തീരദേശ നിയമത്തിലെ ഇളവുകളില്‍ ആശങ്ക

Posted on: December 30, 2018 5:40 pm | Last updated: December 30, 2018 at 5:40 pm

തീരദേശ നിവാസികളില്‍ ആശ്വാസത്തോടൊപ്പം ആശങ്ക ഉയര്‍ത്തുന്നതുമാണ് തീരദേശ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ച പുതിയ ഇളവുകള്‍. ഗ്രാമീണ മേഖലയില്‍ വേലയേറ്റ പരിധിയില്‍ അമ്പത് മീറ്റര്‍ കടന്നാല്‍ നിര്‍മാണമാകാമെന്നതാണ് പ്രധാന ഇളവ്. 2011ലെ തീരദേശ പരിപാലന ചട്ടത്തില്‍ 200 മീറ്റര്‍ വരെയുള്ള പരിധിയില്‍ നിര്‍മാണം നിരോധിച്ചിരുന്നു. ചതുരശ്ര കിലോമീറ്ററില്‍ 2161 ല്‍ കൂടുതല്‍ ജനസംഖ്യയുള്ള മേഖലയാണ് ജനസാന്ദ്രതയേറിയതായി കണക്കാക്കുന്നത്. വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനായി നിബന്ധനകള്‍ പാലിച്ച് പരിസ്ഥിതി സൗഹൃദ റിസോര്‍ട്ടുകളും ഹോട്ടലുകളും നിര്‍മിക്കാനും അനുമതിയുണ്ട്. കായല്‍ തുരുത്തുകളില്‍ 20 മീറ്റര്‍ വിട്ട് നിര്‍മാണമാകാം. ബീച്ചുകളില്‍ 10 മീറ്റര്‍ വിട്ട് വിനോദ സഞ്ചാരാവശ്യത്തിനായി താത്കാലിക നിര്‍മാണത്തിനും അനുമതിയുണ്ട്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയിലെ നിര്‍മാണത്തിന് മാത്രമേ ഇനി കേന്ദ്രത്തിന്റെ പരിസ്ഥിതി അനുമതി ആവശ്യമുള്ളൂ. അല്ലാത്തവക്ക് സംസ്ഥാന അനുമതി മതി.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഏറെയും അവരുടെ തൊഴിലിന്റെ സൗകര്യാര്‍ഥം കടലിനോട് വളരെച്ചേര്‍ന്നു വീടുകള്‍ വെക്കുന്നവരാണ്. 1991 ലെ തീരദേശ നിയന്ത്രണ നിയമം അവരുടെ വീട് നിര്‍മാണത്തിന് നിയമ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പഴയ വീടുകള്‍ പൊളിച്ചു പണിയാന്‍ പോലും പറ്റാത്ത അവസ്ഥയാണ് നിലവില്‍. അതിനാല്‍ 1991ലെ നിയമത്തില്‍ ഇളവ് അനുവദിക്കണമെന്നു കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കേരള എം പിമാര്‍ പല തവണ പാര്‍ലിമെന്റില്‍ ഉന്നയിക്കുകയും പരിസ്ഥിതി മന്ത്രാലയം തീരപ്രദേശങ്ങളില്‍ നിന്നുള്ള എം പിമാരുടെ യോഗം വിളിച്ചു കൂട്ടുകയും ചെയ്തിരുന്നു. ഈ വിഷയത്തെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. ശൈലേഷ് നായക് അധ്യക്ഷനായ സമിതിയെ നിയോഗിക്കുകയും ചെയ്തു. തീരദേശങ്ങളിലെ 30 ശതമാനം മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നാണ്് സമിതി ശിപാര്‍ശ. കണ്ടല്‍കാട് വളര്‍ത്തി തീരം സംരക്ഷിക്കണമെന്നും ഇത്തരത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തനം നടത്തുന്നവര്‍ക്കായിരിക്കണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതെന്നും ശിപാര്‍ശയിലുണ്ട്. സമുദ്രാതിര്‍ത്തിയുള്ള എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം കേട്ടശേഷം സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളനുസരിച്ചാണ് 1991 ലെ തീരദേശ നിയന്ത്രണ വിജ്ഞാപനത്തില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കമ്മീഷന്‍ സിറ്റിംഗുകളില്‍ മത്സ്യത്തൊഴിലാളി സംഘടനകളടക്കം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളൊന്നും പരിഗണിക്കപ്പെട്ടിട്ടില്ലെന്നാണ് സംഘടനാ നേതാക്കളുടെ പരാതി.

ഒറ്റനോട്ടത്തില്‍ തീരദേശത്ത് മത്സ്യത്തൊഴിലാളികള്‍ക്കും മറ്റു പരമ്പരാഗത താമസക്കാര്‍ക്കും ഗുണകരമാണ് ഇളവുകള്‍. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസമേഖലകളിലടക്കം നിര്‍മാണ നിയന്ത്രണ ദൂരപരിധി 50 മീറ്ററാക്കി ചുരുക്കിയതും ഭവന നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും നേരത്തേയുണ്ടായിരുന്ന തടസ്സങ്ങള്‍ ഒഴിവാക്കിയതും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായേക്കാം. എന്നാല്‍ പരിസ്ഥിതി ദുര്‍ബല മേഖല എന്ന പരിഗണനപോലും ഇല്ലാതെ വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധുത കല്‍പ്പിക്കുന്നത് തീരദേശ നിവാസികളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. മാറുന്ന കാലത്തിനനുസൃതമായി വിനോദ സഞ്ചാര മേഖല പരിപോഷിപ്പിക്കുകയും തൊഴിലവസരം സൃഷ്ടിക്കുകയുമാണ് റിസോര്‍ട്ടുകളും ഹോട്ടലുകളും നിര്‍മിക്കാനുള്ള അനുമതിയെന്നാണ് സര്‍ക്കാര്‍ ഭാഷ്യമെങ്കിലും ഇത് തീരദേശങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ കൈയടക്കാനും തലമുറകളായി അവിടങ്ങളില്‍ താമസിച്ചുവരുന്ന മത്സ്യത്തൊഴിലാളികള്‍ അന്യാധീനമാകാനും ഇടയാക്കിയേക്കുമെന്നാണ് കടലോര നിവാസികളുടെ ഭീതി. കടല്‍ത്തീരത്ത് വിനോദസഞ്ചാര സൗകര്യം മുന്‍നിര്‍ത്തി ശൗചാലയങ്ങള്‍, കുടിനീര്‍ വിതരണം, വസ്ത്രങ്ങള്‍ മാറുന്നതിനുള്ള സൗകര്യം എന്നിവക്കായി താത്കാലിക നിര്‍മിതികള്‍ക്കുള്ള അനുമതിയും വികസന നിരോധിത മേഖലയിലൂടെ ദേശീയ പാതയോ സംസ്ഥാന പാതയോ കടന്നുപോകുന്നുണ്ടെങ്കില്‍ റോഡിനോടു ചേര്‍ന്ന് കടലിന്റെ ദിശയില്‍ താത്കാലിക ടൂറിസം സൗകര്യങ്ങള്‍ അനുവദിക്കുന്നതും റോഡിനോടു ചേര്‍ന്ന കരഭാഗ മേഖലയില്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും മറ്റു ടൂറിസം സൗകര്യങ്ങളും സംസ്ഥാനത്തെ നിലവിലുള്ള ചട്ടങ്ങള്‍ക്കു വിധേയമായി നിര്‍മിക്കാനുള്ള ഇളവുമെല്ലാം കടല്‍ തീരങ്ങളില്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും നിറയാന്‍ ഇടയാക്കും. അതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് വല നന്നാക്കാനും വള്ളങ്ങള്‍ കയറ്റിവക്കാനും മീന്‍ ഉണക്കാനുമുള്ള ഇടങ്ങള്‍ നഷ്ടപ്പെടുകയും അവരുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
കായലും കടല്‍ തീരങ്ങളും കൈയടക്കി അനധികൃതമായി ഫഌറ്റുകളും സമുച്ചയങ്ങളും കെട്ടിപ്പൊക്കിയവര്‍ക്കും ഇളവ് ഗുണകരമായേക്കും. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ തീരദേശ സംസ്ഥാനങ്ങളിലും കേരളത്തിന്റെ തീരപ്രദേശങ്ങളിലും വ്യാപകമായും അനധികൃത കെട്ടിടങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതിനെതിരെ സുപ്രീംകോടതിയിലടക്കം നിയമ നടപടികളുമുണ്ട്. വേമ്പനാട് കായലിലും തീരങ്ങളിലുമായി നടന്ന കൈയേറ്റങ്ങള്‍ സംബന്ധിച്ച് കേരള ഹൈക്കോടതി സ്വമേധയാ ആണ് കേസെടുത്തത്. പാവപ്പെട്ടവന്റെ പേരില്‍ നടപ്പാക്കുന്ന നിയമങ്ങളും ഇളവുകളും അവസാനം സമ്പന്നനും മാഫിയകള്‍ക്കും വേണ്ടിയായി മാറുന്ന പ്രതിഭാസമാണ് തീരദേശ നിയമ ഭേദഗതിയിലും കാണാനാകുന്നത്.