Connect with us

Prathivaram

പോയ വര്‍ഷത്തെ വാട്‌സ്ആപ്പ് പരീക്ഷണങ്ങള്‍

Published

|

Last Updated

നിരവധി ഫീച്ചറുകളാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് 2018ല്‍ അവതരിപ്പിച്ചത്. പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചതിനൊപ്പം തന്നെ കമ്പനിക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. വ്യാജ വാര്‍ത്തകളുടെ പേരിലായിരുന്നു വാട്‌സ്ആപ്പിന് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. ഈ വര്‍ഷം അവസാനത്തോടെ നോക്കിയ എസ് 40 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭ്യമാകില്ലെന്ന വാര്‍ത്തയാണ് കമ്പനി ഏറ്റവും ഒടുവില്‍ പുറത്തുവിട്ടത്. നേരത്തെ, വിന്‍ഡോസ് ഫോണ്‍ 8.0, ബ്ലാക്‌ബെറി ഒ എസ്, ബ്ലാക്‌ബെറി 10 ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം 2017 ഡിസംബര്‍ 31ന് അവസാനിപ്പിച്ചിരുന്നു.
ഉപകാരപ്രദമായ നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള അണിയറ പ്രവൃത്തികള്‍ ഇപ്പോഴും തകൃതിയായി നടക്കുകയാണ്. കൂടുതല്‍ ഫീച്ചറുകള്‍ കമ്പനി അവതരിപ്പിച്ചെങ്കിലും വ്യാജവാര്‍ത്തകള്‍, നിയമവിരുദ്ധ ഉള്ളടക്കങ്ങളുടെ പ്രചാരണം പോലുള്ളവ വാട്‌സ്ആപ്പിന് വെല്ലുവിളിയായി മാറിയതും ഈ വര്‍ഷമാണ്. വ്യാജ വാര്‍ത്തകളുടെ പ്രചാരണം നിയന്ത്രിക്കുന്നതിനായി വാട്‌സ്ആപ്പ് ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം അഞ്ചാക്കി കുറച്ചതും ഈ വര്‍ഷമാണ്. ഒരു സന്ദേശം ഒരു തവണ ഫോര്‍വേഡ് ചെയ്യുമ്പോള്‍ അഞ്ച് കോണ്‍ടാക്റ്റുകളിലേക്ക് മാത്രമേ അയക്കാന്‍ സാധിക്കൂ. ഇതുവഴി സന്ദേശങ്ങള്‍ അനാവശ്യമായി ഒരുപാട് പേരിലേക്ക് അയക്കുന്നതില്‍ നിന്നും ഉപയോക്താക്കളെ തടയുന്നു. ഐ ഒ എസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഈ നിയന്ത്രണം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു വാട്‌സ്ആപ്പ് ഇത്തരത്തില്‍ കര്‍ശന നടപടി സ്വീകരിച്ചത്. ഒരു സന്ദേശം അഞ്ചില്‍ കൂടുതല്‍ ഗ്രൂപ്പുകളിലേക്കോ വ്യക്തികളിലേക്കോ ഫോര്‍വേഡ് ചെയ്യാന്‍ അനുവദിക്കാത്ത രീതിയിലാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. അഞ്ച് ഫോര്‍വേഡുകള്‍ കഴിഞ്ഞാല്‍ പിന്നെ അങ്ങനെ ചെയ്യാനുള്ള അവസരം ഇല്ലാതാകും.
സംശയാസ്പദമായ വെബ്‌സൈറ്റുകളെ കുറിച്ചുള്ള മുന്നറിയിപ്പ് തരുന്നതിനാണ് സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ഷന്‍ എന്ന പുതിയ ഫീച്ചര്‍. വ്യാജവാര്‍ത്തകളുടെ പ്രചാരണം തടയുന്നതിനാണ് ഈ സംവിധാനവും ഒരുക്കിയിട്ടുള്ളത്. ചില ലിങ്കുകള്‍ വ്യാജ വെബ്‌സൈറ്റുകളിലേക്ക് ആളുകളെ കൊണ്ടുപോകാറുണ്ട്. ഇത്തരം വെബ്‌സൈറ്റ് ലിങ്കുകളെ തിരിച്ചറിയാന്‍ ഈ ഫീച്ചര്‍ സഹായിക്കും. വാട്‌സ്ആപ്പില്‍ അത്തരത്തിലുള്ള ലിങ്കുകള്‍, സന്ദേശങ്ങള്‍ വരുമ്പോള്‍, ആ സന്ദേശങ്ങള്‍ക്ക് മുകളില്‍ ചുവന്ന നിറത്തില്‍ സസ്പീഷ്യസ് ലിങ്ക് ഇന്‍ഡിക്കേറ്റര്‍ കാണാം. അത് തുറക്കണോ വേണ്ടയോ എന്ന് അപ്പോള്‍ തീരുമാനിക്കാം. സെന്‍ഡ് മെസേജ് അഡ്മിന്‍ ഓണ്‍ലി ഫീച്ചര്‍ 2018ല്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിന്നു. ഈ ഫീച്ചറിലൂടെ അഡ്മിന്‍മാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ അയക്കുന്ന മെസേജുകള്‍ തടയാനാകും. ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെ എല്ലാ സന്ദേശങ്ങളും അഡ്മിന് തടയാനാകും. ഫീച്ചര്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് അഡ്മിന് മാത്രമേ സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കുകയുള്ളു. ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ആപ്പിള്‍ മൂന്ന് പ്ലാറ്റ്‌ഫോമിലും ഫീച്ചര്‍ ലഭ്യമാകും.
വാട്‌സ്ആപ്പ് ഓഡിയോ വീഡിയോ ഗ്രൂപ്പ് കോളിംഗ് സൗകര്യമാണ് പോയവര്‍ഷം അവതരിപ്പിച്ച പ്രധാനപ്പെട്ട ഫീച്ചറുകളിലൊന്ന്. നാല് പേര്‍ക്ക് ഒരേ സമയം വീഡിയോകോള്‍ ചെയ്യാനും ഓഡിയോ കോള്‍ ചെയ്യാനും ഇതുവഴി സാധിക്കും. ആന്‍ഡ്രോയിഡിലും ഐ ഒ എസിലും ഈ ഫീച്ചര്‍ ലഭ്യമാണ്. കോളുകളെല്ലാം എന്റ് റ്റു എന്റ് എന്‍ക്രിപ്റ്റ് ചെയ്തതാണ്. വാട്ട്‌സ്ആപ്പ് 2016 മുതല്‍ വീഡിയോ കോളിംഗ് സംവിധാനം നല്‍കുന്നുണ്ട്. എന്നാല്‍, ഇതുവരെ ഒരേ സമയം രണ്ടു പേര്‍ക്ക് മാത്രമേ പരസ്പരം കോളിംഗ് സാധ്യമായിരുന്നുള്ളു. വേഗത കുറഞ്ഞ നെറ്റ്‌വര്‍ക്കിലും പ്രവര്‍ത്തനക്ഷമമാകുന്ന വിധത്തിലാണ് പുതിയ സവിശേഷത കൂട്ടിച്ചേര്‍ത്തിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ചാറ്റുകള്‍ പോലെ എന്‍ക്രിപ്റ്റഡ് ആയാണ് കോളുകളും പ്രവര്‍ത്തിക്കുക. ഗ്രൂപ്പ് വോയ്‌സ്, വീഡിയോ കോളിംഗ് തുടങ്ങിയ സംവിധാനങ്ങള്‍ കൊണ്ടുവന്നതിനു പിന്നാലെയാണ് മാര്‍ക്ക് ആസ് റീഡ് എന്ന പുതിയ ഫീച്ചര്‍ കൂടി അവതരിപ്പിച്ചത്. നോട്ടിഫിക്കേഷനിലൂടെ തന്നെ സന്ദേശം തുറന്നുനോക്കാതെ മറുപടി നല്‍കാവുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ സമയം ലാഭിക്കാന്‍ സഹായിക്കുന്ന ഫീച്ചറാണിതെന്നാണ് കമ്പനിയുടെ അവകാശവാദം. പുതിയ ഫീച്ചര്‍ ഐ ഒ എസിലും ആന്‍ഡ്രോയ്ഡ് പതിപ്പിലും ലഭ്യമാണ്.
മെസ്സേജുകള്‍ക്ക് കൂടുതല്‍ സ്വകാര്യത ഉറപ്പാക്കുന്നതാണ് റിപ്ലെ െ്രെപവറ്റ്‌ലി ഫീച്ചര്‍. ഗ്രൂപ്പ് ചാറ്റുകളില്‍ സ്വകാര്യമായി മറുപടി നല്‍കാന്‍ കഴിയുന്ന പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് അവതിപ്പിച്ചിരിക്കുന്നത്. റിപ്ലെ പ്രൈവറ്റ്‌ലി എന്ന ഓപ്ഷന്‍ വരുന്നതോടെ, ഗ്രൂപ്പ് ചാറ്റുകളില്‍ മെസ്സേജുകള്‍ക്ക് സ്വകാര്യമായി മറുപടി നല്‍കാം. മെസ്സേജില്‍ ലോംഗ് പ്രസ് ചെയ്താല്‍ മൂന്ന് ഡോട്ടുകള്‍ പ്രത്യക്ഷപ്പെടും. ഇതില്‍ “റിപ്ലെ പ്രൈവറ്റ്‌ലി” കൊടുത്താല്‍ മെസ്സേജുകള്‍ക്ക് സ്വകാര്യമായി മറുപടി നല്‍കാന്‍ സാധിക്കും. വാട്‌സ്ആപ്പ് ചാറ്റുകള്‍ ഹൈഡ് ചെയ്യാനുള്ള ഓപ്ഷനും ഉടന്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വെക്കേഷന്‍ മോഡ് ഫീച്ചര്‍ ആക്ടീവ് ചെയ്താല്‍ അര്‍ച്ചീവിട് ചാറ്റ് ലിസ്റ്റ് പൂര്‍ണമായും മറയ്ക്കാനാകും. ദീപാവലിയോട് അനുബന്ധിച്ചാണ് ഇന്ത്യയില്‍ വാട്‌സ്ആപ്പ് സ്റ്റിക്കര്‍ അവതരിപ്പിച്ചത്. വളരെ വേഗം തന്നെ വാട്‌സ്ആപ്പ് സ്റ്റിക്കറുകള്‍ക്ക് ജനസ്വീകാര്യത ലഭിച്ചു. പുറത്തുനിന്നുള്ള ഡെവലപ്പര്‍മാര്‍ക്ക് സ്റ്റിക്കറുകള്‍ നിര്‍മിക്കാനും അവ വാട്‌സ്ആപ്പ് ചാറ്റുകളില്‍ പങ്കുവെക്കാനുമുള്ള അവസരം ലഭിച്ചതോടെ വ്യത്യസ്തങ്ങളായ സ്റ്റിക്കറുകള്‍ നിര്‍മിച്ച് പങ്കുവെക്കാനുള്ള അവസരം ഉപയോക്താക്കള്‍ക്ക് ലഭിച്ചു. 14 സ്റ്റിക്കര്‍ പായ്ക്കുകളാണ് വാട്‌സ്ആപ്പ് നല്‍കുന്നത്. അവയെല്ലാം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കും. ഇതിനെല്ലാം പുറമെയാണ് മറ്റുള്ള ആപ്ലിക്കേഷനുകളില്‍ നിന്നും സ്റ്റിക്കറുകള്‍ നല്‍കാനുള്ള സൗകര്യമുള്ളത്.
ഇന്‍സ്റ്റഗ്രാമിന് സമാനമായ രീതിയിലുള്ള ഫീച്ചറാണ് ക്യൂ ആര്‍ കോഡ്. പുതിയ കോണ്‍ടാക്റ്റുകള്‍ ചേര്‍ക്കുന്നതിനും അവ പങ്കുവെക്കുന്നതിനുമുള്ള സംവിധാനമാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചറിലൂടെ ഒരുക്കുന്നത്. ഷെയര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കോണ്‍ടാക്റ്റുകള്‍ ക്യു ആര്‍ കോഡാക്കി എളുപ്പം മാറ്റുന്നതിനും അവ സ്‌കാന്‍ ചെയ്ത് പുതിയ കോണ്‍ടാക്റ്റ് ചേര്‍ക്കുന്നതിനുമുള്ള ഫീച്ചറാണിത്. ഇതുവരെ യൂസര്‍ ഇന്റര്‍ഫേസില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ വാട്‌സ്ആപ്പ് നടത്തിയിട്ടില്ല. ചാറ്റ് വിന്‍ഡോയിലെ വാള്‍പേപ്പര്‍ മാറ്റാന്‍ മാത്രമാണ് വാട്‌സ്ആപ്പ് അവസരം നല്‍കിയിരിക്കുന്നത്. വെളുത്ത നിറത്തിലുള്ള യൂസര്‍ ഇന്റര്‍ഫേസില്‍ മാത്രമേ വാട്‌സ്ആപ്പ് ഇപ്പോള്‍ ലഭ്യമാവുകയുള്ളൂ. കറുത്ത നിറമുള്ള ബാക്ക് ഗ്രൗണ്ടില്‍ അക്ഷരങ്ങള്‍ കൂടുതല്‍ വലിപ്പത്തില്‍ എഴുതി കാണിക്കുന്നതാണ് ഡാര്‍ക്ക് മോഡ്. ട്വിറ്റര്‍, യുട്യൂബ്, ഗൂഗിള്‍ മാപ്‌സ് പോലുള്ള ആപ്പുകള്‍ ഡാര്‍ക് മോഡ് നേരത്തെ അവതരിപ്പിച്ചിരുന്നു. ഗൂഗിളിന്റെ വീഡിയോ ഷെയറിംഗ് ആപ്പായ യൂട്യൂബിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലും അടുത്തിടെ ഡാര്‍ക്ക് മോഡ് ലഭ്യമാക്കിയിരുന്നു. ഡെസ്‌ക് ടോപ്പ് പതിപ്പില്‍ ഒരു വര്‍ഷം മുമ്പ് അവതരിപ്പിച്ച ഡാര്‍ക്ക് മോഡ് സൗകര്യം ആപ്പിള്‍ ഐ ഒ എസ് ഉപകരണങ്ങളില്‍ നേരത്തെ തന്നെ ലഭ്യമായിരുന്നു. ഫേസ്ബുക്കിന്റെ മെസഞ്ചറില്‍ സേവനം അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. വെളിച്ചം കുറവുള്ള സ്ഥലങ്ങളില്‍ ആപ് ഉപയോഗിക്കുന്നതിന് കൂടുതല്‍ സൗകര്യപ്രദമാണ് ഡാര്‍ക്ക് മോഡ്. വാട്‌സ്ആപ്പില്‍ സന്ദേശമായി ലഭിക്കുന്ന യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ നിന്നുള്ള വീഡിയോ ലിങ്കുകള്‍ വാട്‌സ്ആപ്പില്‍ നിന്നും പുറത്തുപോകാതെ തന്നെ പ്ലേ ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറാണ് പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ്. ഈ ലിങ്കുകള്‍ തുറക്കുമ്പോള്‍ ഒരു വീഡിയോ പ്ലെയര്‍ വിന്‍ഡോ തുറന്നുവരും. വീഡിയോ കണ്ടുകൊണ്ടു തന്നെ ചാറ്റിംഗ് തുടരാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.
ഈ വര്‍ഷം ഏറ്റവുമൊടുവിലായി വാട്‌സ് ആപ്പ്് അവതരിപ്പിച്ച ഫീച്ചറാണ് റാങ്കിംഗ്. ഏറ്റവുമധികം ചാറ്റ് ചെയ്തയാളുടെ സ്റ്റാറ്റസ് ഏറ്റവും ആദ്യം കാണാനാകുമെന്നതാണ് റാങ്കിംഗ് ഫീച്ചറിന്റെ സവിശേഷത. ഐ ഒ എസ് ബീറ്റാ ഉപയോക്താക്കള്‍ക്കാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാകുക. അധികം താമസിയാതെ തന്നെ ആന്‍ഡ്രോയിഡ് പതിപ്പുകളിലും ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് ഉപയോക്താവ് ഏറ്റവും കൂടുതല്‍ തവണ ആരോടാണോ ചാറ്റ് ചെയ്തത് ആ കോണ്ടാക്ടിനെ കൂടുതല്‍ ലൈവായി നിര്‍ത്തുകയാണ് ഈ ഫീച്ചറിലൂടെ വാട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്. കൂടുതല്‍ ചാറ്റ് ചെയ്ത സുഹൃത്ത് അപ്‌ഡേറ്റ് ചെയ്യുന്ന സ്റ്റാറ്റസും മറ്റ് അപ്‌ഡേഷനുമെല്ലാം വാട്‌സ്ആപ്പ് നിങ്ങളെ പ്രത്യേകമായി അറിയിക്കും. ഇതിനായിട്ടുള്ള പ്രയോറിറ്റി വാട്‌സ്ആപ്പ് തന്നെ നിശ്ചയിക്കും. വീഡിയോ, ചിത്രങ്ങള്‍ എന്നിവ ഏറ്റവും കൂടുതല്‍ അയച്ചാലാണ് പ്രയോറിറ്റി വര്‍ധിക്കുക.

Latest