ള ഓവര്‍ടേക്കിംഗിനും വഴിയൊരുക്കുന്നു. നിര്‍ഭാഗ്യവശാല്‍ മദ്യം വ്യക്തിയുടെ എതിരെ വരുന്ന വണ്ടിയുടെ വേഗത കണക്കാക്കുന്നതിനും മുമ്പിലുള്ള വണ്ടിയില്‍ നിന്നുള്ള സേഫ് ഡിസ്റ്റന്‍സ് കണക്കാക്കുന്നതിനും ഉള്ള കഴിവ് നഷ്ടപ്പെടുത്തുന്നു. മദ്യം വ്യക്തിയുടെ സ്വാഭാവിക റിഫ്‌ളക്‌സുകളെ മന്ദഗതിയിലാക്കുന്നതു മൂലം പെട്ടെന്ന് ഗിയര്‍ മാറ്റാനോ ബ്രേക്ക് ചവിട്ടാനോ കഴിയുന്നില്ല. മദ്യം ടൂവീലര്‍ ഡ്രൈവര്‍മാരുടെ ബാലന്‍സും നഷ്ടപ്പെടുത്തിയേക്കാം. കാഴ്ചശക്തിയേയും ശ്രവണശക്തിയേയും പ്രതികൂലമായി ബാധിക്കാം. വ്യക്തിയുടെ ഡ്രൈവിംഗിലുള്ള ശ്രദ്ധ കുറക്കുകയും മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ മാറിപ്പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഇപ്രകാരം മദ്യം നല്‍കുന്ന അമിത ആത്മവിശ്വാസവും അതേസമയം മദ്യപാനം മൂലം നഷ്ടപ്പെടുന്ന ശാരീരിക- മാനസിക വിവേചന പ്രവര്‍ത്തനങ്ങളുമാണ് വ്യക്തിയെ അപകടങ്ങളില്‍ കൊണ്ടെത്തിക്കുന്നത്.
മദ്യപാനികള്‍ അല്ലാത്തവരേക്കാള്‍ നാലിരട്ടി അപകടങ്ങളില്‍ പെടുന്നുണ്ടെന്ന് ബെംഗളൂരുവിലെ നിംഹാന്‍സില്‍ നടത്തിയ പഠനം പറയുന്നു. മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയവരില്‍ 29 ശതമാനം വിസ്‌കിയും 22 ശതമാനം റമ്മും 14 ശതമാനം ബിയറും കഴിച്ചവരാണെന്ന് ബെംഗളൂരുവില്‍ നടത്തിയ ഡ്രിങ്കിംഗ് ആന്‍ഡ് ഡ്രൈവിംഗ് എന്ന പഠനം പറയുന്നു. ഹോട്ട് മദ്യങ്ങള്‍ കഴിച്ചവരില്‍ നാല് ശതമാനം, മൂന്ന് ലാര്‍ജ് കഴിച്ചവരും രണ്ട് ശതമാനം ആറ് ഡ്രിങ്കുകള്‍ കഴിച്ചവരുമായിരുന്നു. മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയവരില്‍ 64 ശതമാനം ബാറില്‍നിന്ന് കഴിച്ചതാണെന്നാണ് കണ്ടെത്തല്‍. പാര്‍ട്ടികളില്‍ മദ്യപിച്ചവരില്‍ 16 ശതമാനവും വീട്ടില്‍നിന്ന് മദ്യം കഴിച്ചവര്‍ 12 ശതമാനവുമായിരുന്നു. പ്രസ്തുത പഠനത്തിന്റെ ഭാഗമായി നടത്തിയ പോലീസ് പരിശോധനയില്‍, സംശയത്തിന്റെ പേരില്‍ പരിശോധിച്ചവരില്‍ 85 ശതമാനവും അല്ലാത്തവരില്‍ 35 ശതമാനവും മദ്യപിച്ചവരായിരുന്നെന്നാണ് കണ്ടെത്തല്‍. പണ്ട് സംസ്‌കാരത്തിന് പേരുകേട്ട ബെംഗളൂരു നഗരത്തില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 9900ല്‍ നിന്ന് 33000 ആയി വര്‍ധിച്ചു. മദ്യപിച്ച് വാഹനമോടിച്ചവരില്‍ 98 ശതമാനവും മദ്യപിക്കാതെ വാഹനമോടിച്ചവരേക്കാള്‍ വാഹനമോടിക്കുന്നതില്‍ ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ഇവരില്‍ 97 ശതമാനത്തിനും മദ്യപിച്ച് വാഹനമോടിച്ചാല്‍ ശിക്ഷ ലഭിക്കുമെന്നും അപകടത്തിലേക്ക് നയിക്കുമെന്നും അറിയാമായിരുന്നു.
മദ്യപാനി വാഹനവുമെടുത്ത് റോഡിലിറങ്ങുമ്പോള്‍ അപകടത്തിലാകുന്നത് അയാളുടെ ജീവന്‍ മാത്രമല്ല, റോഡിലൂടെ സഞ്ചരിക്കുന്ന കുട്ടികളും വയോധികരുമടക്കം നിരവധി നിരപരാധികളുടെ ജീവന്‍ കൂടിയാണ്. വാഹനാപകടങ്ങളില്‍ മരിക്കുന്ന കാല്‍നടക്കാരില്‍ 32 ശതമാനവും ഇരുചക്ര യാത്രക്കാരില്‍ 40 ശതമാനവും കൊല്ലപ്പെടുന്നത് വൈകീട്ട് ആറിനും പുലര്‍ച്ചെ ആറിനും ഇടക്കാണ്. ഇതിനുള്ള പ്രധാന കാരണം മദ്യപിച്ചുള്ള ഡ്രൈവിംഗ് തന്നെയാണ്.

(പ്രൊഫസര്‍ ഓഫ് സൈക്യാട്രി, കെ എം സി ടി മെഡിക്കല്‍ കോളജ്,
കോഴിക്കോട്)